10 December 2025, Wednesday

ഭോപ്പാല്‍ ദുരന്തം: മാലിന്യ അവശിഷ്ടങ്ങളില്‍ കാന്‍സര്‍ പതിയിരിക്കുന്നു

നീക്കം ചെയ്യല്‍ വിഫലം 
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ മൗനത്തില്‍ 
Janayugom Webdesk
ഭോപ്പാല്‍
July 26, 2024 7:23 pm

രാജ്യം നടുങ്ങിയ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് 40 വയസ് തികയുന്ന വേളയിലും കാന്‍സര്‍ രോഗ വ്യാപന ഭീതിയില്‍ മധ്യപ്രദേശിലെ പിതാംപൂരിലെ ജനങ്ങള്‍. ദുരന്തത്തിന്ശേഷം നീക്കം ചെയ്യാതെ അവശേഷിക്കുന്ന മാലിന്യമാണ് ജനങ്ങളില്‍ കാന്‍സര്‍ രോഗ ഭീതി വര്‍ധിപ്പിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന നിസ്സംഗതിയില്‍ ജനങ്ങളും ആശങ്കകൂലരാണ്. 

ദുരന്തത്തിന്ശേഷം കേവലം അഞ്ച് ശതമാനം മാലിന്യ അവശിഷ്ടമാണ് ഫാക്ടറി സ്ഥിതി ചെയ്യുന്ന പീതംപൂര്‍ മേഖലയില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിച്ചത്. ബാക്കിയുള്ള കൊടിയ വിഷമാലിന്യമാണ് മേഖലയില്‍ കാന്‍സര്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ 350 മെട്രിക് ടണ്‍ മാലിന്യ അവശിഷ്ടമാണ് ഫാക്ടറി പരിസരത്ത് കെട്ടിക്കിടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ജര്‍മന്‍ കമ്പനിയായ ജിഐഇസഡ് 22 കോടി രൂപ ചെലവില്‍ മാലിന്യം നീക്കം ചെയ്യാന്‍ സന്നദ്ധമായി രംഗത്ത് വന്നുവെങ്കിലും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിച്ചതോടെ പദ്ധതി പാതി വഴിയില്‍ നിലച്ചു. ഫാക്ടറി പരിസരത്ത് നിന്ന് വിഷമാലിന്യം നീക്കം ചെയ്യാന്‍ ഇപ്പോള്‍ 125 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തുന്നത്. ദുരന്തശേഷം അഞ്ച് ശതമാനം വിഷമാലിന്യം മാത്രമാണ് പദ്ധതി പ്രദേശത്ത് നീക്കം ചെയ്തതെന്നും ബാക്കിയുള്ള മാലിന്യം മാരകമായ കാന്‍സര്‍ ഭീതി ഉയര്‍ത്തുന്നതയും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന അവസരത്തിലാണ് ജനങ്ങളുടെ ആരോഗ്യം കൈയ്യില്‍ വെച്ചുള്ള സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ വിളയാട്ടം. അര്‍ബുദത്തിന് കാരണമാകുന്ന ഒര്‍ഗനോ ക്ലേറിന്‍, ഡയേക്സിന്‍, ഫര്‍ണസ് കെമിക്കലുകള്‍ എന്നിവ മനുഷ്യര്‍ക്ക് മാരകമായ രോഗങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവ് ഇല്ലാതെയാണ് ഭരണാധികാരികള്‍ വിഷയത്തെ ലഘുകരിച്ച് കാണുന്നത്.

ഫാക്ടറി സ്ഥിതി ചെയ്യുന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കെമിക്കലുകളുടെ പ്രസരണം കാന്‍സര്‍ പോലുള്ള മാരക രോഗത്തിന് കാരണമാകുമെന്ന വിലയിരുത്തലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി എടുത്തിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും അധികാരികള്‍ കണ്ടഭാവം നടിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യം കത്തിച്ച് കളയാനുള്ള അധികൃതരുടെ തീരുമാനം ആദ്യം മുതല്‍ പ്രദേശവാസികള്‍ എതിര്‍ത്തിരുന്നു. പദ്ധതി പ്രദേശത്ത് മാലിന്യം കത്തിച്ച് നശിപ്പിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറും പരിസ്ഥിതി മന്ത്രിയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യാതെന്നും ഇതുവരെ സംഭവിച്ചില്ലെന്ന് ലോക് മൈത്രി സന്‍സ്താന്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ ഗൗതം കോത്താര്‍ പ്രതികരിച്ചു. ഫാക്ടറി പരിസരത്ത് നിന്ന് വിഷമാലിന്യം നീക്കം ചെയ്യാത്ത പക്ഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിയിലുള്ള മാലിന്യം പൈപ്പ് വഴി യശ്വന്ത്പൂര്‍ അണക്കെട്ടിന്റെ സമീപ ഗ്രമാമായ താരപൂര വില്ലേജില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും വിജയം കണ്ടില്ല. 2007 ല്‍ സമീപ സംസ്ഥാനമായ ഗുജറാത്തും മാലിന്യം നീക്കം എതിര്‍ത്ത് രംഗത്ത് വന്നത് പ്രശ്നം സങ്കീര്‍ണമാക്കി.

ഇതിനിടെ ജനവാസമില്ലാത്ത പ്രദേശത്ത് കുഴിച്ച് മുടാനുള്ള പദ്ധതി 2012 ല്‍ ആവിഷ്കരിച്ചുവെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ അവതാളത്തിലായി. വിഷവാതക ദുരന്തത്തില്‍ മരിച്ചവരുടെ ഔദ്യോഗിക കണക്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ 5,295 പേരും മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കില്‍ 15,342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്ത് വിട്ട കണക്കില്‍ മരണസംഖ്യ 25,000 ആയിരുന്നു. ദുരന്തത്തിന്ശേഷം മാലിന്യം ജലത്തില്‍ കലര്‍ന്നതോടെ ശുദ്ധജലം കുടിക്കാന്‍ പോലും അകാത്ത സ്ഥിതിയിലാണ് പീതാംപൂര്‍ നിവാസികളുടെ ജീവിതം . ഫാക്ടറിക്ക് ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ജലത്തില്‍ മാരക വിഷാംശം കലര്‍ന്നതായി ഔദ്യോഗിക രേഖയില്‍ പറയുന്നുണ്ട്. 1984 ഡിസംബര്‍ രണ്ടിനും മൂന്നിനുമായിരുന്നു യുണിയന്‍ കാര്‍ബൈഡ് അഥവ ഡേ കെമിക്കല്‍സ് എന്ന ഫാക്ടറിയിലെ ഫര്‍ണസ് പൊട്ടിത്തെറിച്ച് ലോകത്തെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. മീതൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ശ്വസിച്ച് 25,000 ഓളം പേര്‍ മരിച്ച ദുരന്തം ലോകത്തെ ഏറ്റവും വലിയ ദുരന്തമയാണ് വിശേഷിപ്പിക്കുന്നത്. വാറന്‍ ആന്‍ഡേഴ്സണ്‍ എന്ന വ്യക്തിയുടെ കമ്പനിയില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവര്‍ക്കും കുടംബാങ്ങള്‍ക്കും , പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പരാജയപ്പെട്ടത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേസില്‍ വിചാരണ നടത്താതെ കമ്പനി ഉടമയെ രാജ്യം വിടാന്‍ സഹായിച്ച കേന്ദ്ര അന്നത്തെ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന അര്‍ജുന്‍ സിങ്ങിന്റെ ഇടപെടലും രൂക്ഷവിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. 

Eng­lish Sum­ma­ry: Bhopal dis­as­ter: Can­cer lurks in garbage debris

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.