
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വൻ വിജയം നേടിയിരിക്കുന്നു. ഒരർത്ഥത്തിൽ അവർ നിലനിർത്തിയെന്ന് പറയാമെങ്കിലും മുൻതവണത്തേതിനെക്കാൾ മെച്ചപ്പെട്ട നിലയിലാണ് അവരുടെ പ്രകടനം. പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നതും വസ്തുതയാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതായിരുന്നു. എന്നാൽ ജയിക്കണമെന്ന അത്യാഗ്രഹത്തോടെ കരുക്കൾ നീക്കിയതിലും കുതന്ത്രങ്ങൾ ആവിഷ്കരിച്ചതിലും മുന്നിൽ ബിജെപി — ജെഡിയു പാർട്ടികളുടെ എൻഡിഎ സഖ്യമായിരുന്നു. അവർക്ക് എല്ലാ ഒത്താശകളും ചെയ്ത് കൂട്ടുകക്ഷിയെന്നതുപോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും കൂടെ നിന്നപ്പോൾ ജയം എളുപ്പമായെന്ന് മാത്രം. ക്രമക്കേടുകളും അധികാരവും കുതന്ത്രങ്ങളും കൺകെട്ട് വിദ്യകളും എല്ലാം ചേരുവയായപ്പോൾ എതിരാളികൾ നിഷ്പ്രഭമാകുന്നതാണ് ബിഹാറിൽ കണ്ടത്. നിതീഷ് കുമാർ മുഖ്യമന്ത്രിയായ 19 വർഷത്തിനിടെ ബിജെപിയില്ലാത്ത ഭരണം കുറച്ചുവർഷങ്ങളേ സംസ്ഥാനത്തുണ്ടായിട്ടുള്ളൂ.
എന്നിട്ടും 20-ാം വർഷത്തെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ കണ്ണിൽ പൊടിയിട്ട് കൂടെ നിർത്താനുള്ള കുതന്ത്രം ആവിഷ്കരിച്ചതും അധികാര ദുരുപയോഗം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിസംഗതയും നിശബ്ദതയും അവർക്ക് അതിന് തുണയായി. തെരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതിത്വം മനസിലാകണമെങ്കിൽ പഴയ ചില നാൾവഴികൾ അന്വേഷിച്ചാൽ മതിയാകും. 2020ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത് സെപ്റ്റംബർ അവസാനമായിരുന്നു. നവംബറിലായിരുന്നു ആ തെരഞ്ഞെടുപ്പും. ഇത്തവണ പക്ഷേ ബിജെപി സഖ്യം തോൽക്കുമെന്ന് സംശയമുള്ള ബിഹാറിലെ ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതിനുള്ള സാവകാശം നൽകുന്നതിന് പ്രഖ്യാപനം വച്ചു താമസിപ്പിച്ചു. സെപ്റ്റംബർ 27ന് മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന എന്ന പേരിൽ തുടക്കം കുറിച്ച, സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതിയിൽ, ഗുണഭോക്താക്കൾക്ക് മുഴുവൻ തുക നൽകുന്നതിനുള്ള സമയം ലഭിക്കുന്നതിനുവേണ്ടി പ്രഖ്യാപനം മാറ്റി വയ്ക്കുകയായിരുന്നു. ഒക്ടോബർ ആറിന് പ്രഖ്യാപിച്ച ശേഷവും തുക നൽകുന്നത് തുടർന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്നും നഗ്നമായ ചട്ടലംഘനമാണെന്നും പരാതി ഉയര്‍ന്നപ്പോൾ നേരത്തെ നിലവിലുള്ള പദ്ധതിയെന്ന് പറഞ്ഞ് ന്യായീകരിക്കുവാനും തെരഞ്ഞെടുപ്പ് കമ്മിഷൻ സന്നദ്ധമായി.
അതിതീവ്ര പ്രത്യേക പരിഷ്കരണത്തിലൂടെ ശുദ്ധീകരിച്ചെന്ന് പറഞ്ഞ് സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലൂടെ ദശലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയതും തുണച്ചത് എൻഡിഎയെ തന്നെയാണ്. കാരണം അവർക്കെതിരെ വോട്ട് ചെയ്യാനിടയുള്ള മതന്യൂനപക്ഷ വിഭാഗങ്ങളെയാണ് പരിഷ്കരണത്തിലൂടെ ഉന്മൂലനം ചെയ്തത്. തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ പോലും പ്രതിപക്ഷ കക്ഷികൾക്ക് തിരിച്ചടിയേറ്റുവെന്നതിൽ നിന്ന് ഇക്കാര്യം മനസിലാക്കാവുന്നതാണ്. അന്തിമകണക്കുകളുടെ പരിശോധനയിൽ ഇക്കാര്യം കൂടുതൽ ബോധ്യമാകുകയും ചെയ്യും. സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിയുമ്പോൾ 1.70 ലക്ഷം വോട്ടർമാരുടെ എണ്ണക്കൂടുതലും സംശാസ്പദമാണ്.
ഇതിന്റെയെല്ലാമൊപ്പം പതിവുപോലെ വിദ്വേഷവും വിഭാഗീയതയും നിറഞ്ഞ പ്രചരണങ്ങളും സാമുദായിക ധ്രുവീകരണനീക്കങ്ങളും അവരുടെ വിജയ ഘടകങ്ങളായി. 19 വർഷം മുഖ്യമന്ത്രിയായിരുന്ന നിതീഷിന്റെ ഭരണനേട്ടങ്ങളായിരുന്നില്ല, അതിന് മുമ്പ് സംസ്ഥാനം ഭരിച്ച ലാലു പ്രസാദ് യാദവിന്റെയും 11 വർഷം മുമ്പുവരെ രാജ്യം ഭരിച്ച കോൺഗ്രസിന്റെയും നടപടികളുടെ പേരിലുള്ള വ്യാജങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങളായി ദേശീയ ശ്രദ്ധയിലെത്തിയത് എന്നത് ഇതിനുദാഹരണമാണ്.
ഇതെല്ലാംകൊണ്ട് ഈ എൻഡിഎ വിജയം അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും നിരാശപ്പെടുത്തുന്നത് ഫാസിസം അരിയിട്ടുവാഴ്ച നടത്തുന്ന ഇന്ത്യയെ രക്ഷിക്കുന്നതിന് സുപ്രധാന മുൻകയ്യുണ്ടാകേണ്ടവരിൽ നിന്ന് അതുണ്ടാകുന്നില്ലെന്നതാണ്. സിപിഐ പാർട്ടി കോൺഗ്രസിൽ 2015 മുതൽ മുന്നോട്ടുവച്ച നിലപാടും തന്ത്രവും തന്നെയാണ് രാജ്യത്തിന് ആവശ്യമെന്നാണ് ഈ തെരഞ്ഞെടുപ്പ് വിധിയും തെളിയിക്കുന്നത്. ബിജെപിക്കും സഖ്യകക്ഷികൾക്കുമെതിരായ പോരാട്ടം കേവലം തെരഞ്ഞെടുപ്പ് നീക്കുപോക്കുകളിലൂടെയല്ലെന്നും നിരന്തര പ്രചരണത്തിന്റെയും സമരത്തിന്റെയും ബഹുജനങ്ങളെയാകെ കൂട്ടിയോജിപ്പിക്കുന്നതിന്റെയും അടിസ്ഥാനത്തിലാകണമെന്നുമാണ് സിപിഐയുടെ ഉറച്ച നിലപാട്. ബിഹാറിലാകട്ടെ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിൽ പോലും പൂർണമായും ഐക്യപ്പെടുന്നതിന് ഘടകക്ഷികളുടെ നിലപാട് തടസമായി. അതുകൊണ്ട് പത്തിലധികം മണ്ഡലങ്ങളിൽ പരസ്പരം മത്സരിച്ച് തോൽക്കുന്ന സാഹചര്യമുണ്ടായി.
നിർണായക ഘട്ടങ്ങളിൽ പോലും കോൺഗ്രസ് ഒരു പാർട്ടിയാകുന്നില്ലെന്ന, വെറും സംഘമായി അധഃപതിക്കുന്നുവെന്ന, നേതാക്കളുടെ കൂടെയല്ല അണികളെന്ന ദുര്യോഗവും ബിഹാർ തെരഞ്ഞെടുപ്പ് വിധിയിൽ മുഴച്ചുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കുന്നതിനുള്ള പോരാട്ടം ഫാസിസത്തിനെതിരായി നിലക്കൊള്ളുന്ന എല്ലാവരുടെയും കടമയാണെന്നും അത് താൽക്കാലിക നീക്കുപോക്കല്ലെന്നും സുദൃഢവും നിരന്തരവുമായ ദൗത്യവുമാണെന്നും ബിജെപി വിരുദ്ധ കക്ഷികളെല്ലാം സ്വയം ബോധ്യപ്പെടണമെന്നാണ് ബിഹാർ വിധി എല്ലാവരെയും ഓർമ്മിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.