22 December 2025, Monday

ലക്ഷ്യമറിയാതെ പന്ത്; ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106 റണ്‍സ്

സ്ട്രൈക്ക് റേറ്റ് 96
20നു മുകളില്‍ സ്കോര്‍ ചെയ്തത് രണ്ട് തവണ മാത്രം
Janayugom Webdesk
April 24, 2025 8:14 am

ഐപിഎല്ലിലെ മെഗാതാരലേലത്തില്‍ എക്കാലത്തെയും ഉയര്‍ന്ന തുക മുടക്കിയാണ് റിഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും കൂടുവിട്ടു വന്ന പന്തിനെ ലഖ്നൗ ക്യാപ്റ്റനായി നിയമിച്ചു. എന്നാല്‍ ടീം മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുമ്പോഴും പന്തിന്റെ പ്രകടനം മോശമായി തുടരുകയാണ്. 

27 കോടി മുടക്കിയാണ് പന്തിനെ ടീമിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ ഇടംകയ്യന്‍ ബാറ്ററായ പന്ത് ഒമ്പത് മത്സരങ്ങളില്‍ നിന്ന് നേടിയത് 106 റണ്‍സ് മാത്രം. വെറും 13.25 ശരാശരിയിലാണ് റിഷഭ് ഈ സീസണില്‍ ബാറ്റ് ചെയ്യുന്നത്. 0, 15, 2, 2, 21, 63, 3, 0 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോര്‍. ഈ പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതിലും പന്തിന് തിരിച്ചടിയാകും. ഏറ്റവുമൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ താരം രണ്ട് പന്ത് നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡല്‍ഹിയുടെ മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. മാത്രമല്ല ലഖ്നൗവിനെതിരെ ഡല്‍ഹി എട്ട് വിക്കറ്റ് വിജയവും നേടി. ഏഴാമനായാണ് പന്ത് ക്രീസിലിറങ്ങിയത്. ഏഴാം സ്ഥാനത്ത് മുമ്പ് ബാറ്റിങ്ങിനിറങ്ങിയപ്പോഴും പന്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 

റിഷഭ് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ തയ്യാറാകാത്തത് എന്താണെന്ന് ആരാധകരടക്കം ചോദ്യമുന്നയിക്കുന്നുണ്ട്. അഞ്ച് ഐപിഎല്‍ സീസണുകളില്‍ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു. ഇത്തവണ സ്ട്രൈക്ക് റേറ്റ് 96 ആണ് മാത്രമാണ്. ഈ സീസണിൽ 100ന് മുകളിൽ റൺസ് കണ്ടെത്തിയ താരങ്ങളിൽ 100ൽ താഴെ സ്ട്രൈക്ക്റേറ്റ് ഉള്ള ഒരേയൊരു താരമെന്ന നാണക്കേടും പന്തിന്റെ പേരിലാണ്. ഇന്ത്യന്‍ ടീമിലും പന്തിന് ഇടംലഭിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ പ്ലേയിങ് ഇലവനില്‍ അധികം അവസരം പന്തിന് ലഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരുന്നു താരത്തിന് പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ കൈവിട്ടതോടെ അവിടെയും പന്തിന്റെ സ്ഥാനം ചോദ്യചിഹ്നമായി. ഐപിഎല്ലില്‍ പകുതി മത്സരങ്ങള്‍ കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ സൂക്ഷ്മതയോടെ ബാറ്റ് ചെയ്ത് റണ്‍സ് കണ്ടെത്താന്‍ ഇടംകയ്യന്‍ താരത്തിനായില്ലെങ്കില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം പോലും നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.