6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025

ബംഗളൂരു എടിഎം പണം കവർച്ച; പൊലീസുകാരൻ അടക്കം മൂന്ന് പേർ പിടിയിൽ

Janayugom Webdesk
ബംഗളൂരു
November 22, 2025 9:21 pm

നഗരത്തെ നടുക്കിയ എടിഎം ക്യാഷ് വാൻ കവർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അന്നപ്പ നായിക്, പണം കൊണ്ടുപോയ ഏജൻസിയായ സിഎംഎസ് ഇൻഫോ സിസ്റ്റംസ് മുൻ ജീവനക്കാരൻ ജെ സേവ്യർ, കവർച്ച ചെയ്യപ്പെട്ട എടിഎം ക്യാഷ് വാനിന്റെ ചുമതലക്കാരൻ ഗോപാൽ പ്രസാദ് എന്നിവരാണ് കർണാടക പൊലീസിന്റെ പിടിയിലായത്.

മോഷണം നടന്ന് 60 മണിക്കൂറിനുള്ളിലാണ് 200-ലധികം ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്. അന്നപ്പ നായിക് സർവീസിലിരിക്കെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയായത് എന്നത് പൊലീസിന് തന്നെ നാണക്കേടായി. കവർച്ച ചെയ്ത 7.11 കോടി രൂപയിൽ 5.76 കോടി രൂപ കണ്ടെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കെജി ഹള്ളി സ്വദേശികളാണ്. സേവ്യറും ഗോപിയും മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കവർച്ച നടക്കുന്ന സമയത്തും അതിനുശേഷവും കോൺസ്റ്റബിളും മുൻ സിഎംഎസ് ജീവനക്കാരനും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. ഇവരുടെ കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ കൃത്യത്തിന് മുൻപുള്ള ദിവസങ്ങളിലും ഇവർ ഗൂഢാലോചന നടത്തിയിരുന്നതായി തെളിഞ്ഞു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായി. സ്ഥാപനത്തിനുള്ളിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയം തുടക്കംമുതല്‍ ഉണ്ടായിരുന്നു.

1.20 ന് ഡിജെ ഹള്ളിക്ക് സമീപം വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു സിഎംഎസ് ഇൻഫോ സിസ്റ്റംസ് പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് 12.48-ഓടെ അശോക പില്ലർ-ജയനഗർ-ഡയറി സർക്കിൾ പാതയിലാണ് യഥാർത്ഥത്തിൽ കവർച്ച നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാഹനം തടഞ്ഞുനിർത്തി പിൻഭാഗം ബലമായി തുറന്ന് പണപ്പെട്ടികൾ കൈക്കലാക്കിയ സംഘം 1.16-ഓടെ വാൻ ഉപേക്ഷിച്ച് വ്യത്യസ്ത വാഹനങ്ങളിലായി കടന്നുകളയുകയായിരുന്നു.

കൃത്യമായ ആസൂത്രണം

ഡിജിറ്റൽ ട്രാക്കിങ്ങും നിരീക്ഷണ സംവിധാനങ്ങളും മറികടക്കാൻ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവർച്ച. എന്നാല്‍ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളെ കുടുക്കി. സിസിടിവി കാമറകളുടെ കണ്ണില്‍പ്പെടാത്ത ‘ബ്ലൈൻഡ് സ്പോട്ടുകൾ’ തെരഞ്ഞെടുത്താണ് പ്രതികൾ വാഹനം തടഞ്ഞതും പണം മാറ്റിയതും. ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ കവർച്ചാ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചില്ല. സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും തിരിച്ചറിയാതിരിക്കാനും സംസാരത്തിനിടെ ഭാഷകൾ മാറ്റി ഉപയോഗിച്ചിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച ഒന്നിലധികം വാഹനങ്ങൾ ഉപയോഗിച്ചു. സീരിയൽ നമ്പറുകൾ ഇല്ലാത്ത കറൻസികളാണ് മോഷ്ടിച്ചത്. ഇത് പണം ട്രാക്ക് ചെയ്യുന്നത് അസാധ്യമാക്കി. മാധ്യമങ്ങളിലൂടെ വരുന്ന തത്സമയ വാർത്തകൾ നിരീക്ഷിച്ച് നീക്കങ്ങൾ ക്രമീകരിക്കാനും ഇവർ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.