21 December 2025, Sunday

പ്രതിഷേധങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്ക്; രാജ്യതലസ്ഥാനത്ത് ഏഴ് വരെ നിരോധനാജ്ഞ

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2024 3:09 pm

രാജ്യതലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഏഴ് വരെ നിരോധനാജ്ഞ തുടരും. പ്രദേശത്ത് പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഭാരതീയ ന്യായ് സംഹിതയുടെ 163ാം വകുപ്പ് പ്രകാരമാണ് പൊലീസ് നടപടി.

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223ാം വകുപ്പ് പ്രകാരം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്‍, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇതിന് പുറമേ ഡല്‍ഹി എം സി ഡി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനേയും 120 ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു.
തിങ്കളാഴ്ച സിറ്റി പോലീസ് മേധാവി സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഉത്തരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.