20 May 2024, Monday

Related news

May 20, 2024
May 19, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024

എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വകാര്യവല്‍ക്കരണത്തിന്റെ ഇര

Janayugom Webdesk
May 10, 2024 5:00 am

ചൊവാഴ്ച രാത്രി മുതല്‍ എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ യാതൊരു മുന്നറിയിപ്പും ബദൽ സംവിധാനങ്ങളും കൂടാതെ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ആയിരക്കണക്കിന് യാത്രക്കാരെ അവർണനീയ ദുരിതത്തിലാക്കി. ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടി വന്നത് കേരളത്തിൽ നിന്നും പശ്ചിമേഷ്യൻ ലക്ഷ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്കുചെയ്ത മലയാളികളടക്കമുള്ള യാത്രക്കാര്‍ക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയും അവധിക്കാലം പൂർത്തിയാക്കിയും നിശ്ചിതസമയത്ത് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവർ ജോലി നഷ്ടപ്പെടുമെന്ന അതീവ ഉത്കണ്ഠയിലാണ്. മറ്റ് വിമാന സർവീസുകളിൽ ക്രമാതീതമായി ഉയർന്ന യാത്രക്കൂലി നൽകി യാത്രചെയ്യാൻ കഴിയാത്തവരുടെ ഭാവി തന്നെ ഇരുളടഞ്ഞതാകുമെന്ന് അവർ ഭയപ്പെടുന്നു. പ്രശ്നം നീണ്ടുപോകാനാണ് സാധ്യത എന്ന വാർത്ത അത്തരക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത നിരാശയിലാക്കി. ഏറ്റവും കുറഞ്ഞ യാത്രക്കൂലി ഈടാക്കുന്ന വിമാന സർവീസ് എന്ന കാരണത്താൽ പശ്ചിമേഷ്യയിൽ കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികളും സാധാരണക്കാരും ഏറ്റവുമധികം ആശ്രയിക്കുന്ന വിമാന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്നുള്ള ഏറ്റവും സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യം വച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചതുതന്നെ. കമ്പനിയുടെ യാത്രക്കാരിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളവരുമാണ്. കേരളത്തിൽ നിന്നും കേരളത്തിലേക്കുമായി വിവിധ പശ്ചിമേഷ്യൻ ലക്ഷ്യങ്ങളിൽനിന്നും അവിടേക്കുമായി കമ്പനി പ്രതിദിനം 30 സർവീസുകളെങ്കിലും നടത്തുന്നുണ്ട്. പ്രതിദിനം 5000ത്തിലധികം യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തുന്നതിൽ കേന്ദ്ര വ്യോമയാന വകുപ്പും വിദേശകാര്യ വകുപ്പും അതിന്റെ കേരളത്തിൽ നിന്നുള്ള സഹമന്ത്രിയും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. 

എയർ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തെ തുടർന്ന് ഉടലെടുത്ത തൊഴിൽപ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ലഭ്യമായ വിവരമനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വിമാനക്കമ്പനി എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 116.84 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. അവരുടെ എയർ ഏഷ്യ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എന്നിവയുടെ അതേ കാലയളവിലെ മൊത്തം നഷ്ടം 15,530 കോടി രൂപ വരും. ലാഭകരമായി പ്രവർത്തിച്ചുവരുന്ന എയർ ഇന്ത്യ എക്സ്പ്രസിനെ എയർ ഏഷ്യ ഇന്ത്യയുമായി സംയോജിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മികവും സീനിയോറിറ്റിയും മറികടന്ന് എയർ ഏഷ്യ ഇന്ത്യയുടെ ജീവനക്കാരെ അവർക്കുമീതെ പ്രതിഷ്ഠിക്കാനുള്ള നീക്കം ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനുപുറമെ ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജീവനക്കാർക്ക് നാളിതുവരെ ലഭിച്ചുപോന്ന വീട്ടുവാടക ബത്തയടക്കം നിഷേധിക്കാനുള്ള തീരുമാനം അവരുടെ വരുമാനത്തിൽ ഗണ്യമായ ഇടിവിന് കാരണമാകും. ഇത്തരം വിഷയങ്ങളിൽ ജീവനക്കാരുടെ പരാതികളോട് പ്രതികരിക്കാനോ അവയ്ക്ക് ന്യായമായ പരിഹാരം കാണാനോ മാനേജ്മെന്റ് വിസമ്മതിച്ചതാണ് രോഗാവധിയടക്കം പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാൻ ജീവനക്കാരെ നിർബന്ധിതരാക്കിയത്. ഈ സംഭവവികാസങ്ങൾ ഒറ്റപ്പെട്ടവയല്ല. ടാറ്റായുടെ തന്നെ എയർ ഇന്ത്യയും വിസ്താരയും സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി സമാന പ്രശ്നങ്ങൾ വിസ്താര ജീവനക്കാരും നേരിടുന്നുണ്ട്. തല്‍ഫലമായി ജീവനക്കാർ രോഗാവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് വിസ്താരയുടെ 150 സർവീസുകൾ ഏപ്രിൽ ആരംഭത്തിൽ റദ്ദാക്കേണ്ടിവന്നു. പ്രശ്നം ഇപ്പോഴും അപരിഹാര്യമായി തുടരുകയാണ്. ഈ തിങ്കളാഴ്ച മാത്രം വിസ്താരയുടെ 80 സർവീസുകൾ റദ്ദാക്കപ്പെടുകയും 90 സർവീസുകൾ വൈകുകയുമുണ്ടായി. ചൊവ്വാഴ്ചയും സ്ഥിതി മെച്ചപ്പെട്ടില്ല. 50 സർവീസുകൾ റദ്ദാവുകയും നിരവധി സർവീസുകൾ വൈകുകയുമുണ്ടായി. ഇവിടെയും പ്രശ്നപരിഹാരം അകലെയാണെന്നാണ് സൂചന. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും സംയോജിപ്പിച്ചതിനെ തുടർന്ന് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങളും നീറിപ്പുകയുകയാണ്. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനികൾ സ്വകാര്യവൽക്കരിച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങളിൽ മോഡി സർക്കാർ കേവലം നിശബ്ദ കാഴ്ചക്കാരായി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 

തൊഴിലാളികൾക്കും ജീവനക്കാർക്കും നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ലാഭമുണ്ടാക്കാമെന്ന വ്യാമോഹമാണ് മോഡി യുഗത്തിലെ കോർപറേറ്റുകളുടേത്. തൊഴിലാളികൾ അതിനു വഴങ്ങുന്നില്ലെങ്കിൽ തൊഴിൽനിഷേധവും പിരിച്ചുവിടലുംകൊണ്ട് അവരെ നേരിടാനാണ് മൂലധന ശക്തികൾ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് ആ ദിശയിൽ നീക്കം ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാരുടെ രോഷം ജീവനക്കാർക്കെതിരെ തിരിച്ചുവിട്ട് ജീവനക്കാരുടെ ചെറുത്തുനില്പ് അട്ടിമറിക്കാനാണ് അവർ ശ്രമിച്ചത്. മോഡി സർക്കാരിന്റെ എല്ലാവിധ പിന്തുണയോടെയും ഒത്താശയോടെയുമാണ് ഈ അട്ടിമറി ശ്രമം അരങ്ങേറിയത്. അതുകൊണ്ടുതന്നെയാണ് പതിനായിരക്കണക്കിന് കുടുംബങ്ങളെയും യാത്രക്കാരെയും ബാധിക്കുന്ന പ്രശ്നത്തോട് പ്രതികരിക്കുകപോലും ചെയ്യാതെ മോഡി സർക്കാർ കുറ്റകരമായ നിശബ്ദത പാലിച്ചത്. മോഡി സർക്കാരിന്റെ ഈ വിനാശകരമായ കോർപറേറ്റ് ചങ്ങാത്തം തുറന്നുകാട്ടാൻ വിസമ്മതിക്കുന്ന കോർപറേറ്റ് മാധ്യമങ്ങളും ജനങ്ങൾക്കെതിരായ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. പ്രശ്നത്തിന് ഇന്നലെ വൈകി പരിഹാരമായെങ്കിലും വിനാശകരവും പ്രതിലോമകരവുമായ ഈ കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.