
എച്ച്ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തന്നെ 15.4% ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതര്‍. ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എച്ച്‌ഐവി-എയ്ഡ്‌സ്, ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. എത്രകാലം ജീവിച്ചാലും അത്രയും നാള്‍ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണം. മാരകമായ പല രോഗങ്ങളില്‍ നിന്നും നമുക്ക് തന്നെ പ്രതിരോധം തീര്‍ക്കാനാകും. രോഗമുക്തമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കാം. എല്ലാവരും ഇതിന്റെ അംബാസഡര്‍മാരാകണം. ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തമാകുന്നതിന് കേരളം വെല്‍നസ് മിഷനിലേക്ക് പോകുകയാണ്. വ്യായാമം ചെയ്യുക, നല്ല ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എല്ലാവരും അതില്‍ പങ്കാളികളാകണം. എച്ച്‌ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ കേരളത്തില്‍ അത് 0.07 ആണ്. കേരളം എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൂടിയേറുന്നതും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വര്‍ധിച്ച തോതില്‍ കേരളത്തിലേക്ക് കുടിയേറുന്നതും നമ്മുടെ എച്ച്‌ഐവി വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു.
2022–23 സാമ്പത്തിക വര്‍ഷം കാലയളവില്‍ പുതിയതായി എച്ച്‌ഐവി അണുബാധ കണ്ടെത്തിയത് 1,183 വ്യക്തികള്‍ക്കാണ്. 2023–24 ഇത് 1,263 വ്യക്തികള്‍ക്കും, 2024–25 ല്‍ 1,213 വ്യക്തികള്‍ക്കും, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 819 വ്യക്തികള്‍ക്കുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ആകെ 4,477 വ്യക്തികളാണ് പുതിയതായി അണുബാധിതരായത്. അവരില്‍ 3,393 പുരുഷന്മാരും 1,065 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡെര്‍ വ്യക്തികളുമാണ്. 90 പേര്‍ ഗര്‍ഭിണികള്‍ ആണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ സക്കീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി വിശിഷ്ടാതിഥിയായി. മേരാ യുവ ഭാരത് ഡയറക്ടര്‍ എം അനില്‍കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജേന്ദ്രന്‍ എന്‍, ഡോ. റീത്ത കെ പി, ജില്ലാ ടിബി ഓഫിസര്‍ ഡോ. ധനുജ വി എ എന്നിവര്‍ പങ്കെടുത്തു. കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. പിയൂഷ് എം സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.