22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
January 1, 2026
December 28, 2025

രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചത് പരാജയ കാരണം

Janayugom Webdesk
December 4, 2023 5:00 am
അടുത്തവർഷം ആദ്യപകുതിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഡ്രെസ്റിഹേഴ്സലെന്നോ സെമിഫൈനലെന്നോയൊക്കെ വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിന്റെയും ഫലം പുറത്തുവന്നു. അഞ്ചാമത്തെ സംസ്ഥാനമായ മിസോറാമിന്റെ തെരഞ്ഞെടുപ്പുഫലം ഇന്ന് അറിവാകും. പുറത്തുവന്ന നാല് ഫലങ്ങളിൽ മൂന്നും ബിജെപിക്ക് അനുകൂലമായി. കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിലേയും ഛത്തീസ്ഗഢിലെയും അട്ടിമറിരാഷ്ട്രീയത്തിലൂടെ കാവിപ്പാർട്ടി പിടിച്ചെടുത്ത മധ്യപ്രദേശിലേയും ബിജെപിയുടെ വ്യക്തമായ വിജയം സൃഷ്ടിച്ച ഞെട്ടലും അമ്പരപ്പും മുഖ്യ ദേശീയപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിവൃത്തങ്ങളിൽ പ്രകടമാണ്. തെലങ്കാനയിലെ വിജയം മാത്രമാണ് കോൺഗ്രസിന് അല്പമെങ്കിലും സമാശ്വാസമാകുന്നത്. കോൺഗ്രസ് പാർട്ടിയിൽ സ്വതസിദ്ധമായ ചേരിപ്പോരുകളും പാർട്ടിനേതൃത്വത്തിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസവും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അടുത്തകാലത്തായി വളർന്നുവന്ന ഐക്യശ്രമങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ വിശ്വാസത്തിലെടുത്ത് ഒരുമിച്ച് മുന്നേറാൻ കാണിച്ച വൈമനസ്യവുമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് ഏറെ വിശകലനങ്ങൾ കൂടാതെതന്നെ വിലയിരുത്തുന്നതിൽ തെറ്റില്ല. രാഹുൽഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’യും കർണാടക തെരഞ്ഞെടുപ്പിൽ കൈവരിച്ച വിജയവും തങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന വ്യാമോഹത്തിൽ രാഷ്ട്രീയയാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കോൺഗ്രസ് നേതൃത്വത്തെ അന്ധരാക്കി. ബിജെപിയും സംഘ്പരിവാറും മുന്നോട്ടുവയ്ക്കുന്ന പ്രതിലോമ ഹിന്ദുത്വ പ്രത്യാശാസ്ത്രവും അവർ അവലംബിക്കുന്ന വിദ്വേഷരാഷ്ട്രീയവും സാമൂഹിക, രാഷ്ട്രീയ ഗാത്രത്തിൽ ആഴത്തിലുണ്ടാക്കിയ വേരോട്ടവും തിരിച്ചറിയാതെ മൃദുഹിന്ദുത്വംകൊണ്ട് അതിനെ നേരിടാമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ തികഞ്ഞ മൗഢ്യമായിരുന്നുവെന്നും തെരഞ്ഞെടുപ്പുഫലങ്ങൾ തെളിയിക്കുന്നു.
പതിറ്റാണ്ടുകളായി ആർഎസ്എസും അവരുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയവും സൃഷ്ടിച്ച ആശയ ദുസ്വാധീനവും സംഘടനാ ശേഷിയും കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ബിജെപി ആർജിച്ച അളവറ്റ സാമ്പത്തിക വിഭവശേഷിയും കുത്തക മൂലധന പിന്തുണയും പ്രയോഗത്തിൽ കൊണ്ടുവന്ന രാഷ്ട്രീയ കുതന്ത്രങ്ങളും നേരിടാൻ തങ്ങളും തങ്ങൾ വാടകയ്ക്കെടുത്ത വിദഗ്ധരുടെ ഉപദേശവും മതിയാകുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് ഈ തെരഞ്ഞെടുപ്പിൽ നിലംപൊത്തിയത്. ക്ഷേമപദ്ധതികൾ വോട്ട് സമാഹരിക്കാനുള്ള തന്ത്രം മാത്രമായി മാറുകയും കർഷകരും തൊഴിലാളികളും തൊഴിൽരഹിതരായ ചെറുപ്പക്കാരുമടക്കം അടിസ്ഥാന ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തത് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അവരെ കേവലം കാഴ്ചക്കാരാക്കി മാറ്റി. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാൻ നടത്തിയ മത്സരത്തിൽ തീവ്രഹിന്ദുത്വം വിജയിക്കുക മാത്രമല്ല അതിന്റെ ഇരകളായി മാറിയ മതന്യൂനപക്ഷങ്ങളെ കോൺഗ്രസിൽനിന്നും അകറ്റി. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പ്രധാന പങ്കാളികളായി വിവിധ സംസ്ഥാനങ്ങളിൽ വർത്തിക്കേണ്ട സമാജ്‍വാദിപാർട്ടി, സിപിഐ, സിപിഐ (എം) അടക്കം ഇടതുപാർട്ടികൾ തുടങ്ങി പ്രതിപക്ഷപാർട്ടികളെ അർഹവും പരിമിതവുമായ തോതിൽപോലും പരിഗണിക്കാൻ വിസമ്മതിച്ചതിന് കോൺഗ്രസ് വലിയ വിലയാണ് നൽകേണ്ടിവന്നതെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ കണക്കുകൾ തെളിയിക്കും.

ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കാലത്തെ കേന്ദ്ര റിപ്പോര്‍ട്ടുകള്‍


തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ കേവലം അങ്കഗണിതമല്ലെന്നും മുന്നണി രാഷ്ട്രീയത്തിന്റെ കരുത്ത് പ്രതിയോഗിയുടെ കണക്കുകൂട്ടലുകളെ തകിടംമറിക്കാൻ മതിയായതാണെന്നും തിരിച്ചറിയാൻ അധികാരമോഹം മാത്രം പോരാ. അതിന് ചരിത്രബോധവും അനുഭവസമ്പത്തും കൂടിയേതീരൂ. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ മരവിപ്പിച്ച പ്രവർത്തനം പുനരാരംഭിക്കാൻ കോൺഗ്രസ് മുന്നോട്ടുവന്നതായാണ് വാർത്തകൾ. ചൊവ്വാഴ്ച സഖ്യത്തിന്റെ യോഗം രാഷ്ട്രതലസ്ഥാനത്ത് വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയവും അയോധ്യയിലെ രാമക്ഷേത്ര സമർപ്പണവും സൃഷ്ടിക്കുന്ന വൈകാരിക അന്തരീക്ഷം മുതലെടുത്ത് ബിജെപി സർക്കാർ പൊതുതെരഞ്ഞെടുപ്പ് കാലേകൂട്ടി നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഇന്ത്യൻ ജനാധിപത്യത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ഭരണഘടനയെയും അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും തൊഴിൽപരവുമായ അവകാശങ്ങളെയും സംബന്ധിച്ചിടത്തോളം നിർണായകമായ പോരാട്ടമാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും മുന്നിലുള്ളത്. ആ ബോധ്യത്തോടെ വിട്ടുവീഴ്ചാമനോഭാവത്തോടെയും അർഹിക്കുന്ന വേഗതയോടെയും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കു മുന്നേറാൻ പ്രതിപക്ഷ ഇന്ത്യാ മുന്നണിക്ക് കഴിയണമെന്നാണ് ജനാധിപത്യ മതേതര ശക്തികൾ ആഗ്രഹിക്കുന്നതും ഉറ്റുനോക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.