
തൊഴിലാളി സമൂഹത്തെയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ദീര്‍ഘകാല പോരാട്ടത്തിന് സജ്ജമാക്കുന്നതിന് ഇന്നത്തെ പൊതുപണിമുടക്ക് വളരെ പ്രധാനമാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍. തൊഴിലാളി യൂണിയന്‍ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദ്യം ചെയ്തു. മോഡി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നില്ല. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല, പകരം കുറഞ്ഞ ശമ്പളവും സാമൂഹ്യ സുരക്ഷയുമില്ലാതെ വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കാന്‍ തുടങ്ങിയിരിക്കുന്നു. റെയില്‍വേയിലും ഉരുക്ക് വ്യവസായത്തിലും സര്‍ക്കാരിത് നടപ്പാക്കി. കേന്ദ്രസര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഏകദേശം 15 ലക്ഷം തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച ശേഷം പല ജോലികളും പുറംകരാറിന് നല്‍കുന്നു. അങ്ങനെ തൊഴിലില്ലായ്മ രാജ്യത്തെ വളരെ വളരെ ഗുരുതരമായിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലവിലെ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനരുജ്ജീവിപ്പിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. ഏകീകൃത പെന്‍ഷന്‍ പദ്ധതിയുമായി (യുപിഎസ്) മുന്നോട്ട് പോകുമെന്ന് പറയുന്നു. അത് ദേശീയ പെന്‍ഷനെക്കാള്‍ മോശമാണ്. യുപിഎസ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ എന്‍പിഎസിലേക്കോ, ഒപിഎസിലേക്കോ മാറാന്‍ മാര്‍ഗമില്ലാതായി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ തൊഴിലാളികളുടെ പണം തൊഴിലുടമകള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉപയോഗിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണം, എല്ലാ മേഖലകളിലും പ്രതിമാസം 26,000 രൂപ ദേശീയതലത്തില്‍ മിനിമം വേതനമാക്കണം, പ്രതിമാസം 9,000 രൂപ കുറഞ്ഞ പിഎഫ് പെന്‍ഷന്‍ നടപ്പാക്കണം, ഒരു പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെടാത്തവര്‍ക്ക് 6,000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കണമെന്നും അമര്‍ജീത് കൗര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ട് കഴിഞ്ഞവര്‍ഷം എഐടിയുസി അടക്കമുള്ള സംഘടനകള്‍ വിശദമാക്കിയിരുന്നു. ആവശ്യങ്ങളെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തൊഴിലവകാശങ്ങള്‍ക്ക് വിരുദ്ധമായ നാല് തൊഴില്‍ കോഡുകള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ ചര്‍ച്ചകളില്‍ വിശ്വാസമില്ല. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഇക്കാര്യം തൊഴില്‍ മന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും വരുന്ന മാര്‍ച്ചില്‍ തൊഴില്‍ കോഡുകള്‍ നടപ്പാക്കുമെന്നാണ് അറിയിച്ചത്. നടപ്പാക്കുന്ന ദിവസം അതിന്റെ പകര്‍പ്പുകള്‍ കത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനങ്ങളില്‍ നിക്ഷേപം ഉണ്ടാകില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നിക്ഷേപം കുറയാന്‍ കാരണം തൊഴിലാളികളല്ല. കേന്ദ്രത്തിന്റെ സാമ്പത്തിക, സാമൂഹ്യ നയങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവുമാണ്. വര്‍ഗീയ സംഘര്‍ഷങ്ങളും ആക്രമണങ്ങളും സാധാരണമായ ഒരു രാജ്യത്തേക്ക് വിദേശനിക്ഷേപകര്‍ എന്തിന് വരണം? ക്രമസമാധാനം ഗുരുതരമായ പ്രശ്നമാണ്. ചങ്ങാത്ത മുതലാളിത്തം നിക്ഷേപത്തിന് മറ്റൊരു തടസമാണ്. മിക്ക വിഭവങ്ങളും അഡാനിക്കും അംബാനിക്കും പങ്കിട്ട് നല്‍കുന്നു. പിന്നെങ്ങനെ വിദേശ നിക്ഷേപകര്‍ വരുമെന്നും അവര്‍ ചോദിച്ചു. ബിഎംഎസ് നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും തൊഴിലാളികള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അമര്‍ജീത് കൗര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.