20 May 2024, Monday

അത്യുഷ്ണം കായല്‍ ടൂറിസത്തിനും തിരിച്ചടിയായി

Janayugom Webdesk
കോട്ടയം
May 9, 2024 10:22 pm

വേനൽ ചൂട് കുമരകത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. വേനൽച്ചൂടേറിയതോടെ വിനോദ സഞ്ചാരമേഖലയില്‍ തിരക്കൊഴിഞ്ഞു. ആഭ്യന്തര വിനോദ സഞ്ചാരികളെ കാത്തിരുന്ന കുമരകത്തെ ഹൗസ് ബോട്ട്, ബോട്ട് സർവീസ് മേഖലയ്ക്കടക്കം വലിയ നഷ്ടമാണ് നേരിട്ടത്. മധ്യവേനൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം കുമരകം സന്ദർശിക്കാനെത്തുന്നത് കൂടുതലായും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നുള്ള സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് കുമരകത്തെ ഉല്ലാസ ബോട്ടുടമകൾ കാത്തിരുന്നത്. എന്നാൽ ചൂട് കനത്തത് അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവിനെ സാരമായി ബാധിച്ചു. പകൽ സമയത്തൊന്നും കായലിലേക്ക് പോകാൻ ആളുകളെത്തുന്നില്ല. ഹൗസ് ബോട്ട് സർവീസാണെങ്കിൽ വൈകിട്ട് ആറ് മണിയോടെ അവസാനിപ്പിക്കണം. ബോട്ടുകളെല്ലാം കെട്ടിയിട്ടിടത്തു തന്നെ കിടക്കുകയാണ്. അസഹനീയമായ ചൂട് കാരണം വിനോദ സഞ്ചാരികളേറെയും മൂന്നാർ, ഊട്ടി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.

120 ഓളം ഹൗസ് ബോട്ടുകളും മറ്റ് വള്ളങ്ങളുമാണ് കായൽ സവാരിക്ക് തയ്യാറായി കുമരകം ബോട്ടുജെട്ടി, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലായി കിടക്കുന്നത്. 600 ഓളം തൊഴിലാളികൾ നേരിട്ട് തൊഴിലെടുക്കുന്നുണ്ട്. അനുബന്ധ തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്നവരടക്കം ആയിരക്കണക്കിനാളുകൾ വേറെയുമുണ്ട്. ഓഖിയും നിപയും പ്രളയവും കോവിഡും തീർത്ത പ്രതിസന്ധി മറികടന്നപോലെ ഇതും തരണം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. കായൽ തീരം ഏറെയുള്ള കുമരകവും അയ്മനവും ആർപ്പൂക്കരയും ഉൾപ്പെട്ടതാണ് കുമരകം ടൂറിസ്റ്റ് കേന്ദ്രം. അയ്മനം പഞ്ചായത്തിലെ വലിയമടക്കുഴി പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ല. കുമരകം പഞ്ചായത്തിന്റെ നാലുപങ്ക് ടെർമിനൽ അടക്കമുള്ള നിർമ്മാണങ്ങൾ പരിപാലനമില്ലാതെ നശിക്കുന്ന അവസ്ഥയിലുമാണ്. 

Eng­lish Summary:Backwater tourism has also been hit by extreme temperatures
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.