22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 10, 2024
September 20, 2024
September 7, 2024
January 13, 2023
November 8, 2022
July 5, 2022
July 5, 2022
June 28, 2022
May 7, 2022

കാസര്‍കോടുകാരുടെ പാലപ്പൂവന്മാര്‍ക്ക് ഇനി പ്രത്യേക സുരക്ഷ

പയസ്വിനിയില്‍ ഉള്ളത് റെഡ് ഡാറ്റാ ലിസ്റ്റിലെ ഭീമന്‍ ആമ
Janayugom Webdesk
കാസര്‍കോട്
November 8, 2022 10:57 pm

വംശനാശ ഭീഷണി നേരിടുന്ന അതീവ സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന കാസര്‍കോടുകാരുടെ പാലപ്പൂവന്‍ എന്ന ഭീമന്‍ ആമയെ സംരക്ഷിക്കാന്‍ സാമൂഹ്യവനവല്കരണ വിഭാഗം പ്രത്യേകം പദ്ധതി നടപ്പിലാക്കുന്നു. ഇരിയണ്ണി പാണ്ടിക്കണ്ടം മേഖലയില്‍ പയസ്വിനിയിലാണ് ഭീമന്‍ ആമകളെ കണ്ടെത്തിയിട്ടുള്ളത്. സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ വിഭാഗത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണിത്. ആമകളുടെ പ്രജനന സമയമായ ഡിസംബര്‍-ജനുവരി മാസങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മണല്‍ ഖനനം, വലയും ചൂണ്ടയും ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മാലിന്യനിക്ഷേപം, ആമയെ വേട്ടയാടല്‍, ആമയുടെ മുട്ട ഉപയോഗം തുടങ്ങിയവയൊക്കെ ഭീമനാമകളുടെ അതിജീവനത്തിന് ഭീഷണിയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ ബോധവല്ക്കരണം നല്‍കും. പുഴയിലെ മണല്‍ ഖനനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും.

മത്സ്യബന്ധന സമയത്ത് ചൂണ്ടയിലും വലയിലും കുടുങ്ങുന്നതും ഇവയ്ക്ക് ഭീഷണിയാണ്. തൊട്ടടുത്തുള്ള ബാവിക്കര ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ ആമകളുടെ മുട്ടകള്‍ വെള്ളത്തിനടിയിലാവുന്നതും ഇവയുടെ പ്രജനനത്തിന് തിരിച്ചടിയാവുന്നുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആമകളുടെ സംരക്ഷണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. 2021 മേയ് മാസത്തില്‍ പ്രത്യേക മണല്‍ ബെഡ്ഡില്‍ വച്ച് ഭീമനാമയുടെ 50 മുട്ടകളില്‍ 36 എണ്ണം വിരിയിച്ചു. പ്രദേശത്തെ അരിയില്‍ വനസംരക്ഷണ സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യവനവല്ക്കരണ വിഭാഗവും ഭീമനാമകളുടെ സംരക്ഷണത്തിനായി സജീവമായി രംഗത്തുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീമനാമകളെ കണ്ടെത്തിയിട്ടുള്ളത് നിലവില്‍ പയസ്വിനിയിലാണ്. ഗുജറാത്തിന്റെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും തീരത്താണ് കേരളം കഴിഞ്ഞാല്‍ ഭീമനാമകളെ കണ്ടുവരുന്നത്.

ഏഷ്യന്‍ ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ അഥവാ കന്റോര്‍സ് ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നറിയപ്പെടുന്ന ഭീമനാമ ശുദ്ധജല ആമകളില്‍ ലോകത്ത് വലുപ്പം കൂടിയതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ച്വര്‍) ന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയായ റെഡ് ഡാറ്റാ ലിസ്റ്റില്‍ ആണ് ഭീമനാമ. പേരുപോലെ തന്നെ ഒരു മീറ്റര്‍ വരെ നീളവും 100 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. നീന്തുമ്പോള്‍ മൂക്കിനുമുന്നില്‍ പാലപ്പൂവിനെ പോലെയുള്ള ഭാഗം കാണുന്നതിനാലാണ് പ്രദേശവാസികള്‍ ഭീമന്‍ ആമയെ പാലപ്പൂവന്‍ എന്ന് വിളിക്കുന്നത്.

2018ലെ കടുത്ത വരള്‍ച്ചയില്‍ ചന്ദ്രഗിരിപ്പുഴയില്‍ നെയ്യങ്കയം ഭാഗത്ത് പുഴ വറ്റി വരണ്ടതിനെ തുടര്‍ന്ന് മീനുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ചത്തുപൊങ്ങിയിരുന്നു. തുടര്‍ന്ന് ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ വനംവകുപ്പും ജൈവവൈവിധ്യ ബോര്‍ഡും ആലോചന നടത്തി. തുടര്‍ന്ന് ചത്തുപൊങ്ങിയ ജീവികളുടെ കണക്കെടുത്തപ്പോഴാണ് പ്രദേശവാസികള്‍ പാലപ്പൂവന്‍ എന്ന ആമയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം നല്‍കുന്നത്. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ ജൈവവൈവിധ്യത്തെ കുറിച്ച് ജൈവവൈവിധ്യ ബോര്‍ഡും ഗവേഷകരും വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവിലാണ് ഭീമന്‍ ആമകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുപി സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ആയുഷി ജെയിന്‍ ജില്ലയില്‍ നടത്തിയ ഗവേഷണത്തിലാണ് ലോകത്തിന്റെ ശ്രദ്ധ കാസര്‍കോട്ടെ ഭീമന്‍ ആമകളിലേക്കുമെത്തിയത്.

Eng­lish Summary:asian gaint soft­shell Tur­tle in kasargod
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.