തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്-ഓട്ടോ ചാർജ് പരിഷ്കരിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ഇന്ധന വിലയും അനുബന്ധ ചെലവുകളും ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് നിരക്ക് കൂട്ടിയത്. ബസ് ചാർജ് പരിഷ്കരിച്ചെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയും. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മിഷനെ നിയോഗിക്കാനും തീരുമാനിച്ചു. ഓട്ടോറിക്ഷകൾക്ക് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നൽകണം. ക്വാഡ്രി സൈക്കിളിന് മിനിമം ചാർജ് 35 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ചാർജ്. ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന 1,500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് അഞ്ചു കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1,500 സിസിക്ക് മുകളിലുള്ള ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി കാറുകൾക്ക് മിനിമം ചാർജ് 225 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും.
സിറ്റി, ടൗൺ, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, മൊഫ്യൂസിൽ സർവീസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും 10 രൂപയായി വർധിക്കും. സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ 14 രൂപയിൽ നിന്നും 15 രൂപയും സൂപ്പർഫാസ്റ്റ് സർവീസുകൾ 20 രൂപയിൽ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു. എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, സെമീ സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി, ഹൈടെക് ആൻഡ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്സിൽ സർവീസുകൾ, മൾട്ടി ആക്സിൽ സർവീസുകൾ, ലോ ഫ്ലോർ എയർകണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും. ലോ ഫ്ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു. എസി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.
ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെഎസ്ആര്‍ടിസിക്കായിരിക്കും. ചാര്‍ജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരും. യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് നിരക്ക് വർധിപ്പിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഫെയർസ്റ്റേജ് നിർണയത്തിലെ അപാകതകൾ പരിഹരിച്ചതോടെ യാത്രക്കാരുടെ നിരന്തര പരാതിക്ക് പരിഹാരമായതായും മന്ത്രി പറഞ്ഞു.
English summary;Auto, taxi and bus fares have been increased
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.