
വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) നാലാം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. തങ്ങളുടെ കന്നി ഏകദിന ലോകകപ്പ് വിജയത്തിന്റെ ആവേശത്തിൽ നിൽക്കുന്ന ഇന്ത്യ വനിതാ ക്രിക്കറ്റ് താരങ്ങൾ, ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുകൂടിയാണ് കളത്തില്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് നയിക്കുന്ന രണ്ട് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ സ്മൃതി മന്ദാന നയിക്കുന്ന ആര്‍സിബി നഷ്ടമായ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. ശക്തമായ നിരയാണ് മുംബൈക്കുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സ്കൈവർ‑ബ്രണ്ട്, വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് എന്നിവരും ടീമിലുണ്ട്. ലേലത്തില്‍ തങ്ങളുടെ ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയ മുംബൈ ഇന്ത്യൻസ് തന്നെയാണ് ഈ സീസണിൽ കിരീടഫേവറിറ്റും. ന്യൂസിലാൻഡിന്റെ അമേലിയ കെർ, ഓസ്‌ട്രേലിയയുടെ യുവതാരം മിലി ഇല്ലിങ്‌വർത്ത്, ഇന്ത്യയുടെ വിശ്വസ്തയായ അമാൻജോത് കൗർ എന്നിവർ അണിനിരക്കുന്ന ബാറ്റിങ് നിര അതിശക്തമാണ്.
അതേസമയം എല്ലിസ പെറിയുടെ അഭാവം ആര്‍സിബിക്ക് തിരിച്ചടിയായേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലിസയുടെ പ്രകടനം ആര്‍സിബിക്ക് നിര്‍ണായകമായിരുന്നു. ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോൾ, ഓൾറൗണ്ടർ ഗ്രേസ് ഹാരിസ്, ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ഓൾറൗണ്ടർ നദീൻ ഡി ക്ലർക്ക് എന്നിവരാണ് ബാറ്റിങ് നിരയിലുള്ളവര്‍. വിക്കറ്റിന് പിന്നിലെ പ്രകടനത്തിനും ഫിനിഷറായും വെടിക്കെട്ട് താരം റിച്ച ഘോഷും ആർസിബി നിരയിലുണ്ട്. ഈ സീസണിൽ അഞ്ച് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, യുപി വാരിയേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ് എന്നിങ്ങനെയാണ് ടീമുകള്‍. ടൂർണമെന്റിന്റെ ആദ്യ പകുതി നവി മുംബൈയിലും രണ്ടാം പകുതിയും ഫൈനലും ഗുജറാത്തിലെ വഡോദരയിലും നടക്കും. ഇന്ന് മുതൽ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ആകെ 22 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.