ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും തൃശ്ശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ (27) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
അയ്യപ്പന്‍കാവില്‍ വാടകയ്ക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമിയുടെ കൈയില്‍ കുട്ടി കടിച്ച് പിടി വിടുവിച്ചതും അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ടതുമാണ് രക്ഷയായത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് ഈ കുടുംബത്തെ മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. കഴുത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവതിയുടെ ഭര്‍ത്താവ് കാക്കനാട് സ്മാര്‍ട്ട് സിറ്റി ജീവനക്കാരനാണ്. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ യുവതിയും മൂത്തമകളും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി പന്ത്രണ്ടു വയസ്സുകാരിയായ മൂത്തമകളെയും കൂട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഇതോടെ അക്രമി വീടിനുള്ളിലേക്ക് കയറി. അകത്ത് ഉറങ്ങിക്കിടന്ന ഇളയമകള്‍ അമ്മയുടെ കരച്ചില്‍കേട്ട് എഴുന്നേറ്റ് അലറിക്കരഞ്ഞു. ഇതോടെ അബൂബക്കര്‍ കുട്ടി കിടന്ന മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ബക്കറ്റില്‍ പലതവണ തല മുക്കിപ്പിടിച്ചു.
അബൂബക്കറിന്റെ കൈയില്‍ കുട്ടി ശക്തിയായി കടിച്ചതോടെ ഇയാള്‍ പിടിവിട്ടു. അപ്പോളേക്ക് കുട്ടിയുടെ ബോധം പോയിരുന്നു. കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അബൂബക്കര്‍ വാതില്‍ തുറന്ന് പുറത്തുവന്നു. നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ചു. പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഏറെക്കാലമായി അങ്കമാലിയിലായിരുന്ന അബൂബക്കര്‍ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഈ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന.
English summary; Attempt to kill a seven-year-old girl by breaking into her house; Orphanage inmate arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.