കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതി (ദേശീയ പാത നിര്‍മ്മാണം) യിലെ മെല്ലപ്പോക്കിനെതിരെ പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 34,800 കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ദേശീയ പാത അതോറിട്ടി (എന്‍എച്ച്എ) കൃത്യവിലോപം കാട്ടുന്നതായി പിഎസി ചൂണ്ടിക്കാട്ടി. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്ര പദ്ധതി ഇഴഞ്ഞുനീങ്ങുന്നതായി കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതി കുറ്റപ്പെടുത്തി. 31 സംസ്ഥാനങ്ങളിലെ 550 ജില്ലകളെ ബന്ധിപ്പിക്കുന്ന പാത നിര്‍മ്മാണം അനന്തമായി നീളുകയാണ്. കൂടാതെ ബജറ്റ് വിഹിതം ക്രമരഹിതമായി വര്‍ധിക്കുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. 2025 ജനുവരിയില്‍ 26,425 കിലോമീറ്ററിന് 8.53 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്.
പദ്ധതി വൈകുന്നത് കാരണം ഭൂമിയേറ്റെടുക്കലിന് അധിക തുക വകയിരുത്തേണ്ട സ്ഥിതിയാണ്. 2022 ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി 2027–28 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഈ ലക്ഷ്യവും കൈവരിക്കാനാകില്ല. പദ്ധതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകളുണ്ട്. ദേശീയ പാത അതോറിട്ടിയുടേത് ഗുരുതരമായ കൃത്യവിലോപമാണെന്നും സമിതി യോഗം ചൂണ്ടിക്കാട്ടി. ദേശീയ പാത നിര്‍മ്മാണത്തില്‍ നേരത്തെയും പദ്ധതി ലക്ഷ്യം പ്രാവര്‍ത്തികമായിട്ടില്ല. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ രേഖ പ്രകാരം 2023 ഏപ്രില്‍-ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6,216 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. 13,800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണ പദ്ധതിയില്‍ 45 ശതമാനം മാത്രമാണ് ലക്ഷ്യം കൈവരിച്ചതെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ തന്നെ റിപ്പോര്‍ട്ട്. 2022 ല്‍ ലക്ഷ്യമിട്ട 12,500 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് പകരം പൂര്‍ത്തിയായത് 10,457 റോഡ് നിര്‍മ്മാണമാണ്. പ്രതിദിനം 80 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതിയുടെ തുടക്കത്തിലുള്ള തീരുമാനം. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ആദ്യഘട്ടം മൂന്നു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സമിതിയിലെ ബിജെപി അംഗമായ ജഗദാംബിക പാലും പ്രതികരിച്ചു. നിര്‍മ്മാണം വേഗത്തിലാക്കാന്‍ സമിതി ദേശീയ പാത അതോറിട്ടിയോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.