10 May 2024, Friday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
February 18, 2024
February 7, 2024
January 29, 2024
January 13, 2024
January 11, 2024

ബിഹാര്‍ ജാതി സര്‍വേ ; 34 ശതമാനം ജനങ്ങള്‍ പട്ടിണിയില്‍

Janayugom Webdesk
പട്ന
November 7, 2023 11:35 pm

ബിഹാറിലെ 34 ശതമാനം ജനങ്ങള്‍ കഴിയുന്നത് പട്ടിണിയില്‍. പ്രതിമാസം 6,000 രൂപയില്‍ താഴെ മാത്രം വരുമാനത്തിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നതെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട ജാതി സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്ററി കാര്യ മന്ത്രി വിജയ് കുമാര്‍ ചൗധരിയാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

സംസ്ഥാനത്ത് ആകെയുള്ള 2.97 കോടി കുടുംബങ്ങളില്‍ 94 ലക്ഷം പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. ആകെ ജനസംഖ്യയില്‍ 42 ശതമാനം വരുന്ന ദളിത്-ആദിവാസി ഗോത്രവിഭാഗം ജനങ്ങളും കടുത്ത പട്ടിണിക്കാരും ഭവനരഹിതരുമാണ്. പ്രതിമാസം 10,000 രൂപവരെ വരുമാനമുള്ളവരുടെ ശതമാനം 29.61 ആണ്. 28 ശതമാനം പേര്‍ 10,000 നും 50,000 ഇടയില്‍ മാസവരുമാനമുള്ളവരാണ്. വെറും നാല് ശതമാനം പേര്‍ക്കാണ് 50,000 രൂപ പ്രതിമാസ വരുമാനമുള്ളത്. 33 ശതമാനം വരുന്ന പിന്നാക്ക‑അതിപിന്നാക്ക വിഭാഗത്തിന്റെ അവസ്ഥ പരമദയനീയമാണ്. പട്ടികജാതി വിഭാഗത്തില്‍ 5.76 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്ലസ‌്ടു കടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സവര്‍ണര്‍ക്കിടയിലും പട്ടിണി നേരിടുന്നുവെങ്കിലും അതിനെക്കാള്‍ ഭീകരമായ അവസ്ഥയാണ് പിന്നാക്ക, പട്ടികജാതി-വര്‍ഗ, ആദിവാസി, ദളിത് വിഭാഗം നേരിടുന്നത്. സംസ്ഥാനത്തെ 50 ലക്ഷം പൗരന്‍മാരും മികച്ച തൊഴിലും വിദ്യാഭ്യാസവും തേടി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ജനസംഖ്യയില്‍ 60 ശതമാനം പിന്നാക്ക‑അതിപിന്നാക്ക വിഭാഗങ്ങളാണ്. ജാതി കണക്കില്‍ 10 ശതമാനമാണ് മുന്നാക്കക്കാര്‍. ഇതില്‍ 25 ശതമാനം പേര്‍ പട്ടിണി നേരിടുന്നുണ്ട്.

1990ല്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കും മുമ്പ് ബിഹാര്‍ രാഷ്ടീയത്തിലും ഭൂമിയുടെ അവകാശത്തിലും കുത്തകയുണ്ടായിരുന്ന ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ടവരും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കളില്‍ മുന്നാക്കക്കാരായ കയസ്ത വിഭാഗമാണ് കുടുതല്‍ സുഖസൗകര്യത്തോടെ ജീവിക്കുന്നത്. നഗരങ്ങളില്‍ വസിക്കുന്ന ഇവരുടെ ശതമാനം 13.83 ആണ്.

ബിഹാറിലെ ജാതി സെന്‍സസിനെ എതിര്‍ത്ത് ബിജെപി നേരത്തെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സെന്‍സസ് നടപടിയിലൂടെ പിന്നാക്ക വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് നീതീഷ് കുമാര്‍ തിരിച്ചടിച്ചു.

സംവരണം 65 ശതമാനമാക്കണം: നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 65 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്രനിയമമനുസരിച്ചുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് പുറമെയാണിത്. നിര്‍ദേശാടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായും പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം രണ്ട് ശതമാനമായും പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 43 ശതമാനമായും ഉയരും. ഇതുമായി ബന്ധപ്പെട്ട് ഒരു നിയമം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്.

Eng­lish Sum­ma­ry: Bihar Caste Survey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.