
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര ഹരജിയിൽ ആവശ്യപ്പെട്ടു.
ബിഹാറിൽ നിന്നും ബംഗാളിൽ നിന്നും നിരവധി പേർ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ടെന്നും, അവരിൽ നിരവധി പേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഇത് ഒഴിവാക്കാനാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നാണ് അവരുടെ വിശദീകരണം. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ബിഹാറിലെ വോട്ടർ പട്ടികയിൽ സമഗ്ര പരിഷ്കരണത്തിന് കമ്മീഷൻ തുടക്കമിട്ടത്. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ എന്ന പേരിൽ 2003ൽ ഭേദഗതി വരുത്തിയ പട്ടികയാണ് പരിഷ്കരിക്കുന്നത്.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, 1987‑ന് മുൻപ് ജനിച്ചവർ ജനന സർട്ടിഫിക്കറ്റ് ഔദ്യോഗിക രേഖയായി നൽകണം. 1987‑ന് ശേഷം ജനിച്ചവർ ജനന സർട്ടിഫിക്കറ്റിന് പുറമെ രക്ഷിതാക്കളുടെ ജനന സർട്ടിഫിക്കറ്റും, അവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെങ്കിൽ പാസ്പോർട്ടിന്റെയോ വിസയുടെയോ പകർപ്പ് കൂടി ഹാജരാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ബിഹാറിലെ സാമൂഹിക സാഹചര്യത്തിൽ താഴേക്കിടയിലുള്ളവർക്ക് ഈ രേഖകളിൽ പലതും അപ്രാപ്യമാണെന്നും, വലിയൊരു വിഭാഗം വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നും ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടുന്നു. വോട്ടർ കാർഡോ ആധാർ കാർഡോ ആയിരുന്നു മുൻപ് ആധികാരിക രേഖയായി പരിഗണിച്ചിരുന്നത്. അതൊന്നും പരിഗണിക്കാതെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിന് പിന്നിൽ പൗരത്വ രജിസ്ട്രി തയ്യാറാക്കാനുള്ള പിൻവാതിൽ നടപടിയാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.