രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) റിപ്പോര്‍ട്ട്. 2014ല്‍ 127 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് യുസിഎഫ് ഹെല്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംഘടന അറിയിച്ചു. മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവർഷത്തിനിടെ 200ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ 28 ല്‍ 23 സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം. 182 ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുനേരെയുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഡില്‍ 163 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പൊലീസ് അക്രമികള്‍ക്ക് ഒത്താശചെയ്യുന്നതായി പീപ്പിള്‍സ് യൂണിയൻ ഫോർ
സിവിൽ ലിബർട്ടീസ് (പിയുസിഎൽ) നേരത്തെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ക്രൈസ്തവർക്കെതിരായ സംഘടിത ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയിൽ സുപ്രീംകോടതി 2022ൽ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഹിയറിങ് നടന്നിട്ടില്ല. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവർന്നെടുക്കപ്പെടുന്നതിലും യുസിഎഫ് ആശങ്ക രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കായുള്ള സംവരണം നിർത്തലാക്കി.
രാജ്യത്ത് 12 സംസ്ഥാനങ്ങൾ രാഷ്ട്രീയ പ്രേരിതമായ മതപരിവർത്തന നിരോധന നിയമം ആവിഷ്കരിച്ചിട്ടുണ്ട്. യുഎപിഎക്ക് സമാനമായ നടപടികൾ ഉൾപ്പെടുത്തി യുപി സർക്കാർ കൊണ്ടുവന്ന ഭേദഗതിബിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. വിഷയം പഠിക്കാൻ സെക്രട്ടറി തല സമിതി രൂപവത്കരിക്കണം. ദേശീയ ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിലും കഴിഞ്ഞ അഞ്ചുവർഷമായി ക്രൈസ്തവ വിഭാഗത്തിന് പ്രതിനിധിയില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾക്കുനേരെ കേന്ദ്രം കണ്ണടയ്ക്കരുതെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റാ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാർ തുടങ്ങിയ വേഷങ്ങൾ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.