ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം ഉൾപ്പെട്ട വാണിമേൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിർമാണ പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. ഒമ്പത്, 10, 11 വാർഡുകളിലാണ് നിർമാണ പ്രവൃത്തികൾ വിലക്കിയത്. വിലങ്ങാട് പുനരധിവാസ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ ഘട്ടങ്ങളിൽ നടത്തുന്ന പ്രവൃത്തികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തി പുരോഗതി, ധനസഹായ വിതരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഉരുൾപ്പൊട്ടലിൽ വീട് പൂർണമായും നഷ്ടപ്പെട്ട 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാഗികമായി വീടുകളും വഴികളും നഷ്ടമായ 35 കുടുംബങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ പരിശോധന നടത്താൻ പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ 35ൽ ഉൾപ്പെടാത്ത ഏതെങ്കിലും കുടുംബത്തിന് പുനരധിവാസം ആവശ്യമാണെങ്കിൽ അക്കാര്യം പരിശോധിച്ച് തഹസിൽദാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കാലവർഷത്തെ തുടർന്ന് പഞ്ചായത്ത് പരിധിയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ അടിയന്തരമായി കണ്ടെത്തുന്നതിന് പഞ്ചായത്ത്, വില്ലേജ് ഓഫീസർ, തഹസിൽദാർ, എന്നിവരോട് കളക്ടർ ആവശ്യപ്പെട്ടു. എംപിമാരുടെ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി തയ്യാറാക്കാൻ പ്ലാനിംഗ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. പുഴയിൽ അടിഞ്ഞു കൂടിയ കല്ലും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡിഎം ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.