
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സി പി ഐ നേതാവ് ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി. “ലാൽ സലാം പ്രിയ സഖാവേ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ബിനോയ് വിശ്വം അനുസ്മരണക്കുറിപ്പ് ആരംഭിച്ചത്.
വി എസ് അച്യുതാനന്ദൻ വിപ്ലവ രാഷ്ട്രീയത്തിന്റെ പോരാട്ട പ്രതീകമായി കേരളത്തിന്റെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുന്നപ്ര വയലാറിന്റെ മണ്ണ് ജന്മം നൽകിയ തൊഴിലാളി വർഗ്ഗത്തിന്റെ ആ വീരപുത്രന് സമരമായിരുന്നു ജീവിതം. മാർക്സിസത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും പരിസ്ഥിതിയുടെ സ്ഥാനം തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഐക്യത്തിന്റെയും ഇടത്-ജനാധിപത്യ ബദലിന്റെയും കരുത്തനായ വക്താവായിരുന്നു ആ ധീരനായ കമ്യൂണിസ്റ്റെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും തൊഴിലാളി വർഗ്ഗത്തിന്റെയും പാവങ്ങളുടെയും കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും നന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ട ഒന്നായിരുന്നു. നീതിക്കും ന്യായത്തിനും വേണ്ടിയാണ് അദ്ദേഹം എല്ലാ ഘട്ടങ്ങളിലും തന്റെ പോരാട്ടവീര്യത്തിന് മൂർച്ച കൂട്ടിയത്.
മാർക്സിസത്തിന്റെ കാര്യപരിപാടികളിൽ പരിസ്ഥിതിക്ക് ഗൗരവപരമായ പ്രാധാന്യം കൊടുത്തുകൊണ്ട് പരിസ്ഥിതി പോരാട്ടങ്ങളെ വർഗ്ഗസമരത്തിന്റെ ഭാഗമായി കണ്ട കമ്യൂണിസ്റ്റായിരുന്നു വി എസ് അച്യുതാനന്ദനെന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. പാവങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം വഹിച്ച പങ്ക് എല്ലാക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിൽ ഇടതുപക്ഷം നേടിയ നേട്ടം കേരളത്തിന്റെ ചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി രണ്ടാകുന്നതിന് മുൻപും രണ്ടായിക്കഴിഞ്ഞും കേരളം സഖാവ് വിഎസിനെ ശ്രദ്ധയോടെ കേട്ടിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകൾ രേഖപ്പെടുത്തുമ്പോഴും അദ്ദേഹം വ്യക്തിബന്ധങ്ങളിലെ പവിത്രതയെയും മൂല്യസങ്കൽപ്പങ്ങളെയും മറന്നുപോകാതെ എല്ലാവരെയും ചേർത്തുപിടിച്ച ഒരു കമ്യൂണിസ്റ്റായിരുന്നുവെന്ന് ബിനോയ് വിശ്വം അനുസ്മരിച്ചു.
“സഖാവ് വിഎസിന്റെ സ്മരണയ്ക്ക് മുൻപിൽ സിപിഐയുടെ പേരിൽ ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. ആ മഹത്തായ ഓർമ്മയ്ക്ക് മുൻപിൽ ഞാൻ തലകുനിച്ചു പിടിക്കുന്നു. ലാൽസലാം, പ്രിയപ്പെട്ട സഖാവേ,” എന്ന് പറഞ്ഞുകൊണ്ടാണ് ബിനോയ് വിശ്വം അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.