കേരളാ എക്സ്പ്രസിലെ എസി കംപാർട്ട്മെന്റിൽ ഞങ്ങൾ അഞ്ചുപേരല്ലാതെ ഒരാൾ കൂടിയുണ്ട്. പൊക്കം കുറഞ്ഞ് സാമാന്യത്തിലധികം വണ്ണമുള്ള ഒരു പെൺകുട്ടി. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള പുറപ്പാടിലായിരുന്നു ഞങ്ങൾ. പവിഴ ദ്വീപ് വീണ്ടും മാടി വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു. അതിന്റെ ആഹ്ലാദം പങ്കിട്ട്, ബഹളം വച്ച് പൊതിച്ചോർ കഴിക്കുന്നു, കട്ലറ്റ് കഴിക്കുന്നു. ആ ബഹളത്തിനിടയിൽ, ഒട്ടും അലോസരം പ്രകടിപ്പിക്കാതെ കയ്യിൽ ഒരു പുസ്തകവും പിടിച്ചിരിപ്പാണ് ആ പെൺകുട്ടി. ഇടയ്ക്കെപ്പോഴോ ഒരു ഫോൺ വന്നപ്പോഴാണ് ഡോക്ടർ ആണെന്ന് മനസിലായത്. “ഡോക്ടറാണല്ലേ? ഏത് ഹോസ്പിറ്റലിലാ?” എന്ന എന്റെ ചോദ്യത്തിന് പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അധ്യാപികയാണെന്ന് മറുപടി. ഡോ. ആര്യയെ ഞാൻ പരിചയപ്പെടുന്നത് ഇങ്ങനെയാണ്. ആലുവയിൽ ഞങ്ങൾ ഇറങ്ങുമ്പോഴേയ്ക്കും ആര്യ ഞങ്ങളിൽ ഒരാളായി മാറിയിരുന്നു. മറ്റുള്ളവരിൽ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്ന പലതുമുണ്ട്. പ്രതിസന്ധികളെ ഇത്രയും പോസിറ്റീവായി നേരിടുന്ന ഒരു പെൺകുട്ടിയെ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല.
1991 ൽ അംബാലികയുടേയും ബാബുക്കുട്ടന്റെയും മകളായി കരുനാഗപ്പള്ളിയിലാണ് ഡോ. ആര്യയുടെ ജനനം. ഒരു സാധാരണ കുടുംബം. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത്, അച്ഛന്റെ നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം. കൃഷ്ണപുരം വിദ്യാപീഠത്തിലായിരുന്നു പ്ലസ് ടു വരെ പഠനം. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം. കുട്ടിക്കാലം മുതൽ ഡോ.ആര്യ എന്ന് എഴുതി തുടങ്ങിയ ആര്യയ്ക്ക് ഡോക്ടർ ആവുകയായിരുന്നു ചിരകാലാഭിലാഷം, അതും ജനറൽ സർജൻ. എന്നും ഒപ്പമുണ്ടായിരുന്ന പാട്ടും ഡാൻസും എഴുത്തുമൊക്കെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതിനായി ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ആര്യ. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകളിൽ സർജറിയാണ് തന്റെ മേഖലയെന്ന് ആര്യ തിരിച്ചറിഞ്ഞു. എല്ലാ വർഷവും ഡിസ്റ്റിങ്ഷനോടെ പാസായ അവൾ അപ്പോഴും വായന നെഞ്ചോട് ചേർത്തുപിടിച്ചു. മുഴുവൻ സമയം പഠിത്തത്തിൽ മുഴുകുമ്പോഴും പാട്ടും ഡാൻസും എഴുത്തും ഉള്ളിൽ തുളുമ്പി നിന്നിരുന്നു.
മെഡിക്കൽ കോളജിൽ സൗഹൃദങ്ങൾ നന്നേ കുറവായിരുന്നു ആര്യയക്ക്. എന്നാൽ കോളജിൽ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട രഞ്ജുവെന്ന രാഷ്ട്രീയ പ്രവർത്തകൻ വളരെ പെട്ടെന്ന് അടുത്ത സുഹൃത്തായിമാറി. കമ്യൂണിസ്റ്റായ അപ്പൂപ്പനായിരുന്നു കുട്ടിക്കാലത്ത് ആര്യയുടെ ഹീറോ. അപ്പൂപ്പനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ കുട്ടി ആര്യയ്ക്ക്. അപ്പൂപ്പന്റെ കമ്മ്യൂണിസ്റ്റ് ചിന്താഗതി തന്നെയായിരുന്നു രഞ്ജുവിനും. പിന്നെ യാത്രകളോടും വായനയോടും അയാൾക്കുള്ള പ്രിയവും. അതായിരുന്നു അയാളിലേക്കവൾ ആകർഷിക്കപ്പെട്ടത്.
2017ൽ പിജിക്കുള്ള തയ്യാറെടുപ്പിനിടയിലാണ് വീട്ടുകാർ വിവാഹാലോചന തുടങ്ങുന്നത്. അപ്പോഴാണ് രഞ്ജുവിനോടുള്ള സൗഹൃദത്തിന്റെ നിറം താനറിയാതെ മാറിയതായി ആര്യ തിരിച്ചറിയുന്നത്. പിന്നൊട്ടും താമസിച്ചില്ല രഞ്ജുവിനെ തേടി ആര്യയുടെ കോളെത്തുന്നു.
“വീട്ടുകാർ എനിക്ക് വിവാഹമാലോചിക്കുന്നു. എനിയ്ക്ക് നിങ്ങളെ വിവാഹം കഴിക്കാനാണ് ഇഷ്ടം. വീട്ടിൽ പറഞ്ഞോട്ടെ?” എന്നോ ആ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു രഞ്ജു. പിന്നൊട്ടും താമസിച്ചില്ല, രണ്ടാളും കൂടി പോയി വിവാഹം രജിസ്റ്റർ ചെയ്തു. മോൾക്കൊരു ഡോക്ടറെ തേടിയ അമ്മയ്ക്കു മുന്നിൽ തന്റെ ആഗ്രഹം നടത്തിയെടുക്കുക അത്ര എളുപ്പമല്ലെന്ന് ആര്യയ്ക്കറിയാമായിരുന്നു. ഒരു വർഷത്തിനു ശേഷം, 2018 ൽ ആര്യയുടെ വാശിക്കുമുന്നിൽ അമ്മ അയഞ്ഞു. വാശിപിടിച്ച് ആദ്യമായി നേടിയെടുത്തതായിരുന്നു എന്റെ ഭർത്താവിനെയെന്ന് പറയുമ്പോൾ ആര്യയുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം! രഞ്ജു ഉണ്ടാക്കിയ ആകാശത്തിലാണ് താനിപ്പോൾ പറന്നു നടക്കുന്നതെന്ന് ആര്യ. ഇത് കേൾക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും ഒരസൂയ തോന്നാം. പലരും ആകാശത്ത് പാറി നടക്കുമ്പോഴും പലപ്പോഴും ആ പട്ടത്തിന്റെ ചരട് ഭൂമിയിലുള്ള ഒരാളുടെ കയ്യിലാവും. എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണയ്ക്കുന്ന ഒരാളെ ഭർത്താവായി കിട്ടിയതാണ് തന്റെ ജീവിത വിജയമെന്ന് ആര്യ ആവേശത്തോടെ പറയുന്നു.
കെട്ടുപാടുകളും ആചാരങ്ങളും കാറ്റിൽ പറത്തി ജീവിക്കാനാഗ്രഹിച്ച പെൺകുട്ടി. വിവാഹ ദിവസം, ആലപ്പുഴ നിന്നും വരന്റെ വീടായ തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. വധൂവരന്മാർ വഴിയ്ക്കിറങ്ങി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന മാമൂലുകൾ കാറ്റിൽ പറത്തി ആര്യയും രഞ്ജുവും. വഴിമധ്യേ കഴക്കൂട്ടം അൾസാജിൽ കയറി ചിക്കൻ ടിക്കയും പെറോട്ടയും കഴിച്ച അനുഭവം അമര്‍ത്തിപ്പിടിച്ച ചിരിയോടെയാണ് ആര്യ പങ്കുവച്ചത്. അന്നേ ദിവസം രാത്രിയിൽ കെഎഫ് സി ചിക്കൻ കഴിക്കാൻ പോയ കഥപറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.
വിവാഹ ശേഷമാണ് താൻ ശരിയ്ക്കും ജീവിതം ആസ്വദിച്ചു തുടങ്ങിയതെന്ന് ഡോ. ആര്യ. ഇന്ത്യ മുഴുവൻ ബുള്ളറ്റിൽ കറങ്ങിയ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ആര്യയുടെ മുഖത്ത് അന്നത്തെ അതേ സാഹസികതയുടെ പ്രകാശം. ജീവിതത്തിലെ പ്രിയപ്പെട്ട ഒരാൾക്കൊപ്പം ലക്ഷ്യങ്ങളില്ലാത്ത യാത്രകൾ. അതെത്തുന്നത് കന്യാകുമാരിയിലാവാം, കാശ്മീരിലാവാം, പഞ്ചാബിലാവാം. ആ യാത്രകൾക്ക് വല്ലാത്തൊരു സുഖമുണ്ട്. സാഹസിക യാത്രകൾ തന്നെയാണ് രണ്ടുപേർക്കും ഒരുപോലെ പ്രിയം. ചില രസകരമായ അനുഭവങ്ങളും ആര്യ പങ്കുവച്ചു.
“2018 ഏപ്രിലിൽ ആണ്. ഞാൻ ഉറക്കത്തിലായിരുന്നു. രാത്രി രണ്ട് മണി ആയിട്ടുണ്ടാവണം. രഞ്ജു തട്ടിവിളിക്കുന്നു. എഴുന്നേൽക്ക്, നമുക്ക് ഒരു യാത്ര പോവാം. ഉറങ്ങിയാൽ ബോധമില്ലാത്ത ഞാൻ, ഡ്രസ് പാക്ക് ചെയ്യേണ്ടേ എന്നൊക്കെ പാതി മയക്കത്തിൽ ചോദിക്കുന്നു. എല്ലാം ഞാൻ എടുത്തിട്ടുണ്ട്. നീ കാറിൽ കിടന്നുറങ്ങിക്കോയെന്ന് രഞ്ജു. കാറിൽ കയറി കിടന്നുറങ്ങിയ ഞാൻ കണ്ണു തുറക്കുമ്പോൾ കന്യാകുമാരിയെത്തിയിരുന്നു. സൂര്യോദയം കാണണമെന്ന് തോന്നി. പുറപ്പെട്ടു… ഇങ്ങനെയാണ് ഞങ്ങളുടെ പല യാത്രകളും.”
2018 ൽ തന്നെയായിരുന്നു ബുള്ളറ്റിൽ ഇന്ത്യ ചുറ്റൽ. വീട്ടുകാരറിയാതെ അത്യാവശ്യ വസ്ത്രങ്ങളുമെടുത്ത് ഒരു ദിവസം ബുള്ളറ്റിൽ യാത്ര തിരിക്കുന്നു. കാശ്മീരും പഞ്ചാബും മുഴുവൻ ബുള്ളറ്റിൽ കറങ്ങി. പഞ്ചാബ് യാത്രക്കിടയിലുമുണ്ടായി ചില രസകരമായ സംഭവങ്ങൾ. കരിമ്പിൻ തോട്ടം സന്ദർശിച്ച സമയം. കരിമ്പ് പിന്നീട് വാങ്ങാമെന്ന് പറഞ്ഞ രഞ്ജുവിനോട്, ”നമുക്ക് കട്ടെടുക്കാം” എന്ന് പറഞ്ഞതും അവർ കൈയ്യോടെ പിടിച്ചതും പങ്കുവയ്ക്കുമ്പോൾ ആര്യയിലെ കുട്ടി അറിയാതെ പുറത്തേയ്ക്ക് ചാടുന്നു. മറ്റൊരു ദിവസം ഭാംഗ് കുടിച്ച് ബുള്ളറ്റോടിച്ച് സുവർണ്ണക്ഷേത്രത്തിലെത്തുന്നു ആര്യയും രഞ്ജുവും. ഭാംഗിന്റെ ലഹരിയിൽ. അവിടെ ഛർദ്ദിച്ച ആര്യയെ കൊണ്ടുതന്നെ അവിടം വൃത്തിയാക്കിയ പഞ്ചാബികളുടെ രൂപം ഇന്നും ആര്യയുടെ തെളിഞ്ഞ ഓർമ്മയിലുണ്ട്. ഇങ്ങനെ ജീവിതം വളരെ രസകരമായി മുന്നോട്ട് പോവുമ്പോഴാണ് വിധി വില്ലനായെത്തുന്നത്.
പിജി അവസാന വർഷം പഠിക്കുമ്പോഴാണ് കഴുത്തിൽ ചെറിയ ഒരു മുഴ ആര്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. എഫ്എൻഎസിയിൽ അത് ക്യാൻസറാണെന്ന് കണ്ടെത്തിയപ്പോൾ, ഡോക്ടറായിട്ടും മറ്റേതൊരു പെൺകുട്ടിയേയും പോലെ ആര്യയും ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു. അന്ന് ആര്യയ്ക്ക് പ്രായം ഇരുപത്തിയൊമ്പത്. ക്യാൻസർ, ശാരീരികമായി മാത്രമല്ല മാനസികമായും രോഗിയെ തളർത്തുമെന്ന് ഡോ.ആര്യ തിരിച്ചറിയുന്നു. മരുന്നിനൊപ്പം മനസുറപ്പ് കൂടിയുണ്ടെങ്കിലേ ക്യാൻസറെന്ന ഭീകരതയെ അതിജീവിക്കാനാവൂവെന്ന് മനസിലാക്കിയ അവൾ തന്റെ ലഹരിയായ വായനയിലേയ്ക്ക് മടങ്ങുന്നു. സർജറി കഴിഞ്ഞ് വിശ്രമിച്ചിരുന്ന ആ രണ്ടാഴ്ചക്കാലത്ത് വായിച്ചു തീർത്തത് പതിമൂന്ന് പുസ്തകങ്ങൾ. അതിലധികവും പൗലോ കൊയ് ലോയുടെ പുസ്തകങ്ങളായിരുന്നു. ഇടവേളകളിൽ യുട്യൂബ് നോക്കി ഛായാചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചു. സർജറി ചെയ്ത ഡോക്ടറുടെ ഛായാചിത്രം വരച്ച്, ജന്മദിനത്തിൽ സമ്മാനമായി നൽകി അദ്ദേഹത്തെ ഞെട്ടിച്ചു. ചിന്തകൾ കാടുകയറുമ്പോഴെല്ലാം വായനയിലും വരയിലും മുഴുകി. രോഗത്തെക്കുറിച്ച് ആലോചിക്കാൻ ആര്യയ്ക്ക് സമയമുണ്ടായിരുന്നില്ല.
തൈറോഡക്ടമിയോടെ, പാടാനുള്ള കഴിവ് നഷ്ടപ്പെട്ടു. ഇതിനിടയിൽ കോവിഡ് ബാധിതയായ ആര്യ ഗില്ലൻ ബാരി സിൻഡ്രോം* പിടിപെട്ട് എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലായി. കിടപ്പിലായ അവളുടെ മനസും ശരീരവും വീണ്ടും തളർന്നു. ചികിത്സകൾ കാരണം ശരീരഭാരം അമിതമായി കൂടി. അതോടെ തനിക്കിനി ഡാൻസ് ചെയ്യാനാവില്ലെന്നും അവൾ കരുതി. പാട്ടും ഡാൻസുമില്ലാത്ത ജീവിതം. പക്ഷേ “നിനക്ക് പാടാനും ഡാൻസ് ചെയ്യാനും കഴിയും. ഈ കാലവും കടന്നുപോവുമെന്ന്” രഞ്ജു അവളുടെ ചെവിയിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു. ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ ഒപ്പമുള്ളയാളുടെ പിന്തുണ നൽകുന്ന ഊർജ്ജം ചെറുതല്ല. തളർന്ന മനസിനോടവൾ മന്ത്രിച്ചു, ഞാൻ തിരിച്ചു വരും. ആര്യയുടെ ഇച്ഛാശക്തിക്കു മുന്നിൽ രോഗം വളരെ വേഗം അടിയറവ് പറയുകയായിരുന്നു. നഷ്ടപ്പെട്ടതൊക്കെയും അവൾ തിരിച്ചു പിടിക്കാൻ തുടങ്ങി. ചികിത്സയുടെ ഫലമായുണ്ടായ അമിതവണ്ണം ഒഴികെ. അതവൾ അവഗണിച്ചു. ചുരുക്കത്തിൽ, വരയും, വായനയും, രഞ്ജുവും ചേർന്നപ്പോൾ ഡോ. ആര്യ ക്യാൻസറിനെ അതിജീവിച്ചു.
അക്കാലത്ത് ആര്യയ്ക്ക് വട്ടപ്പാറ എസ് യുടി മെഡിക്കൽ കോളജിലായിരുന്നു ജോലി. കുട്ടികളില്ല. ക്യാൻസറാണ്. നാട്ടുകാരും ബന്ധുക്കളും രഞ്ജുവിനോട് ചോദിച്ചു തുടങ്ങി, “എന്തിനാ ജീവിതം നശിപ്പിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചു കൂടേ?” അതിന് രഞ്ജുവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. “എന്റെ ഭാര്യയ്ക്ക് ക്യാൻസറാണ്. അത് പനി പോലെയേയുള്ളൂ. പനിപിടിച്ചാൽ ഭാര്യയെ നിങ്ങൾ ഉപേക്ഷിക്കോ? നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ആര്യയും രഞ്ജുവും പാലക്കാടേയ്ക്ക് മാറി. ഒരു പറിച്ചു നടീൽ അവര്‍ക്ക് ആശ്വാസമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആര്യ പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജോലിയിൽ പ്രവേശിച്ചു. ജീവിതം മുന്നോട്ട് പോവെ, തൃശ്ശൂർ അമല മെഡിക്കൽ കോളജിൽ ഒരൊഴിവുള്ളതായി അറിഞ്ഞു. അമലയിൽ എത്തിയതോടെ തന്റെ ജീവിതം മാറിയെന്ന് ആര്യ. രഞ്ജുവിനെപ്പോലെ അമലയും ആര്യയ്ക്ക് നൽകിയ പോസിറ്റീവ് എനർജി ചെറുതല്ല. ഇനി ആര്യ പറയട്ടെ; “എനിക്ക് പൊക്കം കുറവാണ്. ഓവർ വെയിറ്റാണ്. ഗില്ലൻ ബാരി സിൻഡ്രോമിനെ തുടർന്ന് ഫ്ലാറ്റ് ഫുട്ട് വന്നിരുന്നു. അതോടെ ജീവിതത്തിലൊരിയ്ക്കലും നൃത്തം ചെയ്യാൻ കഴിയില്ലാന്ന് തോന്നി. ബട്ട് ഇഫ് ദെർ ഈസ് എ വിൽ, ദെർ ഈസ് എ വേ’ എന്നാണല്ലോ. ഇതൊന്നും ഒന്നിനും തടസമാവില്ലാന്ന് ഞാൻ തിരിച്ചറിഞ്ഞു. തൈറോഡക്ടമിയോടെ നഷ്ടപ്പെട്ട എന്റെ പഴയ ശബ്ദം തിരിച്ചു കിട്ടുമെന്ന് ഞാൻ കരുതിയതേയല്ല.
പക്ഷേ, തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. രണ്ടും കല്പിച്ച്, ക്ലാസിക്കൽ മ്യൂസിക്കും ഡാൻസും പഠിക്കാൻ തുടങ്ങി. പതിയെ പതിയെ കൈവിട്ടുപോയതെല്ലാം ഞാൻ തിരിച്ചുപിടിച്ചു. ഇന്ന് ഞാൻ നന്നായി പാട്ട് പാടുന്നു. ഡാൻസ് ചെയ്യുന്നു. പ്രൊഫഷണൽ ഗായികയാവാനോ നർത്തകി ആവാനോ അല്ല. പാട്ടും നൃത്തവും എന്റെ പാഷനാണ്. അമലയിൽ ഒരു മ്യൂസിക് ബാൻഡ് ഉണ്ടാക്കി. തൃശ്ശൂർ പൂരം എക്സിബിഷന് ഞങ്ങളുടെ ബാൻഡിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. നല്ല അഭിപ്രായങ്ങൾ കേട്ടു. ഡോക്ടർമാരുടെ ഒരു ഡാൻസ് ട്രൂപ്പുണ്ടാക്കി. എന്റെ പരിമിതികൾ മറികടന്ന് ഞാൻ ഡാൻസ് ചെയ്യുന്നു. ലണ്ടൻ മലയാളം റേഡിയോയിൽ ആർജെയായി പ്രവർത്തിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കുന്നു. ജീവിതാഭിലാഷമായ ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍ ഡോ. ആര്യ. സാഹസികയാത്രകൾ പഴയതുപോലെ നടക്കുന്നു. പക്ഷേ, ഔദ്യോഗിക തിരക്കുകൾ കാരണം യാത്രകൾ കേരളത്തിനുള്ളിൽ ഒതുങ്ങുന്നു. കേരളം മുഴുവൻ കാണുക, കേരളത്തെ അറിയുക അതാണ് ഇപ്പോഴത്തെ ലക്ഷ്യം.”
ഇപ്പോൾ ഡോ. ആര്യ തിരക്കിലാണ്. പരിമിതികളെ അതിജീവിച്ചുണ്ടാക്കിയ തിരക്ക്. ഒരു സർജന്റെ ഔദ്യോഗിക തിരക്കിനിടയിലും സോഷ്യൽ മീഡിയയിലും ആര്യ സജീവമാണ്. അപ്പോഴും പ്രിയപ്പെട്ടൊരാളെ പോലെ നെഞ്ചോട് ചേർത്തൊരു പുസ്തകമുണ്ടാവും. സർജറികൾക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ പോലും വായനയിൽ മുഴുകുന്ന ഈ ലേഡി സർജൻ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഒരത്ഭുതമാണ്, ഒപ്പം ഏറെ പ്രിയപ്പെട്ടവളും. തോന്നുമ്പോഴെല്ലാം ട്രെയിൻ കയറി തൃശൂരിൽ നിന്നും ഇടപ്പള്ളിയിലെത്തി 120 രൂപയുടെ ബിരിയാണി ചായ കുടിച്ച് മടങ്ങുന്ന കാര്യം ആര്യ പറയുമ്പോൾ എനിയ്ക്ക് വിശ്വസിക്കാനായില്ല. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവാനുള്ള ഊർജ്ജം അവൾ കണ്ടെത്തുന്നത് ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിലും തന്റേതായ സന്തോഷം കണ്ടെത്തുന്ന ഈ പെൺകുട്ടി, സമാനതകളില്ലാത്ത അതിജീവനത്തിന്റെ പ്രതീകമാണ്. അവളുടെ ഇച്ഛാശക്തിക്ക് മുന്നിൽ പരിമിതികൾ മുട്ടുമടക്കുന്നു.
*മനുഷ്യന്റെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ ആരോഗ്യകരമായ നാഡികോശങ്ങളിലെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.