22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 10, 2024
October 8, 2024
October 7, 2024
October 7, 2024
September 18, 2024
July 18, 2024
July 12, 2024
June 26, 2024
June 26, 2024

നിയമസഭാ സമ്മേളനം സമാപിച്ചു

ഒന്‍പതാം സമ്മേളന നടപടികളുടെ സംക്ഷിപ്ത വിവരണം
Janayugom Webdesk
September 14, 2023 8:43 pm

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചു. ഓഗസ്റ്റ് ഏഴിന് ആരംഭിച്ച് 24ന് അവസാനിക്കുന്ന നിലയില്‍ 12 ദിനങ്ങള്‍ ചേരാനാണ് ആദ്യ കലണ്ടര്‍ തയ്യാറാക്കിയിരുന്നതെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് സമ്മേളനം താല്കാലികമായി നിര്‍ത്തിവയ്ക്കുകയും നേരത്തെ നിശ്ചയിച്ച ദിവസങ്ങള്‍ ഒഴിവാക്കി ഇടവേളയ്ക്ക് ശേഷം സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ വീണ്ടും ചേരുകയായിരുന്നു. പ്രധാനമായും നിയമനിര്‍മ്മാണത്തിനു വേണ്ടിയാണ് ഈ സമ്മേളനം ചേര്‍ന്നതെന്നും സ്പീക്കര്‍ എ എൻ ഷംസീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിയമസഭാംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായിരുന്ന വക്കം ബി പുരുഷോത്തമന്റെയും നിര്യാണം സംബന്ധിച്ച ചരമോപചാരത്തോടെ ആദ്യ ദിനം പിരിഞ്ഞു. ഉപതെരഞ്ഞെടുപ്പു നടന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ സത്യപ്രതിജ്ഞ കൂടി ഈ സമ്മേളനത്തില്‍ നടന്നു എന്ന അപൂര്‍വ്വത കൂടി ഈ സമ്മേളനത്തിന്റെ ഒരു പ്രത്യേകതയാണ്.

സഭയുടെ മുന്‍ സമ്മേളനകാലത്ത് രൂപീകരിക്കപ്പെട്ട സെലക്ട് കമ്മിറ്റികളുടെ പരിഗണന പൂര്‍ത്തീകരിച്ചുവന്ന രണ്ട് ബില്ലുകളും 2023–24 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും ഉള്‍പ്പെടെ ആകെ 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ സഭ പാസാക്കി. ബില്ലുകള്‍ക്ക് പൊതുഭേദഗതി ഉള്‍പ്പെടെ ആകെ 5549 ഭേദഗതി നോട്ടീസുകളാണ് ലഭ്യമായത്. അവയില്‍ 2685 നോട്ടീസുകള്‍ അംഗങ്ങള്‍ ബില്ലിന്റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. വിവിധ ബില്ലുകളുടെ പരിഗണനാവേളയില്‍ 138 ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സ്വീകരിക്കുകയുണ്ടായി. സഭ സമ്മേളിച്ച ആകെ സമയമായ 64 മണിക്കൂര്‍ 58 മിനിട്ടില്‍ 31 മണിക്കൂര്‍ 24 മിനിറ്റും നിയമ നിര്‍മ്മാണത്തിന് മാത്രമായിട്ടാണ് വിനിയോഗിച്ചത്.

2023ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ബില്‍, 2023ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ (ചില കോര്‍പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതല്‍ പ്രവര്‍ത്തികള്‍) രണ്ടാം ഭേദഗതി ബില്‍, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്‍, 2022ലെ കേരള സഹകരണ സംഘ ബില്‍, 2023ലെ കേരള സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുക്കല്‍ (ഭേദഗതി) ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ സഭ പാസാക്കി.

ഈ സമ്മേളന കാലത്ത് ഏഴ് ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്രചിഹ്നമിടാത്തതുമായി ആകെ 3186 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 22 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 23 എണ്ണം പിന്‍വലിച്ചു. ശേഷിച്ചവയില്‍ 210 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 2931 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 3141 ചോദ്യങ്ങള്‍ അച്ചടിക്കുകയും ആയതില്‍ ഒരു ചോദ്യം പിന്‍വലിക്കുകയും ചെയ്തു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 210 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 2594 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തുതന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. 336 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ട്. ചോദ്യോത്തര വേളകളില്‍ 32 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. സഭാതലത്തില്‍ 234 ഉപചോദ്യങ്ങള്‍ ഉന്നയിക്കുകയും മന്ത്രിമാര്‍ അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.

വിവിധ സമ്മേളനങ്ങളിലെ നക്ഷത്രചിഹ്നമിടാത്ത മൂന്ന് ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവന സഭയില്‍ സമര്‍പ്പിച്ചിരുന്നു. ഒരു അടിയന്തരചോദ്യം സംബന്ധിച്ച നോട്ടീസ് ലഭിച്ചെങ്കിലും ചട്ടപ്രകാരമുള്ള കാരണങ്ങളാല്‍ അനുമതി നല്കുകയുണ്ടായില്ല.

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പുമന്ത്രി, റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പുമന്ത്രി, ജലവിഭവ വകുപ്പുമന്ത്രി, വൈദ്യുതി വകുപ്പുമന്ത്രി, വനം — വന്യജീവി വകുപ്പുമന്ത്രി, നിയമം, വ്യവസായം, കയര്‍ വകുപ്പുമന്ത്രി, തദ്ദേശസ്വയംഭരണം — എക്സൈസ് വകുപ്പുമന്ത്രി, കൃഷി വകുപ്പുമന്ത്രി, തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുമന്ത്രി, സഹകരണ-രജിസ്ട്രേഷന്‍, സാംസ്കാരികം വകുപ്പുമന്ത്രി, ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി വകുപ്പുമന്ത്രി, പൊതുവിദ്യാഭ്യാസ‑തൊഴില്‍ വകുപ്പുമന്ത്രി, മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പുമന്ത്രി, ഗതാഗത വകുപ്പുമന്ത്രി, ഭക്ഷ്യ‑പൊതുവിതരണ വകുപ്പുമന്ത്രി, മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പുമന്ത്രി, ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പുമന്ത്രി എന്നിവര്‍ ഈ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്.

സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള ഏഴ് നോട്ടീസുകളാണ് സഭ പരിഗണിച്ചത്. അതില്‍ സോളാര്‍ കേസ് ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് സംബന്ധിച്ചും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുമുള്ള രണ്ട് നോട്ടീസുകള്‍ക്ക് അവതരണാനുമതി ലഭിക്കുകയും തുടര്‍ന്ന് സഭ ഇപ്പോള്‍ നിര്‍ത്തിവയ്ക്കുന്നു എന്ന പ്രമേയത്തിന്മേല്‍ രണ്ട് മണിക്കൂറിലധികം സമയം വീതം സഭയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഏക സിവില്‍ കോഡ് സംബന്ധിച്ചും സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നത് സംബന്ധിച്ചും ചട്ടം 118 പ്രകാരമുള്ള രണ്ട് ഗവണ്‍മെന്റ് പ്രമേയങ്ങള്‍ ഈ സമ്മേളനകാലയളവില്‍ സഭ ഐകകണ്ഠേന പാസ്സാക്കുകയുണ്ടായി.

സംസ്ഥാനത്തുണ്ടായിട്ടുള്ള നിപ വ്യാപനം സംബന്ധിച്ച് ചട്ടം 300 പ്രകാരം ബഹുമാനപ്പെട്ട ആരോഗ്യ‑വനിത‑ശിശുവികസന വകുപ്പുമന്ത്രി പ്രസ്താവന നടത്തി.

ആദ്യം നിശ്ചയിച്ച കലണ്ടര്‍ പ്രകാരം അനൗദ്യോഗിക കാര്യങ്ങള്‍ക്കായി രണ്ടു വെള്ളിയാഴ്ചകള്‍ നീക്കിവച്ചിരുന്നെങ്കിലും സമ്മേളന ദിവസങ്ങള്‍ വെട്ടിച്ചുരുക്കിയതിനാല്‍ അനൗദ്യോഗിക കാര്യങ്ങള്‍ ഈ സമ്മേളനകാലത്ത് സഭയുടെ പരിഗണനയില്‍ വന്നില്ല. സമ്മേളന കാലയളവില്‍ 14 ശ്രദ്ധക്ഷണിക്കലുകളും 105 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു. സമ്മേളനത്തിലാകെ 611 രേഖകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും നിരവധി നിയമസഭാ കമ്മിറ്റികളുടേതായ 78 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.

Eng­lish sum­ma­ry; Assem­bly ses­sion concluded

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.