11 February 2026, Wednesday

Related news

February 6, 2026
February 6, 2026
February 5, 2026
January 28, 2026
January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025

നിയമസഭാ സമ്മേളനം 20ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
January 14, 2026 10:59 pm

നിലവിലെ നിയമസഭയുടെ 16-ാം സമ്മേളനം 20ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനം മാർച്ച് 26 വരെ 32 ദിവസം ചേരാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനമാണിത്. 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. 2026 — 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റവതരണം 29ന് നടക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച. ഫെബ്രുവരി അഞ്ചിന് അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തികവർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ എന്നിവയും പരിഗണിക്കും. 

ഫെബ്രുവരി ആറ് മുതൽ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. 24 മുതൽ മാർച്ച് 19 വരെയുള്ള 13 ദിവസം ധനാഭ്യർത്ഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസാക്കും. 2025–26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026–27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. ഈ മാസം 23, ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും. സര്‍ക്കാര്‍ കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. നിശ്ചയിച്ചിട്ടുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ച് മാർച്ച് 26ന് സഭ പിരിയും. പതിനഞ്ചാം നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളിൽ ആകെ 182 ദിവസം സഭ ചേരുകയും 158 ബില്ലുകൾ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.