7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്‌ഠിച്ചു

Janayugom Webdesk
അയോധ്യ
January 22, 2024 1:53 pm

ബാബറി മസ്ജിദ് തകർത്തിടത്ത് പണിത അയോധ്യയിലെ രാമക്ഷേത്രത്തിൽ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഹിന്ദുത്വത്തിന്റെ പ്രതിഷ്ഠാപനം. ഇന്ത്യയുടെ മതേതര ചരിത്രത്തിന് കളങ്കമായ രാഷ്ട്രീയവേദിയായി വഴിമാറിയ ചടങ്ങില്‍ മുഖ്യയജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാം ലല്ല വിഗ്രഹത്തിന്റെ നേത്രോന്മീലനം നടത്തി. ഇതോടെ ഭരണകൂടവും മതവും തമ്മിലുള്ള നേര്‍ത്ത അതിർവരമ്പും ഇല്ലാതാകുന്ന കാഴ്ചയ്ക്ക് ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയായി. 2025ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുക. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അപൂർണ നിർമ്മിതിയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. ഇതിലൂടെ സാമുദായിക ധ്രുവീകരണവും മതന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് അടുത്ത തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാം എന്നാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ കാർമ്മിക സ്ഥാനത്ത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ നടത്തിയ ചടങ്ങുകളിൽ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കളും ബോളിവുഡ്-കായിക താരങ്ങളും ഉള്‍പ്പെടെ 7,000 വിശിഷ്ടാതിഥികളും ചടങ്ങിനെത്തി. അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 

11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചത്. 12.29.08 സെക്കൻഡിനും 12.30.32 സെക്കൻഡിനും ഇടയിലായിരുന്നു പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള ആഭരണ വിഭൂഷിതമായ വി​ഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുകാരന്റെ രൂപത്തിലുള്ള ശ്രീരാമ വി​ഗ്രഹത്തിന്റെ ശില്പി മൈസുരു സ്വദേശിയായ അരുണ്‍ യോഗിരാജാണ്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കും. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര സമുച്ചയത്തിൽ ക്ഷണിക്കപ്പെട്ട 7,000 ത്തോളം അതിഥികളെ രാഷ്ട്രീയ നേതാക്കളും പുരോഹിതന്മാരും അഭിസംബോധന ചെയ്തു. പുതിയ യുഗത്തിന് തുടക്കമിട്ടെന്നും നൂറ്റാണ്ടുകളായി ഈ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന് ശ്രീരാമനോട് മാപ്പുചോദിക്കുന്നതായും ബാബറി മസ്ജിദ് തകര്‍ക്കലിനെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 

രാമക്ഷേത്രം സാധ്യമാക്കിയത് ഇന്ത്യൻ ജുഡീഷ്യറിയാണെന്നും നീതിന്യായ വ്യവസ്ഥയ്ക്ക് നന്ദി പറയുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കൂടാതെ കര്‍സേവകരുടെ സംഭാവനയെയും മോഡി പ്രസംഗത്തില്‍ സ്മരിച്ചു. രാജ്യം ത്രേതായുഗത്തിലേക്ക് മടങ്ങിയതായി ആദിത്യനാഥ് പറഞ്ഞപ്പോള്‍ രാമരാജ്യത്തിന്റെ ആരംഭമെന്നായിരുന്നു ആര്‍എസ് എസ് മേധാവിയുടെ വാക്കുകള്‍.
ആചാരങ്ങളോടുള്ള മോഡിയുടെ ഭക്തി ഉള്‍പ്പെടെ നിരത്തി തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രഭാഷണങ്ങള്‍. പ്രാണപ്രതിഷ്ഠ കഴിഞ്ഞയുടന്‍ തന്നെ രാമനെ വണങ്ങിനില്‍ക്കുന്ന മോഡിയുടെ ചിത്രവുമായി കൂറ്റന്‍ ഫ്ലക്‌സുകള്‍ അയോധ്യയിലുടനീളം ഉയര്‍ന്നതും വ്യക്തമായ രാഷ്ട്രീയ സൂചനയായി മാറി. 

Eng­lish Sum­ma­ry: Ayo­d­hya Ram Mandir inauguration
You may also like this video

YouTube video player

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.