23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 25, 2024
February 25, 2024
February 24, 2024
February 23, 2024
February 20, 2024
February 8, 2024
January 11, 2024
March 7, 2023
March 7, 2023
March 7, 2023

ആറ്റുകാല്‍ പൊങ്കാല: കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണ പാനീയങ്ങളുടെ വിതരണം അനുവദിക്കില്ല

Janayugom Webdesk
തിരുവനന്തപുരം
January 27, 2023 12:57 pm

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോടെ മാത്രമായിരിക്കണം. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നതും ഉത്സവത്തിന്റെ പേരിലുള്ള അനധികൃത പണപ്പിരിവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല. വിവിധ ഭാഗങ്ങളില്‍ നിന്നും നഗരത്തിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അനധികൃതമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പ്രത്യേക സംഘം പരിശോധന നടത്തി നീക്കം ചെയ്യും.
ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെ നിലവിലുള്ള സുരക്ഷാ കാമറകള്‍ക്ക് പുറമെ നിരവധി പുതിയ സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്പനയും തടയാന്‍ കര്‍ശന പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയ്ക്കെത്തുന്നവരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പൊലീസ് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും. 

ഉത്സവപ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും അടിയന്തരമായ നടപടിയുണ്ടാകും. നഗരത്തിലെ തെരുവുവിളക്കുകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ആവശ്യമായ സ്ഥലങ്ങളില്‍ സ്വീവേജ് ശുചീകരണവും നടത്തും. ഉത്സവ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. 

ഭക്തര്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും. യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു, എഡിഎം അനില്‍ ജോസ് ജെ, ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫിസറും സബ് കളക്ടറുമായ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ ശിശുപാലന്‍ നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി ജി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Summary:Attukal Pon­gala: Prepa­ra­tions reviewed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.