19 December 2024, Thursday
KSFE Galaxy Chits Banner 2

ഭാർഗവീനിലയവും നീലവെളിച്ചവും

രമേശ് ബാബു
മാറ്റൊലി
May 4, 2023 4:30 am

ത്തമമായ കലാസൃഷ്ടികളെല്ലാം തന്നെ ധ്വനിസാന്ദ്രമായിരിക്കും. അവ ധ്വനനശക്തിയുള്ള പ്രതീകങ്ങളിലൂടെയും ബിംബ കല്പനകളിലൂടെയും സഹൃദയരെ പ്രചോദിപ്പിക്കുകയും സൃഷ്ടിയുടെ അപ്പുറത്തേക്കുള്ള ഒരു ഭാവനാ ലോകത്തിലേക്ക് ആനയിക്കുകയും അങ്ങനെ കലയുടെ ധർമ്മം സാക്ഷാത്കരിക്കുകയും ചെയ്യും. സ്രഷ്ടാവായ കലാകാരന്റെ സർഗാത്മകത ജന്മം കൊടുക്കുന്ന സൃഷ്ടികൾ സഹൃദയഹൃത്തിൽ അനുഭൂതികളുടെ മറ്റൊരു ലോകം തീർക്കുമ്പോൾ ആ കലാസ്വാദനം സ്വകീയാനുഭവമായി മാറും. ആ സ്വകീയതയെ അനുവാചകർ ഹൃദയത്തിൽ താലോലിക്കുമ്പോഴാണ് കലാസൃഷ്ടികൾ അമരത്വം നേടുന്നത്.
ചിത്രകലയും സാഹിത്യവും സംഗീതവും അരങ്ങിലെ കലാരൂപങ്ങളുമെല്ലാം ധ്വനിസാന്ദ്രമാകുമ്പോഴാണ് കലയുടെ സൗന്ദര്യാനുഭൂതി പ്രദാനം ചെയ്യുന്നത്. ആധുനിക കാലത്തിന്റെ കലയായ ചലച്ചിത്രങ്ങളിലേക്ക് വരുമ്പോൾ ആവിഷ്കാരത്തിന് അളവില്ലാത്ത വഴികൾ ഉണ്ടെന്നതാണ് സവിശേഷത. വിഷയാവതരണത്തിന് സാങ്കേതികത അത്ഭുതകരമായി പ്രയോജനപ്പെടുത്താനാവുമെന്നത് ചലച്ചിത്രങ്ങളുടെ മേന്മമയാണ്. ഈ വിപുല സാധ്യതകളെ കലാപരമായി ഉപയോഗിക്കാൻ കഴിയാതെ വരുന്നത് സംവിധായകന്റെ പരിമിതിയും. ഇക്കാലത്തെ മിക്ക ചിത്രങ്ങളും സാങ്കേതികത്വത്തിന്റെ അനന്തസാധ്യതകൾ ഉപയോഗിച്ച് യഥാതഥം പ്രമേയത്തെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ ഇല്ലാതെ പോകുന്ന അംശം കലയുടെ ധ്വന്യാത്മകതയാണ്. ചലച്ചിത്രത്തിനും കലയുടെ കാവ്യാത്മകതയിലേക്ക് ഉയരാമെന്നും കാലങ്ങളോളം തലമുറകളെ ആകർഷിച്ചുകൊണ്ട് നിത്യഹരിതമായി നിൽക്കാനാവുമെന്നും മലയാള ചലച്ചിത്ര ചരിത്രത്തിൽ ആദ്യം തെളിയിച്ച ചിത്രം എ വിൻസെന്റിന്റെ ഭാർഗവീനിലയമാണ്.


ഇതുകൂടി വായിക്കൂ: മധു ചോദിക്കുന്നു; എന്നെ കൊന്നതെന്തിന്?


ചലച്ചിത്രം എന്ന ശില്പത്തെ എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ചുകൊണ്ട് കറുപ്പിലും വെളുപ്പിലും തീർത്ത ഈ ദൃശ്യവിസ്മയത്തെ വെല്ലാൻ ഇതുവരെ മറ്റൊരു ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല. സംഭ്രമാത്മകമായി പതിഞ്ഞ കാലത്തിൽ അനുനിമിഷം വളർന്ന് ഉച്ചസ്ഥിതിയിലെത്തുന്ന ഒരു ചിത്രം മലയാളത്തിൽ അനന്യമാണ്. കഥാ തന്തുവിന്റെ വികാസം പ്രേക്ഷകർ അറിയാതെ അവരുടെ ഹൃദയത്തിൽ സംഭവിക്കുകയാണ്. കാഴ്ചയുടെ ഒടുക്കം ഈ ചിത്രം കലാസൗന്ദര്യത്തിന്റെ മധുരസ്മരണകളാണ് ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്. ഭാർഗവീനിലയം എന്ന ചലച്ചിത്ര രൂപം ഒരിക്കലും പഴക്കം തോന്നിപ്പിക്കുന്നില്ല. എത്ര കണ്ടാലും മടുപ്പിക്കുന്നില്ല. കാരണം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരൊക്കെയും കർമ്മമേഖലയിൽ ഇതിഹാസമാനമുള്ള മനീഷികളായിരുന്നു.
വൈക്കം മുഹമ്മദ് ബഷീർ എന്ന മാന്ത്രികനായ എഴുത്തുകാരൻ അദ്ദേഹത്തിന്റെ ‘നീലവെളിച്ചം’ എന്ന കഥയ്ക്ക് ഭാർഗവീനിലയം എന്ന പേരിൽ ആദ്യമായൊരു തിരക്കഥ രചിച്ചപ്പോൾ ആ കൃതഹസ്തത അതിശയിപ്പിക്കുന്നതായി. അതുപോലെ എ വിൻസെന്റ് എന്ന ക്യാമറാമാന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ അദ്ദേഹം തന്റെ സർഗ്ഗശേഷിയും ഊർജവും മുഴുവൻ വിനിയോഗിച്ചിരിക്കുന്നു. ഈ ചലച്ചിത്രത്തിൽ പാട്ടുകൾ പ്രമേയത്തിന് അനിവാര്യമായി മാറുന്നു. പി ഭാസ്കരൻ എഴുതിയ ഗാനങ്ങളെല്ലാം അതിമനോഹരം. ബഷീറിന്റെ ‘അനർഘനിമിഷം’ എന്ന രചനയിൽ നിന്നുള്ള ദർശനങ്ങൾ ഉൾക്കൊണ്ടാണ് ‘ഏകാന്തതയുടെ അപാരതീരം’ എന്ന എക്കാലത്തെയും ക്ലാസിക് ഗാനം അദ്ദേഹം എഴുതിയിരിക്കുന്നത്. ഓരോ പാട്ടും ചിത്രത്തിന്റെ ഗാത്രത്തോട് ഇഴുകി ചേർന്നിരിക്കുന്നു. എം എസ് ബാബുരാജ് ആകട്ടെ ഹൃദയരക്തം ചാലിച്ചാണ് ഓരോ പാട്ടിനും ഈണം നല്കിയിരിക്കുന്നത്. ‘താമസമെന്തേ വരുവാൻ’ യേശുദാസിന് ആസ്വാദക ഹൃദയത്തിൽ സ്വർണ സിംഹാസനമാണ് ഒരുക്കിക്കൊടുത്തത്. ജാനകി യുഗഗായികയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ‘വാസന്ത പഞ്ചമി നാളിൽ’, ‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു’, ‘അനുരാഗ മധുചഷകം’ തുടങ്ങിയ ഗാനങ്ങൾ. ഗായകന്റെ കണ്ഠത്തിന്റെ പ്രാധാന്യം സീനുകളെ എങ്ങനെ സ്വാധീനിക്കുന്നു, അനുയോജ്യമാക്കുന്നു എന്ന് കമുകറ പുരുഷോത്തമന്റെ ‘ഏകാന്തതയുടെ അപാരതീരം’ എന്ന ഗാനാലാപനം ബോധ്യപ്പെടുത്തുന്നു. ഭാർഗവീനിലയത്തിലെ മാസ്റ്റർ പീസ് ഗാനവും ഇതുതന്നെയാണല്ലോ.


ഇതുകൂടി വായിക്കൂ: ബ്രഹ്മപുരങ്ങളും ഒരേയൊരു ഭൂമിയും


1964ൽ ഭാർഗവീനിലയം ചിത്രീകരിക്കുമ്പോൾ നടൻ മധു ഏതാണ്ട് തുടക്കക്കാരനാണ്. എന്നിട്ടും എഴുത്തുകാരനെ അവതരിപ്പിക്കുന്ന മധുവാണ് സിനിമയെ ഇടവേളവരെ ഒട്ടും വിരസമാകാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. അടൂർഭാസിയുടെ പരീക്കണ്ണി, പി ജെ ആന്റണിയുടെ എം എൻ എല്ലാം അന്യാദൃശമായ അഭിനയ മികവിനാൽ കഥാഗതിയെ കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടവേളയ്ക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന ശശികുമാർ എന്ന കലാകാരനെ അവതരിപ്പിച്ചുകൊണ്ട് പ്രേംനസീർ രംഗപ്രവേശം ചെയ്യുന്നതോടെ ജന്മനായുള്ള ‘കരിസ്മാറ്റിക്’ പ്രത്യേകതയാൽ മറ്റെല്ലാവരെയും അദ്ദേഹം നിഷ്പ്രഭമാക്കുകയാണ്. കാല്പനികതയുടെ ഭാവാദികളും നിഷ്കളങ്ക നായകന്റെ സൗന്ദര്യവുമായി ഭാർഗവീനിലയത്തിൽ നിന്ന് പ്രേംനസീർ പിന്നെ മലയാളിയുടെ കാമുക സങ്കല്പമായി ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നുവല്ലോ. (കൗമുദി ബാലകൃഷ്ണൻ 1964 ൽ ഭാർഗവീ നിലയത്തിനെഴുതിയ നിരൂപണത്തിൽ രേഖപ്പെടുത്തിയിട്ടുളളത് — പ്രേംനസീറിനെയല്ലാതെ ഇനിയൊരു നടനെ ശശികുമാറായി സങ്കല്പിക്കാൻ കഴിയുമോ?) അറുപതുകളിൽ പത്മിനി, രാഗിണിമാരും ഷീല, ശാരദ, അംബിക തുടങ്ങിയ നായികനടികളും മലയാള സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് ബഷീറിന്റെ ഗന്ധർവ്വ കന്യകയായ ഭാർഗവിയെ അവതരിപ്പിക്കാൻ തെലുങ്കിൽ നിന്ന് വിജയനിർമ്മലയെ തെരഞ്ഞെടുക്കുന്നത്. “ജലകന്യകേ, അഗാധമായ രണ്ട് മഹാസമുദ്രങ്ങളാണ് നിന്റെ മോഹനനയനങ്ങൾ” എന്ന് ശശികുമാർ കാമുകിയായ ഭാർഗവിയെ നോക്കി കടൽക്കരയിൽ നിന്ന് പറയുമ്പോൾ വിജയനിർമ്മലയുടെ കണ്ണുകളിൽ പ്രേക്ഷകരും സമുദ്രനീലിമ കാണുകയാണ്.
മലയാള സിനിമയിലെ ആദ്യ സ്വപ്നസന്നിഭ കഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാർഗവീ നിലയത്തിന്റെ ചിത്രസംയോജനം ചെയ്ത ജി വെങ്കിട്ടരാമൻ, കലാസംവിധായകനായ എസ് കൊന്നനാട്, നൃത്തസംവിധായകൻ തങ്കപ്പൻ, ഛായാഗ്രഹണം നിർവഹിച്ച പി ഭാസ്കർ റാവു, പി എൻ സുന്ദരം എന്നിവരുടെയെല്ലാം കഴിവുകളെ പരമാവധി ഊറ്റിയെടുത്താണ് വിൻസെന്റ് മാഷ് തന്റെ ആദ്യ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. ആ ആത്മവിശ്വാസത്തിലാകണം മരിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. “ഞാൻ വെല്ലുവിളിക്കുന്നു, ഇതുപോലൊരു ചിത്രം ഇനി മലയാളത്തിൽ ആർക്കെങ്കിലും ചെയ്യാനാവുമോയെന്ന് “. ഭാർഗവീനിലയം എന്ന വേൾഡ് ക്ലാസിക് സിനിമ പിറന്നിട്ട് 2023 ൽ 59 വർഷം ആകുന്നു. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഇത്രയും എഴുതാൻ കാരണം നീലവെളിച്ചം എന്ന പേരിൽ ഇറങ്ങിയ പുനരാഖ്യാനമാണ്.


ഇതുകൂടി വായിക്കൂ: അഭൗമ കോകിലവാണി


മഹാഗുരുക്കന്മാരുടെ നിർമ്മിതികളെ സ്വയം മനസിലാക്കാതെ സ്പർശിക്കാൻ കാട്ടുന്ന ധാർഷ്ട്യം അനാദരവിൽ നിന്നും ഗുരുത്വമില്ലായ്മയിൽ നിന്നും ഉടലെടുക്കുന്ന പ്രവണതയാണ്. മലയാളത്തിൽ എത്രയെങ്കിലും പഴയ സിനിമകളെ പുനർനിർമ്മിക്കാൻ പലരും ശ്രമിച്ചെങ്കിലും ഒക്കെയും കലാപരമായി വൻ പരാജയം തന്നെയായിരുന്നു. ബഷീറിന്റെ ഭാർഗവീനിലയത്തെ ഒരു പ്രൊഫഷണൽ നാടകട്രൂപ്പ് സാങ്കേതികത്തികവോടെ സ്റ്റേജിൽ അവതരിപ്പിച്ചത് ഡിജിറ്റൽ ഷൂട്ട് ചെയ്ത് വെള്ളിത്തിരയിൽ പ്രദർശിപ്പിച്ചാൽ അത് നീലവെളിച്ചമായി. നമ്മുടെ നാട്ടിലെ നാടക സംഘങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി നായികാ ദാരിദ്ര്യമാണെന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ പറഞ്ഞിരുന്നു. സിനിമയുടെയും സീരിയലിന്റെയും തള്ളിച്ചകൾക്കിടയിൽ നാല്പതുകാരികൾ വേണം നാടകത്തിൽ ഇരുപതുകാരിയുടെ വേഷം കെട്ടാൻ. ബഷീർ ജലദേവതേ, രാജകുമാരി, കന്യകേ എന്നൊക്കെ വിളിക്കുന്ന സ്വപ്നസഞ്ചാരിണിയായ നായികയെ മധ്യവയസ്കയായ, കണ്ണിൽ അനുരാഗ ചൈതന്യം നശിച്ച സ്ത്രീക്ക് പ്രതിനിധാനം ചെയ്യാനാകുമോ? നമ്മുടെ സിനിമാക്കാർ സമകാലിക ജീവിതത്തിൽ നിന്ന് കഥകൾ കണ്ടെത്തി അവയ്ക്ക് കാലോചിത ദൃശ്യഭാഷയൊരുക്കുവാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മഹാപ്രതിഭകളുടെ സൃഷ്ടികളിൻമേൽ കൈവയ്ക്കുകയല്ല. ജീനിയസുകൾ അപൂർവമായെ പിറക്കൂ. അവർക്ക് കാലമില്ല. ശരാശരിക്കാർ ഒത്തുകൂടി പണവും സമയവും ഊർജവും നീലവെളിച്ചത്തിൽ വൃഥാ ഒഴുകിക്കളഞ്ഞിട്ട് ആർക്ക് എന്തു നേട്ടം?

മാറ്റൊലി

“അമൂർത്തങ്ങളായ ആദിരൂപങ്ങളെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാനാവുന്നതല്ല. അതിന് യുക്തിയാലധിഷ്ഠിതമായ ധ്യാനാത്മക പരിചിന്തനം വേണം”.
— പ്ലേറ്റോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.