
ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിന് സമാനമായി മാംസവില്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബീഹാറും. ഇവിടെ ബിജെപി-ജെഡിയു സര്‍ക്കാരാണ് ഭരിക്കുന്നത് .ബീഹാറിലുടനീളം തുറന്ന മാംസം വില്പന ഇനി അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ്. അത് കര്‍ശനമായി നടപ്പാക്കും. ഒരു സാഹചര്യത്തിലും തുറന്ന സ്ഥലത്ത് മാംസം വില്ക്കാന്‍ അനുവദിക്കില്ല, കൃത്യമായ സര്‍ക്കാര്‍ ലൈസന്‍സുളളവര്‍ക്ക് മാത്രമേ മാംസം വില്‍ക്കാന്‍ അനുവാദമുള്ളൂ, ഉപമുഖ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിന്‍ഹ മുന്നറിയിപ്പ് നല്‍കി. ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധാനാലയങ്ങള്‍ക്കും സമീപം മാംസം വില്ക്കുന്നത് നേരത്തെ ബീഹാര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം.മാംസം പരസ്യമായി വില്‍ക്കുന്നത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് ഇതിനകം തന്നെ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, ഏതെങ്കിലും കടയ്ക്ക് പുറത്ത് മാംസം പ്രദര്‍ശിപ്പിക്കുന്നതോ തൂക്കിയിടുന്നതോ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
റോഡിലൂടെ നടക്കുന്നവരില്‍ നിന്ന് മാംസം കാണപ്പെടാതിരിക്കാന്‍ കട ഉടമകള്‍ മുന്‍വശത്ത് ഇരുണ്ട ഗ്ലാസ് പാനലുകളോ കട്ടിയുള്ള തൂണിയോ വെച്ച് മറയ്ക്കണമെന്നും ഉത്തരവുണ്ട്.കൂടാതെ ഏതെങ്കിലും മത സ്ഥാപനങ്ങളുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ 50 മുതല്‍ 100 മീറ്റര്‍ വരെ പരിധിയില്‍ ഒരു മാംസക്കടയും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും കൃത്യമായ ലൈസന്‍സുള്ള കടയുടമകള്‍ക്ക് മാത്രമേ മാംസം വില്‍ക്കാന്‍ അനുവാദമുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.