22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024
July 19, 2024

കിട്ടാക്കടവും ബാഡ് ബാങ്കും

അഡ്വ. കെ പ്രകാശ് ബാബു
ജാലകം
October 17, 2021 5:48 am

ന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം റോക്കറ്റു വേഗതയിലാണ് പെരുകിക്കൊണ്ടിരിക്കുന്നത്. അതിൽത്തന്നെ പൊതുമേഖലാ ബാങ്കുകൾ മറ്റെല്ലാ ബാങ്കുകളെയും പിന്നിലാക്കി മുന്നേറുന്നു. 2020 ൽ ഗ്രോസ് നോൺ പെർഫോമിങ് അസറ്റ് (ജിഎൻപിഎ) അഥവാ മൊത്ത നിഷ്ക്രിയ ആസ്തി 18 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ട്.

ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കാതെ വരികയും മുതലും പലിശയും ഈടാക്കാനുള്ള നടപടികൾ സ്തംഭിക്കുകയും ചെയ്യുമ്പോഴാണ് കിട്ടാക്കടം ഉണ്ടാകുന്നത്. ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ‘കിട്ടാക്കടം’. എന്നാൽ 1991 ലെ ”നരസിംഹം കമ്മിറ്റി” എന്നറിയപ്പെട്ട ”കമ്മിറ്റി ഓൺ ഫിനാൻഷ്യൽ സിസ്റ്റംസ്”ന്റെ റിപ്പോർട്ട് വന്നപ്പോഴാണ് ”നോൺ പെർഫോമിംഗ് അസറ്റ്” എന്ന ഓമനപ്പേരിട്ട് ഒരു പുതിയ കാഴ്ചപ്പാട് ഈ സംവിധാനത്തിൽ കൊണ്ടുവന്നത്. അന്തർദേശീയ ബാങ്കിങ് പ്രാക്ടീസ് നൽകിയ സംഭാവനയാണ് നരസിംഹം റിപ്പോർട്ടിൽ കൊണ്ടുവന്ന ”എൻപിഎ” അഥവാ നിഷ്ക്രിയ ആസ്തി. ഇതേ റിപ്പോർട്ടാണ് ബാങ്കിങ് മേഖലയിൽ പുതിയ സ്വകാര്യ ബാങ്കുകൾ ഉണ്ടാവണമെന്ന ശുപാർശ നൽകിയതും. തുടക്കത്തിൽ പലിശയുൾപ്പെടെ വായ്പാ തിരിച്ചടവിനുള്ള സമയം കഴിഞ്ഞ് 180 ദിവസം കഴിയുമ്പോഴാണ് ഒരു കടം നിഷ്ക്രിയ ആസ്തി ആകുന്നത് എന്നാണ് നരസിംഹം കമ്മിറ്റി നിർവചിച്ചിരുന്നത്. 1995 മുതൽ അത് 90 ദിവസമായി ആർബിഐയും കേന്ദ്ര ഗവൺമെന്റും കുറച്ചു. ഒരു കൃഷിക്കാരനോ ചെറുകിട വ്യാപാരിയോ വായ്പയെടുത്തു മുടങ്ങിയാൽ ജപ്തി നടപടികളിലേക്ക് പോകുന്ന ബാങ്കുകൾ എന്തുകൊണ്ട് വൻകിട കമ്പനികളുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും വായ്പകൾ തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നില്ല. വായ്പ തിരിച്ചു കിട്ടിയില്ലെങ്കിൽ ലോക് അദാലത്തും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലും സർഫാസി ആക്ടും ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്സി കോഡും (പാപ്പരത്വ നിയമം) എല്ലാം നിലവിലുള്ള ഇന്ത്യാ രാജ്യത്ത് വൻകിട കോർപ്പറേറ്റ് കമ്പനികളുടെ വായ്പകൾ ഈടാക്കാൻ എന്തുകൊണ്ടു ബാങ്കുകൾക്ക് കഴിയുന്നില്ല.

ഇന്ത്യൻ പൊതുമേഖലയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ച ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായ യുപിഎ ഗവൺമെന്റിന്റെ അവസാ­ന വർഷമായ 2014 ൽ ഇന്ത്യയുടെ നിഷ്ക്രിയ ആസ്തി അഞ്ച് ലക്ഷം കോടി രൂപയാ­­യിരുന്നു. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ശക്തമായ വിമർശനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിട്ടും മുതലക്കണ്ണീരൊഴുക്കിയും അധികാരത്തി­ൽ വന്ന ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാരിന്റെ 2014–15 മുതൽ 2019–20 വരെയുള്ള കാലയളവുകൊണ്ട് (നിഷ്ക്രിയ ആ­സ്തി) 18.28 ലക്ഷം കോടി രൂപയായി വളർന്നു. മോ­ഡി ഭരണത്തിൽ കിട്ടാക്കടത്തിന്റെ വളർച്ച 365 ശതമാനമാണ്. 2008 മുതൽ 2014 വരെയുള്ള കാലയളവിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു­പിഎ സർക്കാർ കിട്ടാക്കടം എഴുതിത്തള്ളിയത് 32,109 കോടി രൂപയുടേതാണ്. എന്നാൽ 2014 മുതലുള്ള ആറു വർഷം കൊണ്ട് മോഡി സർക്കാർ എഴുതി തള്ളിയത് 6,83,388 കോടി രൂപയാണ്. 2019 ൽ പാർലമെന്റിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ നല്കിയ ഒരു മറുപടിയിൽ ”ഇതുകൊണ്ടൊന്നും വായ്പയെടുത്തവർക്ക് രക്ഷപ്പെടാൻ കഴിയില്ല”യെന്നു പറഞ്ഞത് ഒരു തമാശയായി മാത്രമെ നമുക്ക് കാണാൻ കഴിയൂ.

ഇന്ത്യയുടെ ദേശീയസമ്പത്ത് സ്വകാര്യവൽക്കരിക്കുകയും തന്ത്രപ്രധാന മേഖലകളിലുൾപ്പെടെ വിദേശ മൂലധനത്തെ ക്ഷണിച്ചു വരുത്തുകയും ഏകദേശം ഏഴുലക്ഷം കോടി രൂപവരെയുള്ള കോ­ർപറേറ്റ് കമ്പനികളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്ത കേന്ദ്ര സർക്കാർ 2021 സെ­പ്റ്റംബർ 16 ന് പുതിയ ഒരു ബാങ്ക് രൂപീകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ”ബാഡ് ബാങ്ക്” എന്നു പേരിട്ടിരിക്കുന്ന പുതിയ ബാങ്ക്, ഇന്ത്യൻ ബാങ്കിങ് മേഖലയുടെ തകർച്ചയുടെ സാക്ഷ്യപത്രമാണ്. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ ഇങ്ങനെയൊരു നടപടിയെക്കുറിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ സൂചന നൽകിയിരുന്നു.

എന്താണ് ബാഡ് ബാങ്ക്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ (വായ്പകളും അഡ്വാൻസുകളും) ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും ഒരു നിശ്ചിത തുകയ്ക്ക് ഏറ്റെടുക്കുന്ന പുതിയ ബാങ്കാണ് ബാഡ് ബാങ്ക്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായപ്പോൾ അമേരിക്കയിൽ ‘’എമർജൻസി ഇക്കണോമിക് സ്റ്റെബിലൈസേഷൻ ആക്ട് 2008’’ എന്ന പേരിൽ ഒരു നിയമം പാസാക്കിയിരുന്നു. ആ നിയമത്തിൽ തിരിച്ചടവില്ലാതെ തകർച്ച നേരിടുന്ന ബാങ്കുകളെ സഹായിക്കാൻ ഒരു ബാഡ് ബാങ്ക് നിർദ്ദേശം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 2009 ൽ പല യൂറോപ്യൻ രാജ്യങ്ങളും ഈ അമേരിക്കൻ മാതൃക പിന്തുടർന്നു. അമേരിക്കയിലാണെങ്കിൽ ഇതിനായി ഒരു നിയമ നിർമ്മാണമെങ്കിലും നടന്നു. മോഡിഭരണത്തിൽ ഇന്ത്യയിൽ അതുപോലുമില്ല. പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നപ്പോൾ ഇന്ത്യ തലയുയർത്തിനിന്നു. അതിന്റെ കാരണം ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിന്റെ നട്ടെല്ല് പൊതുമേഖലാ ബാങ്കുകളാണ് എന്നുള്ളതുകൊണ്ടു മാത്രമാണ്.

സ്വകാര്യ‑വിദേശ മൂലധന ശക്തികളുടെ വക്താക്കളായ ബിജെപിക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ബാങ്കിങ് മേഖലയെ സ്വകാര്യവൽക്കരിക്കാനും 74 ശതമാനം വരെ വിദേശ നിക്ഷേപത്തിനും അവർ തീരുമാനിച്ചു. കിട്ടാക്കടം അനിയന്ത്രിതമായി പെരുകുകയും കൂടി ചെയ്തപ്പോൾ ബാങ്കുകളെ കിട്ടാക്കടത്തിന്റെ വലയം ഭേദിച്ച് പുറത്തുകൊണ്ടുവരുന്നതിന് ഒരു ”ബാഡ് ബാങ്ക്” ആവശ്യമായി വന്നു. ഇനി കൊമേഴ്സ്യൽ ബാങ്കുകൾക്ക് അവരുടെ ‘കിട്ടാക്കട ആസ്തി’ പുതിയ ബാഡ് ബാങ്കിലേക്ക് മാറ്റി, കിട്ടാക്കടം ”പൂജ്യം” എന്നഭിമാനിക്കാം.

ബാഡ് ബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി 30,600 കോടി രൂപയുടെ ഗവൺമെന്റ് ഗ്യാരന്റിക്ക് കേന്ദ്രം അനുമതി നൽകി. പുതിയ ബാങ്കുമായും വീഴ്ച സംഭവിച്ച ബാങ്കുകളുമായും അനുരഞ്ജന ചർച്ചകൾ നടത്തുന്നതിന് പുതുതായി ഗവൺമെന്റ് രൂപീകരിക്കുന്ന നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിനാണ് കേന്ദ്ര സർക്കാർ മേൽപറഞ്ഞ ഗ്യാരന്റി നൽകുന്നത്. അനുരഞ്ജന ചർച്ചയ്ക്കൊടുവിൽ എത്തിച്ചേരുന്ന തുകയുടെ 15 ശതമാനം മാത്രമേ ബാഡ് ബാങ്ക് വായ്പ നൽകിയ ബാങ്കിന് നൽകുകയുള്ളു. ബാക്കി 85 ശതമാനം കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഗ്യാരന്റിയാണ്. ആദ്യഘട്ടത്തിൽ 90,000 കോടി രൂപയുടെ കിട്ടാക്കടമാണ് ബാഡ് ബാങ്കിന് കൈമാറുന്നത്.

എസ്ബിഐയിലെ ഉദ്യോഗസ്ഥ പ്രമുഖനായ പത്മകുമാർ മാധവൻ നായരെ പുതിയ ബാഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചു കഴിഞ്ഞു. സെപ്തംബർ 16-ാം തീയതി മാത്രം കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ച ഒരു സംവിധാനത്തിന്റെ ഒരുക്കങ്ങളുടെ പൂർത്തീകരണം എത്ര വേഗത്തിലാണെന്ന് നോക്കൂ. നാഗ്പൂരിലെ ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സിലിരുന്ന് ”ഡീൽ” ഉറപ്പിക്കുന്നതുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് പ്രഖ്യാപനങ്ങൾ മാത്രം നടത്തിയാൽ മതി, നിയമ നിർമ്മാണം പോലും ആവശ്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.