18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 10, 2026

ബിഹാര്‍ എസ്ഐആര്‍; നിര്‍ണായക വിവരങ്ങള്‍ മറച്ചു

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും ആരോപണം
Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2025 8:59 pm

ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആര്‍) 2003ലെ എസ്ഐആറില്‍ നിന്ന് വ്യത്യസ്തമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). പ്രസക്തവും നിര്‍ണായകവുമായ വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുകയും വാസ്തവവിരുദ്ധമായ കണക്ക് നല്‍കിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഡിആര്‍ ആരോപിക്കുന്നു.

2003ലെ എസ്ഐആര്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ പുനരവലോകനം നടത്തിയതെങ്കിലും നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യത്യസ്തമാണ്. അന്നത്തെ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ ലഭ്യമാക്കിയില്ല. 2003ലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കായിരുന്നു (ബിഎല്‍ഒ). എന്നാല്‍ 2025ല്‍ എന്യൂമറേറ്റര്‍ ഫോം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പട്ടികയില്‍ നിന്ന് ഒഴിവാകുന്നതിന്റെ ഉത്തരവാദിത്തം വോട്ടര്‍മാര്‍ക്കായി.

അതുപോലെ ഒരാളുടെ പൗരത്വം നിര്‍ണയിക്കുന്നത് എന്യൂമറേറ്ററുടെ ഉത്തരവാദിത്തമല്ലായിരുന്നു. പരിമിതമായ കേസുകളില്‍ മാത്രമേ പൗരത്വം സംബന്ധിച്ച അന്വേഷണം അനുവദിച്ചിരുന്നുള്ളൂ. 2003ന് ശേഷം പട്ടികയില്‍ ചേര്‍ത്ത ഓരോ വോട്ടറുടെയും പൗരത്വം ഒരു ഇലക്ടറല്‍ രജിസ‍്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പതിവായി പരിശോധിച്ചിട്ടുണ്ട്. അതിനാല്‍ പൗരത്വം സംബന്ധിച്ച് 2003ലെ പുനരവലോകനവും അതിന് മുമ്പുള്ളതോ ശേഷം നടന്നതോ ആയ പതിവ് സംഗ്രഹ പുനരവലോകനങ്ങളും 2025 ജനുവരിയില്‍ പൂര്‍ത്തിയാക്കിയ പ്രത്യേക സംഗ്രഹ പുനരവലോകനവും വ്യത്യസ്തമായിരുന്നില്ല.

2003ന് മുമ്പും ശേഷവുമുള്ള വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ 2025ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ എസ‍്ഐആറില്‍ സൃഷ്ടിച്ച വ്യത്യാസം ഏകപക്ഷീയമാണെന്നും എഡിആര്‍ പറയുന്നു, പഴയ മാര്‍ഗനിര്‍ദേശത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുതുക്കുന്നതിന് ബിഎല്‍ഒമാര്‍ ഓരോ വീടും എങ്ങനെ സന്ദര്‍ശിക്കണമെന്ന് വിശദമാക്കുന്നുണ്ട്. വീട്ട് നമ്പരുകളുടെ പട്ടിക, പ്രാഥമിക പട്ടിക, പ്രദേശത്തിന്റെ മാപ്പ് എന്നിവ ബിഎല്‍ഒമാര്‍ക്ക് നല്‍കും. എന്നാല്‍ ഇത്തവണത്തെ എസ്ഐആറില്‍ വീടുകള്‍തോറുമുള്ള പരിശോധന ഒഴിവാക്കി.

പൗരത്വ നിര്‍ണയം ബിഎല്‍ഒമാരുടെ ജോലിയല്ലെന്ന് 2003ലെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. നേരെ വിപരീതമായ കാര്യമാണ് ഇത്തവണ പറയുന്നത്. നിലവിലെ വോട്ടര്‍ പട്ടികയിലുള്ള ഒരു വോട്ടറെ പൗരത്വപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ എതിര്‍പ്പുന്നയിക്കുന്ന വ്യക്തിയുടെ കയ്യില്‍ വ്യക്തമായ തെളിവുണ്ടായിരിക്കണം എന്നാണ് 22 വര്‍ഷം മുമ്പുള്ള നിര്‍ദേശത്തില്‍ പറയുന്നത്. പാര്‍ലമെന്റ് — നിയമസഭകള്‍ രൂപീകരിച്ച ട്രിബ്യൂണലുകളോ, അധികാരികളോ ഒരാളെ വിദേശിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പൗരത്വത്തെ കുറിച്ചും അത് ഇല്ലാതാക്കുന്നതിനെ പറ്റിയും അന്വേഷണം അനുവദിക്കൂ എന്നും വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ ഭാഗം കേള്‍ക്കുന്നതിനുള്ള അവസരം പൂര്‍ണമായി ഇല്ലാതാക്കിയെന്നും എഡിആര്‍ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.