3 March 2026, Tuesday

അശ്വിനി കുമാര്‍ വധം :എന്‍ഡിഎഫ് പ്രവര്‍ത്തകന് ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം 
November 5, 2024 10:15 am

ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്കിന് ജീവപര്യന്തം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ആണ് വിധി പറഞ്ഞത്.

എൻഡിഎഫ്‌ പ്രവർത്തകരായിരുന്ന പ്രതികളിൽ 13 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. 2005 മാർച്ച് പത്തിനാണ്‌ ബസിൽ യാത്രചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ കുത്തിക്കൊലപ്പെടുത്തിയത്. ജീപ്പിലെത്തിയ പ്രതികൾ ബസ് തടഞ്ഞാണ്‌ കൊല നടത്തിയത്‌. ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്നു അശ്വിനികുമാർ.

പുന്നാട്ടെ എൻഡിഎഫ്‌ പ്രവർത്തകൻ മുഹമ്മദ്‌ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകം. കേസിൽ വെറുതേവിട്ടവരിൽ യാക്കൂബ്‌, കരാട്ടെ ബഷീർ എന്നിവർ സിപിഐ എം പ്രവർത്തകൻ ദിലീപൻ വധക്കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുകയാണ്‌. ഒന്നാം പ്രതി അസീസിനെ നാറാത്ത്‌ ആയുധപരിശീലനക്കേസിൽ എൻഐഎ കോടതിയും എട്ടാം പ്രതി ഷമീറിനെ ലഹരിക്കേസിൽ വടകര കോടതിയും ശിക്ഷിച്ചിരുന്നു. പാരലൽ കോളേജ്‌ അധ്യാപകനായിരുന്ന അശ്വിനികുമാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇരിട്ടി പുന്നാട്‌ മേഖലയിൽ വ്യാപക അക്രമവും കൊള്ളയും നടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.