നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിൽ സീറ്റ് ഉറപ്പിക്കാനുള്ള ചക്കളത്തിപ്പോരുകളും മുന്നണിയിലെ ഘടകകക്ഷികളുടെ മണ്ഡലങ്ങൾ നോട്ടമിട്ടുള്ള തന്ത്രം മെനയലും തകൃതിയെന്ന് റിപ്പോർട്ടുകൾ. രണ്ടും മൂന്നും പേർ അവകാശികളുള്ള മണ്ഡലങ്ങളിൽ സ്വന്തം പേരിന് പ്രചരണം കിട്ടുന്നതിനുള്ള അടവുകളും ‘സ്ഥാനാർത്ഥികൾ’ പയറ്റുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് ആസന്നമായ നിലമ്പൂരും പത്തനംതിട്ട ജില്ലയിലെ ആറന്മുള, അടൂർ എന്നീ നിയോജക മണ്ഡലങ്ങളിലടക്കം ചിലയിടങ്ങളിലുമാണ് പോരിന് തുടക്കമായിരിക്കുന്നതെന്നാണ് ഒരു സമൂഹ മാധ്യമ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. നിലമ്പൂരിൽ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി എസ് ജോയി എന്നിവരാണ് പ്രതിയോഗികൾ. എഐസിസിയും കെപിസിസിയും നിയോഗിച്ച രണ്ട് സംഘങ്ങൾ സർവേയും മറ്റുമായി പാർട്ടിക്കുള്ളിലെ ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ്. ആരാണ് ആര്യാടൻ ഷൗക്കത്ത് എന്ന ചോദ്യവുമായി, ഡിസിസി പ്രസിഡണ്ടിനായി പി വി അൻവറും കളം നിറഞ്ഞിട്ടുണ്ട്. ആറമ്മുളയിൽ ഭൈമീകാമുകന്മാർ പലരുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ അധ്യക്ഷനുമാണ് നേർക്കുനേർ നിൽക്കുന്നത്. ജില്ലാ പ്രസിഡന്റ് മണ്ഡലത്തിലുള്ളയാളാണ്. ഉപാധ്യക്ഷൻ പുറത്തുള്ളയാളും. ഇരു കൂട്ടർക്കും വേണ്ടി ചേരിയും രൂപപ്പെട്ടു കഴിഞ്ഞു.
ജില്ലയിലെ മറ്റൊരു മണ്ഡലമായ അടൂരിലും സമാന സ്ഥിതിയാണ്. കെപിസിസി യുടെ സാംസ്കാരിക സമിതി ജനറല്‍ സെക്രട്ടറിയും നഗരസഭയുടെ ആദ്യ ചെയർമാനുമാണ് ഗോദായിൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റിനായി ഇരുകൂട്ടരും തമ്മിൽ അങ്കം മുറുകിയിരുന്നു. സമൂഹ മാധ്യമങ്ങളെയും പരമാവധി ഉപയോഗിച്ചു. ഒടുവിൽ, മുൻ നശസഭാധ്യക്ഷനാണ് നറുക്ക് വീണത്. ഇക്കുറി അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുനീക്കങ്ങളിലാണ് മറുപക്ഷം.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരും ആലപ്പുഴയിലെ കുട്ടനാടും ജോസഫ് കേരളാ കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാണ്. ഏറ്റുമാനൂരിൽ ചില പ്രാദേശിക പ്രശ്നങ്ങളുയർത്തിയുള്ള സമരമാണ് അതിനുള്ള തുറുപ്പ്ചീട്ടെങ്കിൽ, കുട്ടനാട്ടിൽ സീറ്റ് കച്ചവടം ആരോപിച്ചാണ് നീക്കം. എന്നാൽ, കോൺഗ്രസിന്റെ ഉള്ളിലിരുപ്പ് കാലേക്കൂട്ടി കണ്ട് ഇരു മണ്ഡലത്തിലും ജോസഫ് ഗ്രൂപ്പ് പ്രവർത്തനത്തിന് തുടക്കമിടുകയും ചെയ്തു. അതേ സമയം, കഴിഞ്ഞ തവണത്തേതിനെക്കാൾ ഇത്തവണ കൂടുതൽ സീറ്റ് എന്ന നിലപാടിലാണ് മുന്നണിയിലെ കേരളാ കോൺഗ്രസുകൾ. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷിയുമായുള്ള ചർച്ചയിൽ അവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.