28 December 2025, Sunday

Related news

December 24, 2025
September 26, 2025
September 18, 2025
September 17, 2025
September 17, 2025
September 16, 2025
August 29, 2025
August 25, 2025
August 25, 2025
August 22, 2025

ബാങ്കിങ് സേവനങ്ങൾ കുടുംബശ്രീയിലൂടെ

കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു
Janayugom Webdesk
തിരുവനന്തപുരം
September 17, 2025 10:58 pm

കനറാ ബാങ്ക് നൽകുന്ന വിവിധ സേവനങ്ങൾ ഇനി മുതൽ കുടുംബശ്രീ ബിസിനസ് കറസ്പോണ്ടന്റ്മാർ (ബി സി സഖിമാർ) മുഖേന വാതില്‍പ്പടിയിൽ എത്തും. കനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് ഇവർ മുഖേന വിവിധ സേവനങ്ങൾ ലഭ്യമാവുക.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർക്കും പെൻഷൻ വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ പോകേണ്ടി വരുന്ന ശാരീരിക അവശത അനുഭവിക്കുന്നവരുമായ വ്യക്തികൾക്ക് ബി സി സഖിമാരുടെ സേവനം ഏറെ സഹായകമാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കനറാ a കോർപറേറ്റ് ബിസിനസ് കറസ്പോണ്ടന്റ് ഏജൻസിയായ മാഗ്നോട്ടിന്റെ സോണൽ മേധാവി കാർത്തികേയൻ എസ് എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി. 

ബാങ്ക് അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപിക്കലും പിൻവലിക്കലും ഉൾപ്പെടെയുള്ള ഇടപാടുകൾ, അക്കൗണ്ട് ബാലൻസ് പരിശോധന, വായ്പാ തിരിച്ചടവ്, റെക്കറിങ്ങ് ഡെപ്പോസിറ്റ്, ഇൻഷുറൻസ് എന്‍റോൾമെന്റും ക്ലെയിമും തുടങ്ങി വിവിധ സേവനങ്ങൾ ബി സി സഖിമാർ മുഖേന ലഭിക്കും. സാധാരണക്കാർക്ക് ബാങ്കിങ്ങ് സേവനങ്ങൾ വാതില്‍പ്പടിയിൽ എത്തിക്കുന്നതിന് “ഒരു സി ഡി എസിൽ ഒരു ബി സി സഖി’ എന്ന കുടുംബശ്രീ പദ്ധതിയാണ് നടപ്പാക്കുന്നത്. കനറാ ബാങ്കുമായി ചേർന്നു പ്രവർത്തിക്കുന്നതോടെ സംസ്ഥാനത്ത് നിലവിൽ വിവിധ ബാങ്കുകൾക്കായി പ്രവർത്തിച്ചു വരുന്ന 760 ബി സി സഖിമാർക്ക് പുറമേ പുതുതായി 350 പേർക്ക് കൂടി തൊഴിൽ ലഭ്യമാകും.
കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു തന്നെ തെരഞ്ഞെടുത്ത അംഗങ്ങളാണ് ബി സി സഖിമാർ. ബാങ്കിങ്ങ് സേവനങ്ങൾ നൽകുന്നതിന് കമ്മിഷൻ വ്യവസ്ഥയിലാണ് ഇവരുടെ വരുമാനം. ബാങ്കുകളാണ് ഇതു നൽകുന്നത്. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് കുടുംബശ്രീ മുഖേനയുള്ള സാമ്പത്തിക സഹായവും ലഭിക്കും. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസർ സി നവീൻ, പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ലിബിൻ ജി, മാഗ്നോട്ട് കൺസൾട്ടൻസി സർവീസ് ക്ലസ്റ്റർ എക്സിക്യൂട്ടീവ് സുമിത എന്നിവർ ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.