അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടുപാധിയാക്കി മാറ്റാന്‍ നീക്കം ശക്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്ര ഉദ്ഘാടന പരിപാടി പരമാവധി പ്രയോജനപ്പെടുത്താന്‍ വിപുലമായ പദ്ധതിയാണ് സംഘ്പരിവാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കടുത്ത വിദ്വേഷ പ്രസ്താവനകളുമായി നേതാക്കളും പുരോഹിതന്മാരും രംഗത്തെത്തി. 1990കളില്‍ കണ്ട അതേരീതിയില്‍ മതവികാരം ഉയര്‍ത്തുകയാണ് ബിജെപി ലക്ഷ്യം. 22ന് നടക്കുന്ന ക്ഷേത്രഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുഖ്യാതിഥി.
ഇന്നലെ ചേര്‍ന്ന ബിജെപി തെരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. രാമക്ഷേത്ര സമരത്തിലും ക്ഷേത്ര നിര്‍മ്മാണത്തിലും ബിജെപിയുടെ പങ്ക് വിശദീകരിക്കുന്ന ലഘുലേഖ തയ്യാറാക്കാനാണ് യോഗത്തിലെ തീരുമാനം. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ വോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ ബൂത്ത് തലത്തിലും പരിപാടികള്‍ സംഘടിപ്പിക്കും. മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ നഷ്ടമായ അടിത്തറ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഹിന്ദി ഹൃദയഭൂമിയിലെ ആധിപത്യത്തിന് കോട്ടമുണ്ടാക്കാതെ നോക്കാനും ഹിന്ദു-മുസ്ലിം വിഭാഗീയത ആളിക്കത്തിക്കുന്നതിലൂടെ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ബിഹാറില്‍ ഇന്നലെ ലവ‑കുശ് യാത്രയ്ക്ക് ബിജെപി തുടക്കം കുറിച്ചു. രാമ‑സീതാ ചരിത്രം സംസ്ഥാനത്തുടനീളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയില്‍ വലിയ സമ്മേളനങ്ങളും യജ്ഞങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമ‑സീതാ ദമ്പതിമാരുടെ മക്കള്‍ എന്നതിന് പുറമെ ലവ‑കുശ് എന്ന പദത്തിന് ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ രണ്ട് വലിയ ജാതി വിഭാഗങ്ങളായ കുഷ്‌വാഹ, കുര്‍മി സമുദായങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. യാത്രയിലൂടെ നിതീഷ്‌കുമാറിന്റെ വോട്ട് ബാങ്കില്‍ പിളര്‍പ്പ് സൃഷ്ടിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ യുപി എന്നിവിടങ്ങളില്‍ ജാട്ട് മേഖലയിലുണ്ടായ തിരിച്ചടി പരിഹരിക്കാമെന്നും വിലയിരുത്തലുണ്ട്. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലേക്ക് രാമക്ഷേത്രത്തിലെ പ്രസാദം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുമെന്ന് ബിജെപി യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഓരോ സംസ്ഥാനത്തും പ്രത്യേകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജെ പി നഡ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഓരോ സംസ്ഥാനത്തു നിന്നും രണ്ട് വീതം പ്രതിനിധികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.