
യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നീ രാജ്യങ്ങളുമായി പൂര്‍ണ തോതിലുള്ള യുദ്ധത്തിലാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പെസഷ്കിയാന്റെ പ്രസ്താവന.
1980കളിൽ ഇറാഖുമായി നടത്തിയ മാരകമായ യുദ്ധത്തേക്കാൾ മോശമാണ് പാശ്ചാത്യരാജ്യങ്ങളുമായുള്ള യുദ്ധമെന്നും പരമോന്നത നേതാവ് അയത്തൂള്ള അലി ഖമേനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പെസഷ്കിയാന്‍ പറഞ്ഞു. അമേരിക്കയുമായും ഇസ്രയേലുമായും യൂറോപ്പുമായും പൂർണ തോതിലുള്ള യുദ്ധത്തിലാണ്. ഇറാന്‍ സ്ഥിരതയോടെ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 1980–1988 കാലഘട്ടത്തിൽ ഇരുവശത്തുമായി ഒരു ദശലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഇറാഖുമായുള്ള യുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറാനെതിരായ പാശ്ചാത്യ യുദ്ധം കൂടുതൽ സങ്കീർണവും ബുദ്ധിമുട്ടുള്ളതുമാണ്.
നെതന്യാഹുവിന്റെ യുഎസ് സന്ദർശന വേളയിൽ ഇറാന്‍ പ്രധാന ചര്‍ച്ച വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണിൽ 12 ദിവസത്തെ വ്യോമാക്രമണത്തിനിടെ ഇറാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളിൽ മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 1,100 പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിൽ 28 പേർ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.