15 November 2024, Friday
KSFE Galaxy Chits Banner 2

Related news

February 25, 2024
February 25, 2024
February 24, 2024
February 23, 2024
February 20, 2024
February 8, 2024
January 11, 2024
March 7, 2023
March 7, 2023
March 7, 2023

ആറ്റുകാല്‍ ഉത്സവത്തിന് നാളെ തുടക്കമാകും

കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ 
web desk
തിരുവനന്തപുരം
February 26, 2023 8:47 am

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. മാര്‍ച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്കുശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന്‌ ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്ക് കൈമാറും. സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഈ വര്‍ഷത്തെ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുശേഷം നടക്കുന്ന പൊങ്കാല ഉത്സവമായതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടത്തുക. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 45 ലക്ഷം പേര്‍ ദര്‍ശനത്തിനായി എത്തുമെന്നാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പത്ത് വയസിനും പന്ത്രണ്ട് വയസിനും ഇടക്കുള്ള 747 കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിനായി തെര‍ഞ്ഞെടുത്തിട്ടുള്ളത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പ്രസാദമൂട്ടും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മെസും പ്രവര്‍ത്തിക്കും. 4,000 പൊലീസ് സേനയെയാണ് നിയന്ത്രണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ വോളന്റിയര്‍മാരുടെ സേവനവും ഉറപ്പാക്കും. മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 3,000 പേര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കും നാളെ തുടക്കമാകും. അംബ, അംബാലിക വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് 6.30ന് ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തക ഡോ. പി ഭാനുമതിയെ ക്ഷേത്രം ട്രസ്റ്റ് ആറ്റുകാല്‍ അംബാ പുരസ്കാരം നല്‍കി ആദരിക്കും. പൊങ്കാല ഉത്സവ ദിവസം താലപ്പൊലി ചടങ്ങും നടക്കും. രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്‌ നടക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാല മഹോത്സവം ജനറൽ കൺവീനർ ജി ജയലക്ഷ്‌മി, ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ, ട്രഷറർ പി കെ കൃഷ്‌ണൻ നായർ തുടങ്ങി നിരവധി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം 

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറിന് വൈകിട്ട് ആറ് മുതൽ ഏഴിന് വൈകിട്ട് ആറ് വരെ സമ്പൂർണ മദ്യനിരോധനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യവില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഉത്തരവിറക്കിയത്. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വില്പന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

Eng­lish Sam­mau­ry: thi­iru­vanan­tha­pu­ram Attukal pon­gala mahol­savam tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.