23 December 2024, Monday
KSFE Galaxy Chits Banner 2

ആര്‍ എസ് ഉണ്ണിയുടെ സ്വത്തുതട്ടാൻ ശ്രമം; എൻ കെ പ്രേമചന്ദ്രനെതിരെ വഞ്ചനാകുറ്റവും

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 10:03 am

മുൻ മന്ത്രിയും ആർഎസ്​പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ എസ്‌ ഉണ്ണിയുടെ സ്വത്ത് ​തട്ടാൻ ശ്രമിച്ച കേസിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചനാകുറ്റമടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി ശക്തികുളങ്ങര പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ഇതിനു പുറമെ മോഷണം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് അധികമായി ചേർത്തത്. നേരത്തെ ആർ എസ് ഉണ്ണി ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണൻ ഒന്നും ചെയർമാൻ എൻ കെ പ്രേമചന്ദ്രൻ രണ്ടും പ്രതിയായി അതിക്രമിച്ചു കടക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. 

തുടരന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ വകുപ്പുകൾ ചുമത്തിയത്. ആർ എസ് ഉണ്ണിയുടെ ശക്തികുളങ്ങരയിലെ കുടുംബസ്വത്തിൽ ഫൗണ്ടേഷൻ വ്യാജരേഖ ചമച്ച്‌ വൈദ്യുതി കണക്‌ഷൻ എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ശക്തികുളങ്ങര സ്വദേശികളായ പുഷ്പൻ, ഹരികൃഷ്ണൻ എന്നിവരും കണ്ടാലറിയാവുന്ന ആർഎസ്‌പി പ്രവർത്തകരുമാണ് മറ്റു പ്രതികൾ.

ആർ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്വത്ത്‌ തട്ടാൻ ശ്രമം നടക്കുന്നതായി ആർ എസ് ഉണ്ണിയുടെ ചെറുമകൾ അഞ്ജന വി ജയ്‌ നൽകിയ പരാതിയിലാണ് നടപടി.

Eng­lish Sumam­ry: Attempt to expro­pri­ate RS Unni’s prop­er­ty; And fraud against NK Premachandran

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.