30 December 2025, Tuesday

പട്ടടയൊരുങ്ങിയ അയോധ്യയിലെത്തുന്ന ഭരതൻ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 16
August 2, 2025 4:45 am

രാമന്റെ പട്ടാഭിഷേകത്തിനാണ് തന്നെയും ശത്രുഘ്നനെയും ആളയച്ചു വരുത്തിയിരിക്കുന്നതെന്ന പ്രതീക്ഷയിൽ അയോധ്യയിലെത്തിയ ഭരതൻ ഒരു മരണനഗരിയിലേക്ക് കാലുകുത്തിയപോലെയാണ് അയോധ്യയെ അനുഭവിക്കുന്നത്. അച്ഛന്റെ പട്ടടയൊരുങ്ങിയിരിക്കുന്ന അയോധ്യയെ അറിഞ്ഞതും ഭരതൻ അദ്ദേഹത്തിന്റെ മരണകാരണം ആരാഞ്ഞു. കൈകേയി ഭരതന് കൊട്ടാരവും രാമന് കാടും നൽകാൻ വരം ഉപാധിയാക്കി ചെയ്ത കാര്യങ്ങളിൽ മനം നൊന്താണ് അച്ഛൻ മരിച്ചതെന്നറിയുന്ന ഭരതൻ സങ്കടവും ദേഷ്യവും പൂണ്ട് അമ്മയോടു പറയുന്ന വാക്കുകളുടെ ധർമ്മ ഗൗരവം മുഴുവൻ ഈ വാക്യങ്ങളിലുണ്ട്.
“ത്വാമദ്യ നിഹനിഷ്യാമി നോചേദ് ദ്രുഹ്യാമി ച സ്വയം
രാഘവസ്യാനുജോ ഭ്രാതാ ഭരതോ മാതൃഹാ ഇതി” (അയോധ്യാകാണ്ഡം; സർഗം 73; ശ്ലോകം 7). ‘തന്റെ അനുജൻ അമ്മയെ കൊന്നവനാണെന്നതിനാൽ, രാമൻ എന്നെ വെറുക്കുമായിരുന്നില്ലെങ്കിൽ ഞാനിപ്പോൾത്തന്നെ ഭവതിയെ കൊന്നേനെ’ എന്നതാണ് മേലുദ്ധരിച്ച ശ്ലോകത്തിന്റെ താല്പര്യം. രാമനെ സീതാ — ലക്ഷ്മണ സഹിതം കാട്ടിലേക്കയച്ച കൈകേയിയെ, പെറ്റമ്മയായിട്ടുപോലും കൊല്ലാനുള്ള കലി തോന്നി എന്നും രാമന്റെ അപ്രീതി ഭയന്നാണ് കൊല്ലാത്തത് എന്നുമാണ് ഭരതൻ പറയുന്നത്. കൈകേയി ആരെ ദ്രോഹിച്ചുവോ ആ രാമന്റെ നാമത്തിൽ ജീവൻ രക്ഷിക്കപ്പെട്ടവളായി എന്നത് ഏറെ ചിന്തനീയമായ സംഭവമാണ്.
ദശരഥന്റെ കാര്യവും ചിന്തിക്കേണ്ടതുണ്ട്. ദശരഥൻ ഭരതനെ അറിയിക്കാതെ രാമന്റെ പട്ടാഭിഷേകം നടത്തണം എന്നു കരുതിയാണ് പ്രവർത്തിച്ചത്. അത്രമേൽ പ്രാണപ്രിയനായിരുന്നു ദശരഥന് ശ്രീരാമൻ. ഒരു മകനോടോ മകളോടോ ഒരാൾക്ക് തോന്നുന്ന അമിതമായ ഇഷ്ടം ഒരു ഘട്ടം കഴിഞ്ഞാൽ, മറ്റുള്ളവരെല്ലാം ആ ഇഷ്ടത്തിന് നാശം ചെയ്യുമോ എന്ന സന്ദേഹവും ഉത്കണ്ഠയും തദ്ഫലമായ മനോരോഗങ്ങളുമായി മാറും. ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് രാമനോടുള്ള ഇഷ്ടം ദശരഥനെ കൊണ്ടെത്തിച്ചിരുന്നു.
ഭരതനും ശത്രുഘ്നനും രാമാഭിഷേകം അറിഞ്ഞാൽ തങ്ങളുടെ അമ്മാവനും കേകയ രാജാവുമായ അശ്വപതിയോടുകൂടി അയോധ്യയിലെത്തി അഭിഷേകം മുടക്കും എന്ന് ദശരഥൻ ഭയന്നു. മനോരോഗമായി അലട്ടാൻ തുടങ്ങിയ ഇത്തരം ഭയങ്ങൾ ഭരതനെ മനസിലാക്കാൻ ദശരഥൻ പരാജയപ്പെട്ടതിന്റെ ഫലം കൂടിയാണ്. അച്ഛനും അമ്മയും മനസിലാക്കാൻ പരാജയപ്പെട്ട മഹോന്നതബോധമുള്ള ധർമ്മപുത്രരായിരുന്നു ഭരതൻ എന്നും പറയാം. ഭരതന് രാജ്യമോഹമില്ല, രാമസ്നേഹമേയുള്ളൂ എന്നറിഞ്ഞിരുന്നെങ്കിൽ കൈകേയിക്ക് രാമാഭിഷേകം മുടക്കുന്ന കുത്സിതവൃത്തി ചെയ്യാനോ അഭിഷേകം മുടങ്ങിയതിൽ മനംനൊന്ത് ദശരഥന് അകാലമൃത്യു പൂകുവാനോ ഇടവരുമായിരുന്നില്ല. ഭരതനെപ്രതിയുണ്ടായ സംശയങ്ങളാണ് പട്ടാഭിഷേക നഗരിയാവേണ്ടിയിരുന്ന അയോധ്യയെ പട്ടടയൊരുങ്ങിയ നഗരിയാക്കി തീർത്തത്. അവിടേക്കാണ് കേകയത്തുനിന്ന് ഭരതൻ എത്തിയതും.
താൻ ആശങ്കയോടെ കണ്ട് അകറ്റിനിർത്താൻ ആഗ്രഹിച്ച ഭരതൻതന്നെ വേണ്ടിവന്നു ദശരഥന്റെ അന്ത്യേഷ്ടി കർമ്മങ്ങൾ നിർവഹിക്കാൻ എന്നുവന്നതിലും ചില പ്രകൃതിപാഠങ്ങളുണ്ട്. നാം വേണ്ടത്ര മനസിലാക്കാതെ അകറ്റിനിർത്തുകയും വെറുക്കുകയും ചെയ്തവരായിരിക്കും നമ്മുടെ നിർണായക ജീവിതസന്ധികളിൽ ഏറ്റവും പ്രയോജനപ്പെട്ടവരാകുക എന്ന പാഠമാണത്. അതിനാൽ മാതാപിതാക്കൾ മക്കളിൽ ആരെയും അമിതമായി സ്നേഹിക്കുകയോ അമിതമായി സന്ദേഹിക്കുകയോ ചെയ്യരുത് എന്ന പാഠവും ദശരഥനിലൂടെ രാമായണം എല്ലാ തലമുറയ്ക്കും പകർന്നു നൽകിക്കൊണ്ടിരിക്കും എന്നും കരുതാം.
ഭരതൻ എപ്പോഴും അമ്മനാടായ കേകയത്തായിരുന്നു താമസിച്ചിരുന്നത് എന്നതിനാൽ, ഭരതന്റെ സ്വഭാവം ഗ്രഹിച്ചറിഞ്ഞു മതിക്കുന്നതിൽ അയോധ്യാനിവാസികളും അവരുടെ രാജാവായ ദശരഥനോളം പരാജിതരായിരുന്നു എന്നുകൂടി പറയാം. അയോധ്യാനിവാസികളെ സംബന്ധിച്ച് എപ്പോഴും അയോധ്യയിൽ ഉണ്ടായിരുന്നതിനാൽ കണ്ടും കേട്ടും ഇടപഴകാനായ ശ്രീരാമനായിരുന്നു പ്രിയങ്കരൻ. പക്ഷേ കേകയനിവാസികൾക്ക് ഭരതൻ ആരായിരുന്നു എന്നുള്ളതിലേക്ക് വെളിച്ചം വീശുന്ന ഒരു കാര്യവും വാല്മീകി എഴുതുന്നില്ല. എഴുതേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. എഴുതാത്തതിന് കാരണവും ഉണ്ടായിരിക്കാം.
രാമന്റെ നായക പരിവേഷം മറ്റാരെക്കാൾ പ്രോജ്വലമാക്കി തീർക്കാൻ ഭരതകുമാരനെ കേകയം കാണുന്നതെങ്ങനെ എന്നു പറയാതെ പോവുന്നതാകും നന്നാവുക എന്നു കവി ചിന്തിച്ചിരിക്കണം. ഇങ്ങനെ ചിന്തയുണ്ടാവുന്നതുതന്നെ അന്യത്ര ഭരതോല്‍ക്കർഷം തെളിയിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, അയോധ്യയിൽ ജീവിച്ച രാമനെ അയോധ്യാപുരവാസികൾ എങ്ങനെ കാണുന്നു എന്നു വിശദീകരിച്ച വിധത്തിൽ കേകയത്തുജീവിച്ച ഭരതനെ കേകയത്തെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നു വിശദീകരിച്ചാൽ രാമപ്രഭാവം മങ്ങുമോ എന്ന ശങ്ക കവിപ്രവരര്‍ക്ക് ഉണ്ടായതുതന്നെ ഭരതന്റെ സ്വഭാവശോഭ എന്തുമാത്രമാണെന്ന് പറയാതെ പറയുന്നുണ്ടല്ലോ. അതിനാൽ കഥ അയോധ്യയെ കേന്ദ്രീകരിച്ചുമാത്രം പറയുന്ന രീതി കവികൾ അവലംബിച്ചതും രാമപ്രഭാവം ഊട്ടിയുറപ്പിക്കപ്പെടുന്നതിന് കാരണമായി എന്നു പറയാം. പക്ഷേ ഭരതന്റെ ധർമ്മപ്രഭാവം തീർത്തും മറഞ്ഞുപോയില്ല. അടുത്തു നിൽക്കുന്ന (രാമ) ചന്ദ്രന്റെ പ്രകാശം ഒട്ടകലെ ജ്വലിക്കുന്ന നക്ഷത്ര പ്രകാശത്തെ കെടുത്താൻ കഴിവുള്ളതല്ലല്ലോ. ദശരഥൻ തീപ്പെട്ട അയോധ്യയിലേക്ക് കടന്നുവന്ന ഭരതനിലൂടെയാണ് രാമചന്ദ്രൻ ഇല്ലാത്ത അയോധ്യ ഭരതന്റെ ധർമ്മപ്രഭാവം അറിഞ്ഞത്. അമ്മ ചെയ്തത് തെറ്റാണെന്നു പറഞ്ഞതിലൂടെതന്നെ അയോധ്യയറിഞ്ഞു, ഭരതന്റെ ധർമ്മബോധം സ്വജനപക്ഷപാതത്തിന്റെ മാലിന്യബാധ ലവലേശം ഇല്ലാത്തതാണെന്ന്.
രാമമാതാവായ കൗസല്യയോടും ലക്ഷ്മണമാതാവായ സുമിത്രയോടും ഭരതകുമാരൻ കാണിക്കുന്ന ശ്രദ്ധയും സ്നേഹാദരങ്ങളും വഴി അയോധ്യ മനസിലാക്കി, ഭരതൻ രാജാവായാലും കിട്ടേണ്ട ആദരം അധർമ്മം ചെയ്യാത്ത ഏതൊരാൾക്കും ഉറപ്പായും കിട്ടുമെന്ന്. പക്ഷേ ‘നിന്നെ ഞങ്ങൾ തെറ്റിദ്ധരിച്ചല്ലോ മകനേ’ എന്ന മാപ്പിന്റെ നനവുള്ള ഒരു മൊഴി കൗസല്യയോ സുമിത്രയോ പ്രകടിപ്പിച്ചോ…? നോക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.