23 January 2026, Friday

ബിഹാർ തെരഞ്ഞെടുപ്പ് ജനാധിപത്യ നിലനില്പിന് നിർണായകം

നിത്യ ചക്രബർത്തി
July 26, 2025 4:27 am

ഒക്ടോബർ — നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യ നിലനില്പിന് നിർണായകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീട്ടൂരമനുസരിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ആരംഭിച്ച പ്രത്യേകവും തീവ്രവുമായ വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ബിഹാറിലെ ന്യൂനപക്ഷങ്ങളുടെയും ദരിദ്രരുടെയും പേരുകൾ നീക്കം ചെയ്യുന്നതിനാണ് എന്ന് വ്യക്തമായിട്ടുണ്ട്. വിവിധങ്ങളായ രേഖകൾ നൽകിയില്ല എന്നാരോപിച്ചാണ് വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉൾപ്പെടെയുള്ളവർ എസ്ഐആറിനെയും വളരെയധികം സങ്കീർണതകളുള്ള ഈ പ്രക്രിയ അമിതവേഗത്തിലാക്കാനുള്ള ഇസിഐയുടെ ശ്രമത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എസ്ഐആർ, ഇസിഐയുടെ ആശയമല്ല, ബിജെപി ബുദ്ധികേന്ദ്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. നിശ്ചയമായും രാഷ്ട്രീയപ്രേരിതവുമാണ്. സുപ്രീം കോടതിയുടെ കർശന നിരീക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ഇസിഐ, ബിജെപി അജണ്ട നടപ്പിലാക്കാൻ ബദ്ധശ്രദ്ധരാണ്. സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങൾക്ക് ചെവികൊടുക്കാതെ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) എസ്ഐആർ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പരമോന്നത കോടതി തുടർവാദം ജൂലൈ 28ന് കേൾക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപി ഇച്ഛാ പൂർത്തീകരണത്തിന് കണ്ണുംപൂട്ടി ഇറങ്ങിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയവും ഇസിഐയും ബിഹാറിൽ തുടങ്ങിയ പരീക്ഷണം ദേശീയതലത്തിൽ പിന്തുടരുമെന്നറിയിച്ചിട്ടുണ്ട്. തുടർലക്ഷ്യങ്ങളിൽ പ്രധാനം പശ്ചിമബംഗാളും അസമുമാണ്. പുതുച്ചേരിക്ക് പുറമെ പശ്ചിമബംഗാൾ, അസം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ അടുത്ത വർഷം മാർച്ച് — ഏപ്രിൽ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. ഈ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബംഗാളിലും അസമിലും എസ്ഐആറുമായി മുന്നിട്ടിറങ്ങുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കും. കാരണം രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ലക്ഷ്യമിടുന്ന ന്യൂനപക്ഷങ്ങൾ എണ്ണത്തിൽ നിർണായകമാണ്. 

കമ്മിഷന്റെ നിലപാട് വർഗീയ ചേരിതിരിവിന് കളമൊരുക്കിയിട്ടുമുണ്ട്. ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബംഗാളിൽ മുസ്ലിങ്ങളുടെ കാര്യത്തിൽ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ശുഭേന്ദു അധികാരി പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം സമുദായങ്ങളുടെ കൈവശവമുള്ള ആധാർ അടക്കമുള്ള രേഖകൾ ‘വ്യാജ’മാണ് എന്നാണ് ബിജെപി നിലപാട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കണമെന്നാണ് അവരുടെ ആവശ്യം. അസമിലാകട്ടെ സ്ഥിതി കൂടുതൽ ഗുരുതരമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യയുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള “പോരാട്ടം” വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഹിമന്ത. ബിജെപിയുടെ വടക്കുകിഴക്കൻ മേഖലാ കൺവീനറാണ് ശർമ്മ. നിയമപരമായ നടപടികളും കേസുകളും തുടരുന്നുണ്ടെങ്കിലും ന്യൂനപക്ഷ അംഗങ്ങളെ നാടുകടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. ബിജെപിയും സംഘ്പരിവാറും ലക്ഷ്യംവച്ച വിഭാഗങ്ങളിലേറെയും വളരെ ദരിദ്രരാണ്. സ്വാഭാവികമായും സർക്കാർ സംവിധാനത്തിനെതിരെയുള്ള നീക്കത്തിൽ അവർക്ക് നിയമസഹായം ഉറപ്പാക്കാനുള്ള സാധ്യതകളും മാർഗങ്ങളും കുറവാണ്. അസമിലെ ഗ്വാൽപാറയിൽ പോയ ആഴ്ച നടന്ന കുടിയിറക്കലിൽ ന്യൂനപക്ഷ സമുദായത്തിലെ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവിക്ക് ഇത്തരം സംഭവവികാസങ്ങളെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. ബിഹാർ ഒരു തുടക്കമാണ്. ബിഹാറിൽ വിജയിച്ചാൽ, ബംഗാളിലും അസമിലും കൂടുതൽ ആവേശത്തോടെയും പ്രതികാരത്തോടെയും നരേന്ദ്ര മോഡി സർക്കാർ എസ്ഐആർ നടപ്പിലാക്കും. എസ്ഐആർ വിഷയത്തിലും ബിഹാർ തെരഞ്ഞെടുപ്പിലും ഇന്ത്യാസഖ്യം ധാരാളം സമയം ചെലവഴിക്കേണ്ടതുണ്ട്. 28ന് വാദം കേൾക്കുമ്പോൾ സുപ്രീം കോടതി എസ്ഐആർ സ്റ്റേ ചെയ്യുമെന്ന് ഉറപ്പാക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തണം. എസ്ഐആർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുന്ന സാഹചര്യത്തിൽ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ സമയവും അവസരങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വാമൊഴിയായിട്ടല്ല, രേഖമൂലമുള്ള ഉറപ്പാകണം ഇത്. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകും. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ സമ്മതിദായകരും നിതാന്ത ജാഗ്രത പാലിക്കണം. ന്യൂനപക്ഷങ്ങളും ദളിതുകളും അടങ്ങുന്ന സംസ്ഥാനത്തെ യഥാർത്ഥ പൗരന്മാരുടെ പേരുകൾ ഇല്ലാതാക്കാൻ ബിജെപിയും ആർഎസ്എസും നടത്തുന്ന ശ്രമങ്ങളെ അതിന്റെ വേരുകളിൽ തന്നെ ചെറുത്ത് ഇല്ലാതാക്കണം. ഇത് സാധ്യമായാൽ വരും തെരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാഗഡ്ബന്ധന് വിജയിക്കാനാകും. 

അടുത്തിടെ ചേർന്ന ആർഎസ്എസ് സമ്മേളനം ബിഹാർ തെരഞ്ഞെടുപ്പിൽ എല്ലാ ശ്രദ്ധയും നൽകണമെന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് നിരവധി ആർഎസ്എസ് പ്രചാരകർ വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷങ്ങളെ പരമാവധി ഒഴിവാക്കുക എന്നതാണ് സംഘ്പരിവാർ ലക്ഷ്യം. ബിജെപിയെ നേരിടാൻ ഇന്ത്യാസംഖ്യം ചലനാത്മകവും ഊർജസ്വലവുമായ ഒരു സംവിധാനമാകണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഗ്രഹിക്കുന്നുവെങ്കിൽ സഖ്യത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യേണ്ടതുണ്ട്. സ്ഥിരമായ ഒരു സെക്രട്ടേറിയറ്റും ചീഫ് കോ-ഓർഡിനേറ്റര്‍ അല്ലെങ്കില്‍ കൺവീനറും ആവശ്യമാണ്. കോൺഗ്രസ് നേതാക്കൾക്ക് ആവശ്യമില്ലാത്തതുകൊണ്ട് മാത്രം ഒരു വർഷത്തിലേറെയായി, ഇന്ത്യാസഖ്യം യോഗം വിളിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച പെട്ടെന്ന്, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെടുകയും രണ്ട് ദിവസത്തെ നോട്ടീസിൽ ജൂൺ 19ന് യോഗം നിശ്ചയിക്കുയും ചെയ്തു. ബിജെപി നയിക്കുന്ന സർക്കാരിനെ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘടന നടത്തുന്നതിനുള്ള മാർഗമല്ല ഇത്. ഇന്ത്യാസഖ്യത്തിന് നിശ്ചയമായും നിയതമായ പ്രവർത്തന മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. ഇപ്പോൾ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിഹാറിൽ എൻഡിഎയെ പരാജയപ്പെടുത്തുക എന്നതിലായിരിക്കണം. ഇന്ത്യാസംഖ്യത്തിന്റെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാനുള്ള ബിജെപിയുടെ ചൂണ്ടുവിരലിൽ ചലിക്കുന്ന ഇസിഐ നീക്കങ്ങൾക്കെതിരായ നിരന്തരമായ പോരാട്ടവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ പ്രാഥമിക കടമയും ഇതായിരിക്കണം.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.