23 January 2026, Friday

‘ബാസിലസ് സബ്റ്റിലിസ്’ സംസ്ഥാന സൂക്ഷ്മാണു; സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം നാടിന് സമര്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 23, 2026 10:28 pm

സൂക്ഷ്മാണു ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബയോ ആയി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗനിയന്ത്രണം, കാർഷിക ഉല്പാദന വർധനവ് എന്നിവയ്ക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലകൾ വികസിപ്പിക്കുന്ന ഉല്പന്നങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരള സ്റ്റാർട്ട്അപ്പ് മിഷന്റെയും അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയുടെയും പ്രതിനിധികളുമായി സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം പ്രതിനിധികൾ ഭാവി സഹകരണങ്ങൾക്കായി ധാരണാപത്രങ്ങൾ കൈമാറി.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെഎസ്‌സിഎസ‌്ടിഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ ആമുഖ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ബിആർഐസി — ആർജിസിബി ഡയറക്ടർ ഡോ. ടി ആര്‍ സന്തോഷ് കുമാർ, കെഎസ്‌സിഎസ‌്ടിഇ മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു, സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ്, സീനിയർ സയന്റിസ്റ്റ് ഡോ. മഹേഷ് എസ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.