17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 9, 2024
September 9, 2024
September 6, 2024
August 19, 2024
August 19, 2024
August 13, 2024
July 24, 2024
July 15, 2024

ബേസിൽ ജോസഫ് കാലിക്കറ്റ് എഫ് സി ബ്രാൻഡ് അംബാസിഡർ

Janayugom Webdesk
കോഴിക്കോട്
September 9, 2024 7:37 pm

സുപ്രസിദ്ധ സംവിധായകനും ചലച്ചിത്രതാരവുമായ ബേസിൽ ജോസഫ് സൂപ്പർ ലീഗ് കേരള ഫുട്ബോൾ മാമാങ്കത്തിൽ കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡറായി. ഇന്ന് കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം കാണാനും ടീമിനെയും ആരാധകരെയും പ്രോത്സാഹിപ്പിക്കാനും ബേസിൽ ജോസഫും കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെത്തും. തിരുവനന്തപുരം കൊമ്പൻസുമായാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം. ആദ്യ മാച്ചിന്റെ ടിക്കറ്റ് വിൽപനയിൽ നിന്നും നടക്കുന്ന നറുക്കെടുപ്പിന്റെ സമ്മാനദാനവും മത്സരവേദിയിൽ വച്ച് ബേസിൽ നിർവഹിക്കും. 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള ചലച്ചിത്രരംഗത്ത് സജീവമായ ബേസിൽ ജോസഫ്, കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ അദ്ദേഹം പിന്നീട് എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറുകയായിരുന്നു. യുവത്വത്തിന്റെ പൾസ് അറിയുന്ന ബേസിൽ ജോസഫിനെപ്പോലുള്ള താരത്തിന്റെ സാന്നിദ്ധ്യം കാലിക്കറ്റ് എഫ് സിയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് പറഞ്ഞു.
മത്സരത്തിനുള്ള ടിക്കറ്റ് പേടിഎം ഇൻസൈഡർ ആപ്പ് വഴി ബുക്ക് ചെയ്യാം. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം തുടങ്ങുന്നത്. കാലിക്കറ്റ് എഫ് സി യ്ക്ക് അഞ്ച് ഹോം മാച്ചുകളാണുള്ളത്. 

അന്താരാഷ്ട്ര പ്രശസ്തനായ ഇയാൻ ആൻഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ് സി യുടെ കോച്ച്. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ കോച്ചായി തിരഞ്ഞെടുത്ത ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റൻറ് കോച്ച്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മഞ്ചേരി എന്നിവിടങ്ങളിലായാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങൾ നടക്കുന്നത്. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനൽ ഉൾപ്പെടെ ആകെയുള്ള 33 മത്സരങ്ങളിൽ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബർ 10ന് കൊച്ചിയിലാണ് ഫൈനൽ. സ്റ്റാർ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.