ആധുനിക കൃഷിരീതികൾ പഠിക്കുന്നതിന് കേരള സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലോടെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് സർക്കാർ അയച്ച സംഘത്തിൽനിന്ന് വിട്ടുപോയതെന്ന് ബിജു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവരോട് കാര്യം അറിയിച്ചാൽ അനുമതി ലഭിക്കില്ലെന്ന് കരുതിയാണ് പറയാതെ പോയത്. പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് വളരെ വേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. പുണ്യസ്ഥലങ്ങളിൽ മലയാളികൾ ഉണ്ടായിരുന്നു. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടേയും തെറ്റായ പ്രചാരണം നടന്ന വിഷമത്തിലാണ് സംഘത്തോടൊപ്പം ചേരാൻ സാധിക്കാതെ വന്നത്. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ തയ്യാറാകാതിരുന്നത്.
സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു പറഞ്ഞു.
സ്വമേധയാതന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജൻസിയും തന്നെ അന്വേഷിച്ചു വന്നില്ല. സഹോദരൻ ടിക്കറ്റ് എടുത്ത് അയച്ചു തന്നു. ആരെയും അറിയിക്കാൻ സാധിച്ചില്ല. കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഒരുപാട് കൃഷിരീതികൾ ഇസ്രായേലിൽനിന്ന് പഠിച്ചുവെന്നും ബിജു വ്യക്തമാക്കി. ബിജു കുര്യൻ പിന്നീട് ഇരിട്ടിയിലെ വീട്ടിലേക്കു പോയി.
കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദർശന വേളയിലാണ് കണ്ണൂർ സ്വദേശിയായ ബിജു കുര്യനെ സംഘത്തിൽ നിന്നും കാണാതായത്. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് ബിജുവില്ലാതെ കർഷകരുടെ സംഘം 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.
English Summary: Biju Kuryan, who missing from Israel, returned; Explanation that he stayed away to visit holy places
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.