ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്നും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറി. മതചടങ്ങിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു.
സിപിഐ, സിപിഐ(എം) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് പരസ്യമാക്കിയിട്ടില്ല. അതേസമയം തൃണമൂൽ കോൺഗ്രസ്, ആർജെഡി, ജെഡിയു തുടങ്ങിയ പാർട്ടികൾ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങില്‍ പങ്കെടുക്കില്ലെന്നും പ്രതിനിധികളെ അയക്കില്ലെന്നും തീരുമാനിച്ചതായി ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി എന്നിവര്‍ക്ക് രാം മന്ദിര്‍ ട്രസ്റ്റിന്റെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. തുടക്കത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ഉദ്ഘാടന ചടങ്ങിനെ പിന്താങ്ങി രംഗത്ത് വന്നുവെങ്കിലും പിന്നിട് കളം മാറ്റിച്ചവിട്ടി. തന്നെ ഉദ്ഘാടന ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാജ്യസഭാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന കോണ്‍ഗ്രസ് വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനത്തില്‍ പാര്‍ട്ടിക്കുള്ളിലെ മുസ്ലിം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയമായ നേട്ടമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. വിട്ടുനില്‍ക്കുന്നവരെ ഹിന്ദുവിരുദ്ധരാക്കാനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്.
English Summary;Ayodhya Ram Temple: More parties pulled out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.