കലിക്കറ്റ് സർവകലാശാലാ പൂർവവിദ്യാർഥിനിയുടെ ഇന്റേണൽ മാർക്ക് റദ്ദാക്കിയ ചാൻസിലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. ഇന്റേണൽ മാർക്ക് റദ്ദാക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു.കലിക്കറ്റ് സർവകലാശാലയിൽ വുമൺസ് സ്റ്റഡീസിൽ പിജി വിദ്യാർഥിയായിരുന്ന ഡോ. കെ ഡയാന നൽകിയ ഹർജിയിലാണ് നടപടി.
മുൻ സെനറ്റംഗം ഡോ.ടി മുഹമ്മദലി, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി എം വാസുദേവൻ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സെക്രട്ടറി എം ഷാജർ ഖാൻ എന്നിവർ എതിർ കക്ഷികളായ കേസിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ഇടക്കാല വിധി. മൂന്നാഴ്ചക്കകം എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. യുഡിഎഫ് അനുകൂലികൾ മാർക്കുദാനം ആരോപിച്ച് നൽകിയ പരാതി സ്വീകരിച്ചാണ് ചാൻസലർ ഇന്റേർണൽ മാർക്ക് റദ്ദാക്കിയത്.
2007മുതൽ 2009വരെയാണ് ഡയാന കലിക്കറ്റിൽ പിജിക്ക് പഠിച്ചത്. അന്ന് ഇവരുൾപ്പെടെയുള്ള ചില വിദ്യാർഥികൾ മതിയായ ഹാജർ ലഭിച്ചില്ലെന്ന് വിദ്യാർഥി പ്രശ്നപരിഹാര സമിതിക്ക് പരാതി നൽകിയിരുന്നു. വകുപ്പ് മേധാവിയായിരുന്ന ഡോ. മോളി കുരുവിളക്കെതിരെയുള്ള പരാതി ശരിവച്ച സമിതി എല്ലാവർക്കും ഹാജറിനുള്ള ഇന്റേർണൽ മാർക്ക് നൽകാൻ ഉത്തരവിട്ടു. തുടർനടപടി സ്വീകരിക്കാൻ മോളി കുരുവിളക്കും പരീക്ഷാ കംട്രോളർക്കും നിർദേശവും നൽകി. എന്നാൽ, വർഷങ്ങൾക്കുശേഷം പിഎച്ച്‌ഡി പൂർത്തിയാക്കി പിജി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയപ്പോഴാണ് ഇന്റേർണൽ മാർക്ക് നൽകുന്നതിനുള്ള തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലായത്.
ഇതോടെ ഡോ. മോളി കുരുവിളക്കെതിരെ ഡയാന വൈസ് ചാൻസലർക്ക് പരാതി നൽകി. തുടർന്ന് സിൻഡിക്കറ്റ് ഉപസമിതി നടത്തിയ അന്വേഷണത്തിൽ അർഹമായ മാർക്ക് നൽകുകയും മോളി കുരുവിളക്കെതിരെ നടപടിക്ക് ശുപാർശചെയ്യുകയും ചെയ്തു. നിലവിൽ കലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസിൽ താൽക്കാലിക അധ്യാപികയാണ് ഡയാന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.