29 December 2024, Sunday
KSFE Galaxy Chits Banner 2

വിസ്മയങ്ങളുടെ ബാലി ദ്വീപ്

മിനർവ വിമൽ
March 12, 2023 10:08 am

ഇൻഡോനേഷ്യയിലെ ജാവാ ദ്വീപിന്റെ കിഴക്കേ അറ്റത്തായി ഹൈന്ദവ ആചാരങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങൾ വസിക്കുന്ന ദ്വീപാണ് ബാലി. 2016ലെ ഇൻഡോനേഷ്യൻ യാത്രയിൽ രാജ്യ തലസ്ഥാനവും വൻ നഗരവുമായ ജക്കാർത്തയിലൂടെ ആയിരുന്നു എന്റെ യാത്ര. അന്ന് ബാലിയിൽ പോകാൻ കഴിഞ്ഞില്ല. ഒന്നോ, രണ്ടോ യാത്രകൾ കൊണ്ട് കണ്ടു തീർക്കാവുന്ന രാജ്യവുമല്ല ഇൻഡോനേഷ്യ. കാഴ്ചകളുടെ പറുദീസയാണ് ഓരോ ദ്വീപും. സിംഗപ്പൂരിൽ ഇറങ്ങി വീണ്ടും മൂന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ ബാലിയിൽ എത്തിച്ചേരാൻ സാധിക്കുള്ളൂ. തലസ്ഥാനമായ ജക്കാർത്തയിലെ സുകാർണോ ഹാത അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ഇൻഡോനേഷ്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ബാലിയിലെ എൻഗുറ റായ് അന്താരാഷ്ട്ര വിമാനത്താവളം ആണ്. ഡച്ചു പടക്കെതിരെ ബാലിയിലെ ഇന്തോനേഷ്യൻ സേനയെ നയിച്ച യുദ്ധവീരൻ ഗുസ്തി എൻഗുറ റായ്യുടെ നാമമാണ് വിമാനത്താവളത്തിനു നൽകിയിട്ടുള്ളത്. 64 ഓളം ചെക്ക് ഇൻ കൗണ്ടറുകളും 10 ഓളം എയ്റോ ബ്രിഡ്ജുകളും ഉള്ള ഇവിടെ 47ൽ പരം അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഈ വിമാനത്താവളത്തിൽനിന്നും സർവീസ് നടത്തുമ്പോൾ തന്നെ വ്യക്തമാകും എൻഗുറ റായ് വിമാനത്താവളത്തിന്റെ പ്രസക്തിയും ബാലിയിലെ ടൂറിസത്തിന്റെ വളർച്ചയും.

ബാലിദ്വീപ് വിമാനത്താവളത്തിൽ നിന്നും ഡെൻപസർ നഗരത്തിലേക്കുള്ള യാത്രയിൽ ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്തുന്ന കാഴ്ച പതുങ് സാത്രിയ ഘടോത്കച്ച എന്ന ഭീമാകാര പ്രതിമയാണ്. മഹാഭാരത യുദ്ധത്തിലെ കർണനും ഭീമ പുത്രൻ ഘടോത്ഘജനും തമ്മിലുള്ള ഘോര യുദ്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാംഭീര്യം തുളുമ്പുന്ന ഒരു ശിൽപം തന്നെയാണ് ഈ പ്രതിമ. ഇന്ത്യക്ക് പുറത്തു ഏറെ അകലെ മറ്റൊരു നാട്ടിൽ മഹാഭാരതം പ്രമേയമാക്കിയ പ്രതിമ ഒരു ഇന്ത്യക്കാരനെ അത്ഭുതപ്പെടുത്തും എന്നതിൽ സംശയമില്ല. തനഹ് ലോട്ട് എന്നാൽ ബാലിനീസ് ഭാഷയിൽ ‘കടലിൽ കര’ എന്നാണ് അർത്ഥം.

ഡെൻപസറിന് വടക്ക് പടിഞ്ഞാറായി ഏകദേശം 20 കിലോമീറ്റർ തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമുദ്രത്തിന്റെ വേലിയേറ്റത്താൽ വർഷങ്ങളായി തുടർച്ചയായി രൂപപ്പെട്ട ഒരു വലിയ കടൽത്തീര പാറയിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്റെ അടിത്തട്ടിൽ, വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മലയാളിയെ സംബന്ധിച്ച് തനഹ് ലോട്ടിൽ അത്ഭുതം തോന്നിയില്ലെങ്കിലും അതിശയിക്കാനില്ല. ഡെൻപസറിൽ നിന്നും 52 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു പ്രധാന ഹിന്ദു ശൈവ ക്ഷേത്രമാണ് പുര ബ്രതൻ. ബ്രട്ടൻ തടാകത്തിന്റെ തീരത്താണ് ക്ഷേത്ര സമുച്ചയം. ബാലിയിൽ ഹിന്ദു ക്ഷേത്രങ്ങൾ ‘പുര’ എന്നറിയപ്പെടുന്നു, ബ്രാതൻ നദി ഉയരുമ്പോൾ പൊങ്ങിക്കിടക്കുന്നതുപോലെ തോന്നിക്കുന്നതിനാൽ ഈ ക്ഷേത്രത്തെ ‘തടാകത്തിലെ ബാലി ക്ഷേത്രം’ എന്നും വിളിക്കുന്നു.
മധ്യ ബാലിയിലെ മറ്റൊരു ആകർഷണമാണ് ഉബദ്. ഉബദിലെ തെഗലാലംഗ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബാലിയിലെ പ്രശസ്തമായ വസ്തുക്കളിൽ ഒന്നാണ് തെഗലാലംഗ് റൈസ് ടെറസ്. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ് തെഗലാലംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ കാഴ്ചകൾ ഉബദിൽ കാത്തിരിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയമായത് തട്ടുകളായി തിരിച്ച് തെഗലാലംഗ് റൈസ് ടെറസ് തന്നെയാണ്. കൃഷിയിടത്തിലൂടെയുള്ള സഞ്ചാരം വ്യത്യസ്ത അനുഭവം തന്നെയാണ് നൽകുന്നത്.

കുട്ടാ ബീച്ച് തെക്കൻ ബാലിയിലെ ഒരു വിനോദസഞ്ചാര മേഖലയാണ്. കിലോമീറ്റർ ദൈർഘ്യമുള്ള സുന്ദരമായ മണൽ കടൽതീരം. മികച്ച ഹോട്ടലുകൾ, അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടിവിടെ. കടലിൽ സാഹസികരായ സർഫർമാരുടെ ഒരു ഇഷ്ട കേന്ദ്രം കൂടിയാണ് കുട്ടാ. കടൽത്തീരത്തിന്റെ വൃത്തിയും നമ്മുടെ കടൽത്തീരങ്ങളുമായി സാദൃശ്യം ചെയ്യുമ്പോൾ കുട്ടാ ബീച്ച് മലയാളിയെ അതിശയിപ്പിക്കും. ഒരു ഇൻഡ്യൻ രൂപക്ക് 189 ഇൻഡോനേഷ്യൻ റൂപേ കിട്ടുമെങ്കിലും വലിയ വിലക്കുറവ് പ്രതീക്ഷിക്കുകയും വേണ്ട. ബാലിയിലെങ്ങും ആംഗലേയ ഭാഷയോട് മമത തീരെയില്ലായെന്നത് അനുഭവം. രാമായണത്തിലെയും മഹാഭാരതത്തിലെയും വീര യോദ്ധാക്കളുടെ നാമധേയത്തിലുള്ള കടകൾ, ഹോട്ടലുകൾ മറ്റു സ്ഥാപനങ്ങൾ ബാലിയിലെങ്ങും കാണാം. എവിടെയും രാമായണ നാമം. പല ഹോട്ടലുകൾക്ക് മുന്നിലും ഹൈന്ദവ ദേവീ ദേവൻമാരുടെ പ്രതിമകൾ കണ്ടു കൊണ്ടേ അതിഥികൾക്ക് അവിടെ പ്രവേശിക്കാൻ കഴിയൂ ഭാരതസംസ്കാരത്തോട്, ആചാരങ്ങളോട് ചേർന്നു നിൽക്കുന്ന പ്രദേശമാണ് ബാലി ദ്വീപ്. മിക്ക വീടുകളോട് ചേർന്ന് ഒരു കുഞ്ഞു ക്ഷേത്രവും കാണാൻ സാധിക്കും.
നിറയെ ടൂറിസ്റ്റുകളുമായാണ് ബാലിയിൽ ഓരോ വിദേശ വിമാനങ്ങൾ എത്തുന്നത്. തലസ്ഥാനമായ ഡെൻപസറിലെ പൊതു ഗതാഗത സംവിധാനം ദുർബലമാണ്. മെട്രാേ, ട്രെയിൻ യാത്രാ സംവിധാനം ഒന്നും തന്നെ ലഭ്യമല്ല. തെരുവിൽ ടാക്സിയൊന്നും കിട്ടുകയുമില്ല. ഗ്രാബ് ഓൺലൈൻ ടാക്സി സംവിധാനം വഴിയേ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കൂ. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരിയെ സംബന്ധിച്ച് ഡെൻപസർ ഒരു സൗഹൃദ നഗരം അല്ല. ഒരു ദിവസത്തേക്ക് 400 ഇന്ത്യൻ രൂപ ചെലവഴിച്ചാൽ സ്കൂട്ടറുകൾ വാടകയ്ക്ക് കിട്ടും. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടു മടങ്ങാൻ ഇതാണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. നല്ല ഹോട്ടലുകളിൽ വളരെ കുറഞ്ഞ തുകയിൽ ബാലിയിലെങ്ങും താമസസൗകര്യം ലഭ്യമാണ്.

ബാലി വിമാനത്താവളത്തിൽ വിദേശികളുടെ ബാഹുല്യമാണ്. എന്നാൽ തലസ്ഥാനമായ ഡെൻപസർ തെരുവുകളിലും, മാളുകളിലും വിദേശികളുടെ സാന്നിധ്യം പോലും കാണാൻ സാധിക്കില്ല. വിദേശ സഞ്ചാരിയെ സംബന്ധിച്ച്, പ്രത്യേകിച്ച് കടൽത്തീരങ്ങൾ ഇല്ലാത്ത പല കിഴക്കൻ യൂറോപ്യൻ നാടുകളിൽ നിന്നുള്ള സഞ്ചാരിക്ക് ബാലിയും അവിടത്തെ കടൽത്തീര കാഴ്ചകളും വിസ്മയം തന്നെ. ഒരു തെക്കേ ഇന്ത്യക്കാരനെ സംബന്ധിച്ച്, പ്രത്യേകിച്ച് മലയാളികൾക്ക് ബാലി കാഴ്ചകൾ വലിയൊരു അത്ഭുതമൊന്നും തോന്നില്ലായിരിക്കും. എങ്കിലും വൃത്തിയിലും വെടുപ്പിലും തിളങ്ങുന്ന ഇവിടെ ഒരിക്കൽകൂടി എത്താൻ മോഹിപ്പിക്കുന്ന വശ്യത ബാലി ദ്വീപിനുണ്ട്.

Eng­lish Summary;Bali is the island of wonders

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.