സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര നടന്നു . രാജനഗരിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശ ലഹരിയിലാക്കുന്നതായിരുന്നു അത്തച്ചമയ ഘോഷയാത്ര. രാവിലെ പെയ്ത മഴയിലും പൊലിമയൊട്ടും ചോരാതെയാണ് ഘോഷയാത്ര റോഡിലേക്കിറങ്ങിയത്. അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അത്തം നഗറിൽ നിന്നും വെടിക്കെട്ടിന്റെ ശബ്ദമുയർന്നതോടെ പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ ബസ് സ്റ്റാന്റ് റോഡിന്റെ ഇരുവശവും കെട്ടിടങ്ങൾക്ക് മുകളിലും വൻ ജനസഞ്ചയമാണ് ഘോഷയാത്ര കാണാനായി തടിച്ചു കൂടിയത്.
അനൗൺസ്മെന്റ് വാഹനത്തിനു പിന്നാലെ പഴയ കാലത്തെ രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി നകാരയും മാവേലി തമ്പുരാനുമെത്തി. സ്കൂൾ കുട്ടികളുടെ സ്കൗട്ട്സിനും വിവിധങ്ങളായ കലാ സംഘങ്ങൾക്കും പിന്നാലെയെത്തിയ പുലികളി, കരകാട്ടം, പടയണി, ഗരുഡൻ പറവ, കാവടി, ചിന്ത് മേളം, കുമ്മാട്ടി, വിവിധങ്ങളായ തെയ്യങ്ങൾ, ബൊമ്മലാട്ടം, മയിൽ നൃത്തം, കൃഷ്ണനാട്ടം, പുരാണ കഥാപാത്രങ്ങൾ, പ്രച്ഛന്നവേഷ രൂപങ്ങൾ തുടങ്ങി നിരവധിയായ നാടൻ കലാരൂപങ്ങൾ രാജവീഥികൾ നിറഞ്ഞാടി. സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ പകിട്ടേറ്റി.
ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന പ്ലോട്ട് കാണികളുടെ കയ്യടി നേടി. വീഥികളിൽ വർണ്ണത്തിന്റെ മഴവില്ല് വിരിയിച്ച അത്തം ഘോഷയാത്ര നഗരം ചുറ്റി ഉച്ചകഴിഞ്ഞതോടെ അത്തംനഗറിൽ തിരിച്ചെത്തി. സിയോൻ ഓഡിറ്റോറിയത്തിൽ രാവിലെയാരംഭിച്ച പൂക്കള മത്സരങ്ങളുടെ പ്രദർശനം വൈകിട്ട് നടന്നു. അത്തം നഗറിൽ വൈകിട്ട് കലാസന്ധ്യ സംവിധായകൻ വിഷ്ണു മോഹൻ, നടി നിഖിലാ വിമൽ, നടൻ ഹക്കീം ഷാജഹാൻ, അനുമോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇനി ഉത്രാട നാൾ വരെ ലായം കൂത്തമ്പലത്തിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
ചിത്രങ്ങള്‍: വി എൻ കൃഷ്ണപ്രകാശ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.