17 May 2024, Friday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

കര്‍ഷകര്‍ക്കൊപ്പം: 15 സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പൂര്‍ണം

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2021 10:25 pm

പത്ത് മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്ന് ഭാരത് ബന്ദ് സമ്പൂര്‍ണ വിജയമായി. എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യദാര്‍ഢ്യവുമായി രാജ്യത്തിന്റെ സമരചരിത്രത്തിലെ സുപ്രധാനമായ ഏടുകളിലൊന്നായി കര്‍ഷക പോരാട്ടം രേഖപ്പെടുത്തിയതോടെ ഭരണകൂടത്തിന്റെ പിടിവാശിക്കും ഏകാധിപത്യനയങ്ങള്‍ക്കുമേറ്റ കനത്ത തിരിച്ചടിയായി ഭാരത് ബന്ദ്.
കൃഷിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, സമരക്കാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാര നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുക, തൊഴിലാളി വിരുദ്ധ‑ജനദ്രോഹ നടപടികള്‍ തിരുത്തുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ച് സാധാരണക്കാരനെ ദ്രോഹിക്കുന്ന നയം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യ കിസാന്‍സഭയുള്‍പ്പെടെ കര്‍ഷക സംഘടനകളടങ്ങുന്ന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടത്തിയത്. 

ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി സംഘടനകളും ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും വിവിധ യുവജന‑വിദ്യാര്‍ത്ഥി-മഹിളാ സംഘടനകളുമെല്ലാം ഭാരത് ബന്ദിന്റെ ഭാഗമായി. ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും ഉള്‍പ്പെടെയുള്ള അവശ്യ സേവനമേഖലകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

രാജ്യത്തെ പല ഹൈവേകളും കര്‍ഷകരുടെ നിയന്ത്രണത്തിലായി. ഇതോടെ ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗതാഗതം തടസപ്പെട്ടു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതെ നടത്തിയ പ്രതിഷേധം തലസ്ഥാന നഗരിയിലെ നിരത്തുകളില്‍ വന്‍ വാഹന നിര സൃഷ്ടിച്ചു. കര്‍ഷക പ്രതിഷേധം തുടരുന്ന ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ അതിര്‍ത്തി പൊലീസ് അടച്ചിരുന്നു. ഹരിയാനയും ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന സിഘു, ടിക്രി അതിര്‍ത്തികളിലും സമാനമായ ഒരുക്കങ്ങള്‍ പൊലീസ് നടത്തിയിരുന്നു. 15 സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ പറഞ്ഞു.

ചരിത്ര വിജയം: തൊഴിലാളി സംഘടനകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ‑തൊഴിലാളിവിരുദ്ധ‑ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാനും തിരുത്തിക്കാനുമുള്ള രാജ്യത്തെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഉറച്ച തീരുമാനമാണ് ഭാരത് ബന്ദിന്റെ വലിയ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകള്‍/അസോസിയേഷനുകള്‍ എന്നിവയുടെയും പൊതുവേദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബന്ദ് പൂര്‍ണമായതായും മറ്റുള്ള സംസ്ഥാനങ്ങളില്‍ ബന്ദിന് വലിയ സ്വീകാര്യത ലഭിച്ചതായുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കി. 

Eng­lish Sum­ma­ry : bharath bandh com­plete in fif­teen states of india

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.