
നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹരായ മുഴുവനാളുകൾക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള ഇടപെടൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കാനാകാതെ വന്നപ്പോൾ എസ്‌ഐആറിന്റെ മറവിൽ അത് നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹതപ്പെട്ട വോട്ടർമാർ പലരും പുറത്താണ്. അനധികൃതമായി വോട്ടർപട്ടികയിൽ ഇടംപിടിച്ചവരെ ഒഴിവാക്കുകയും. അതിന് സഹായകരമായ നിലപാടല്ല ഇലക്ഷൻ കമീഷൻ സ്വീകരിക്കുന്നത്. ചില ബൂത്തുകളിൽ 400ാളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. ഇതേ സാഹചര്യം കേരളത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. പട്ടിക പരിശോധിച്ചപ്പോൾ പല സംസ്ഥാനങ്ങളിലുമുള്ളവർ ഇൗ പട്ടികയിൽ കടന്നുവന്നിട്ടുണ്ട്. ഒട്ടനവധി അപാകങ്ങൾ നിലനിൽക്കുന്നുണ്ട്. പൗരന്റെ അവകാശം എന്ന നിലയിൽ വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്താനാവശ്യമായ സഹായമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. വോട്ടർപട്ടിക കുറ്റമറ്റതാകാതെ തെരഞ്ഞെടുപ്പ് നടന്നാൽ നീതി പൂർവകമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 21ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാൽ അപാകം പരിഹരിക്കാൻ ചരുങ്ങിയത് രണ്ടാഴ്ചയെങ്കിലും അനുവദിച്ച ശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാവൂ. എസ്‌ഐആർ നടപടികളിൽ പ്രതിഷേധസൂചകമായി എൽഡിഎഫ് നേതൃത്വത്തിൽ ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് സംഘടിപ്പിക്കും. തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്രമോദിയും, പിണറായിയും ചേർന്നാണ് എസ്‌ഐആർ നടപ്പിലാക്കുന്നതെന്ന് തെറ്റായ പ്രചാരണമാണ് യുഡിഎഫ് അഴിച്ചുവിട്ടത്. വസ്തുതാവിരുദ്ധമായ നിലപാട് സ്വീകരിച്ച് ജനങ്ങളെ യുഡിഎഫ് പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.