28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 26, 2024
September 23, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024
August 26, 2024

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടുന്നു; പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
August 26, 2021 11:15 am

കോവിഡ്‌  വ്യാപനത്തിനിടെ പൊതുആസ്തി വിറ്റഴിക്കല്‍ സജീവമാക്കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.  ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ എന്നിവ അടക്കം ദേശീയ ആസ്‌തി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള നടപടിക്രമം കേന്ദ്രം പ്രഖ്യാപിച്ചു. 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 20 ഇനം ആസ്‌തി യാണ് വില്‍ക്കുന്നത്.നാല്‌ വർഷത്തിനകം രാജ്യത്തെ 400 റെയിൽവേസ്‌റ്റേഷൻ വിൽക്കാൻ കേന്ദ്രസർക്കാർ പദ്ധതി. 90 പാസഞ്ചർ ട്രെയിനും 1400 കിലോമീറ്റർ ട്രാക്കും സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കും.741 കിലോമീറ്ററുള്ള കൊങ്കൺറെയിൽവേയും സ്വകാര്യവൽക്കരിക്കും. 265 ഗുഡ്‌സ്‌ ഷെഡ്ഡ്‌, നാല്‌ ഹിൽ റെയിൽവേ, 673 കിലോമീറ്റർ ചരക്ക്‌ ഇടനാഴി എന്നിവയും വിൽക്കാൻ ധനമന്ത്രി പ്രഖ്യാപിച്ച ‘ആസ്‌തി പണമാക്കൽ നടപടിക്രമത്തിൽ’ പദ്ധതിയിടുന്നു.15 റെയിൽവേ സ്‌റ്റേഡിയവും സർക്കാർ കൈയൊഴിയും. റെയിൽവേ കോളനികള്‍  റിയൽഎസ്‌റ്റേറ്റുകാർക്ക്‌ വിട്ടുകൊടുക്കും. മൊത്തം 1.52 ലക്ഷം കോടി രൂപയ്‌ക്കാണ്‌ ഇതെല്ലാം വിൽക്കുക. പവർഗ്രിഡ്‌ കോർപറേഷന്റെ 400 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള  വിതരണശൃംഖല സ്വകാര്യമേഖലയ്‌ക്ക്‌ നല്‍കും. ബിഎസ്‌എൻഎല്ലിന്റെ 13,567 ടവറും എംടിഎൻഎല്ലിന്റെ 1,350 ടവറും 2022–-23ൽ വിൽക്കും. 8800 കോടിയാണ്‌ വിലയിട്ടത്. ഭാരത്‌നെറ്റ്‌ ഫൈബർ 2022–-23, 2023–-24 വർഷങ്ങളിലായി 26,300 കോടിക്ക്‌ കൈമാറും.

കേരളം, കർണാടക മേഖലയിലെ ഭാരത്‌നെറ്റ്‌ ശൃംഖല ഒറ്റ പാക്കേജായി നൽകും. രാജ്യത്തെ 14 പ്രകൃതി വാതക പൈപ്പ്‌ലൈനിൽ രണ്ടെണ്ണം നടപ്പ്‌ സാമ്പത്തികവർഷം സ്വകാര്യവൽക്കരിക്കും. 1414 കിലോമീറ്ററുള്ള ധാബോൾ–-ബംഗളൂരു, 815 കിലോമീറ്ററിന്റെ ദാഹേജ്‌–-ഉറാൻ–-പൻവേൽ–-ധാബോൾ എന്നിവയാണ്‌ ആദ്യം വിൽക്കുന്നത്‌.നിതി ആയോഗാണ്‌ കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്‌. സ്‌റ്റേഡിയങ്ങൾ, പ്രകൃതിവാതക പൈപ്പ്‌ലൈനുകൾ, ഹോട്ടലുകള്‍, പാർപ്പിടസമുച്ചയങ്ങള്‍, ടെലികോം ടവറുകൾ എന്നിവയും വിട്ടുകൊടുക്കും. പൊതു–-സ്വകാര്യപങ്കാളിത്ത പദ്ധതികൾ, അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്‌റ്റുകൾ പോലുള്ള മൂലധന കമ്പോള സംവിധാനങ്ങൾ എന്നിവ വഴിയാണ്‌ ആസ്‌തികൾ കൈമാറുക. ഓരോ മേഖലയുടെയും പ്രത്യേകത, വിപണി താൽപ്പര്യം, നിക്ഷേപകരുടെ ശേഷി, പ്രവർത്തനസൗകര്യം എന്നിവ പരിഗണിച്ച്‌ തീരുമാനമെടുക്കും.നടപ്പ്‌  ബജറ്റിൽ വിഭാവനംചെയ്‌ത ആസ്‌തിവിൽപ്പനയുടെ മൂല്യം  88,190 കോടി രൂപയാണ്‌. ഇതിനു തുടർച്ചയായി 2022–-23ൽ 1.62 ലക്ഷം കോടി, 2023–-24ൽ  1.79 ലക്ഷം കോടി, 2024–-25ൽ 1.67 ലക്ഷം കോടി എന്നീ ക്രമത്തിൽ  ആസ്‌തികൾ  കൈമാറും. പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരിവിൽപ്പന വഴി സ്വകാര്യവൽക്കരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ പ്രോത്സാഹനം നൽകും.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വർഗപരമായ ദൗത്യം നടപ്പാക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് ഓരോ ദിവസവും നമ്മുടെ രാജ്യം കാണുന്നത്. സർക്കാരിന്റെ, പൊതുമേഖലയുടെ ആസ്തി വിൽപ്പനയെന്ന വിപുല പദ്ധതി ആ ദൗത്യത്തിലെ പ്രധാനപ്പെട്ട ഒരിനമാണ്. ഇത് കോർപറേറ്റ് അജൻഡയുടെയും മുഖ്യ ലക്ഷ്യമാണ്. നാലു വർഷത്തിനകം ഇരുപതിനം ആസ്തികൾ വിറ്റഴിച്ച് ആറു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചത് ഈ അജൻഡയുടെ ഭാഗംതന്നെ. ഹിന്ദുത്വത്തിന്റെയും കോർപറേറ്റ് ധനമൂലധന പ്രമാണിമാരുടെയും താൽപ്പര്യങ്ങൾ ഒരു മറയുമില്ലാതെ നടപ്പാക്കുന്ന പ്രഖ്യാപനമായി മാറിയിരിക്കുന്നു. നാടിന്റെ വിലപ്പെട്ട ആസ്തികൾ സ്വദേശത്തെയും വിദേശത്തെയും കോർപറേറ്റ് മുതലാളിമാർക്ക് ചുളുവിലയ്ക്ക് വിറ്റഴിക്കുന്നതിന്റെ വിശദമായ പദ്ധതിയും പ്രഖ്യാപിക്കുകയുണ്ടായി.

“ദേശസ്നേഹി‘കളെന്നു സ്വയം പ്രഖ്യാപിച്ച് രാജ്യഭരണം നടത്തുന്ന ബിജെപി രാജ്യംതന്നെ വിറ്റഴിച്ചുകൊണ്ടാണ്ടിരിക്കുകയാണ്.നൂറു വർഷത്തിനിടെ ഇന്ത്യ കാണാത്ത ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. മോദി സർക്കാരിന്റെ “ആത്മ നിർഭർ’ പദ്ധതിയെക്കുറിച്ചും കൊട്ടിഘോഷിച്ചു. റോഡുകൾ, വൈദ്യുതി ഉൽപ്പാദന––വിതരണ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, സ്പോർട്സ് സ്‌റ്റേഡിയങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ട്രെയിനുകൾ, വെയർഹൗസുകൾ എന്നിവയെല്ലാം വിൽപ്പനയുടെ പട്ടികയിലുണ്ട്. 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആസ്തികൾ വിറ്റഴിക്കും. കോഴിക്കോട്‌ വിമാനത്താവളവും വിൽപ്പനപ്പട്ടികയിലുണ്ട്‌. പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അതുവഴി സാമ്പത്തികവളർച്ച നേടുന്നതിനുമാണ് ഈ വിറ്റഴിക്കലെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. അത് വസ്തുതയല്ല. സർക്കാർ കോർപറേറ്റുകൾക്ക് വലിയ തോതിൽ ഇളവുകൾ നൽകുന്നതുമൂലം ചെലവിന് പണമില്ല. അതുകൊണ്ടുതന്നെ ധനകമ്മി വർധിക്കുന്നു. ആ കമ്മി നികത്തുകയാണ് വിൽപ്പനയുടെ ഒരു ലക്ഷ്യം.

അപ്പോൾ, കോർപറേറ്റുകൾക്ക് രണ്ടു തരത്തിൽ സഹായം. നികുതിയിളവുകൾ വഴി ഒരു വശത്ത്, പൊതു ആസ്തികൾ ചുളുവിലയ്ക്ക്‌ നൽകി മറുവശത്ത്. ഇന്ത്യ വൻ സാമ്പത്തികത്തകർച്ചയും തൊഴിലില്ലായ്മയുമാണ് അഭിമുഖീകരിക്കുന്നത്. കോവിഡ് വ്യാപനത്തോടെ എവിടെയും പ്രതിസന്ധി രൂക്ഷമായി. അടിത്തട്ടിലെ സാധാരണ മനുഷ്യരുടെ ജീവിതം ദയനീയാവസ്ഥയിലാണ്. ഇത് പരിഹരിക്കണമെങ്കിൽ പൊതു മുതൽ മുടക്ക് വർധിക്കണം. അതുവഴി തൊഴിലും വരുമാനവും വർധിക്കണം. അതിനൊന്നും മുതിരാതെ, സ്വകാര്യവൽക്കരണവും ആസ്തി വിൽപ്പനയുമൊക്കെ നടപ്പാക്കുന്നത് മോദി സര്‍ക്കാരിന്‍റെ രാജ്യതാൽപ്പര്യമല്ല., മറിച്ച് കോര്‍പ്പറേറ്റുകള്‍ക്കുള്ള അടിയറവ് ആയിട്ടേകാണാന്‍ കഴിയും.

Eng­lish sum­ma­ry; As the covid expan­sion inten­si­fies, the cor­po­rate inter­ests of the cen­tral gov­ern­ment increase

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.