ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയക്കുമ്പോൾ വെളിവാകുന്നത് കേന്ദ്രസർക്കാരിന്റെ ഇരട്ട മുഖം.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ശിക്ഷയിളവിൽ ബലാത്സംഗ കുറ്റവാളികളെ മോചിപ്പിക്കില്ലെന്ന് ജൂണിലാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഈ നിലപാട് തകിടം മറിച്ചാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കേ 2002 മാർച്ചിൽ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറ് പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിൽ വിചാരണ ആരംഭിച്ചെങ്കിലും സാക്ഷികളെ ഉപദ്രവിക്കാനിടയുണ്ടെന്നും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കീസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.
2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതിയും സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു.
15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് പഞ്ച്മഹൽ കളക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതി ഗുജറാത്ത് സർക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോധ്ര സബ് ജയിലിൽ നിന്നും തിങ്കളാഴ്ച പ്രതികളെ മോചിപ്പിച്ചത്.
പ്രതികളെ വിട്ടയച്ചെന്ന വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്ന് ബിൽക്കീസ് ബാനുവിന്റ കുടുംബം പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ബിൽക്കീസിന്റെ ഭർത്താവ് യാക്കൂബ് റസൂൽ പറഞ്ഞു.
സംഭവം നടന്ന് 20 വർഷത്തിലേറെയായി താനും ഭാര്യയും മക്കളും സ്ഥിരമായ വിലാസമില്ലാതെ ജീവിക്കുകയാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. അവർ എപ്പോൾ അപേക്ഷ നല്കിയെന്നും സംസ്ഥാന സർക്കാർ ഏത് വിധിയാണ് പരിഗണിച്ചത് എന്നും അറിവില്ല. ഞങ്ങൾക്ക് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ആത്മാവിനായി പ്രാർത്ഥിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.
English summary; Bilkis Bano Case: 11 Men Sentenced to Life Imprisonment Released Under Gujarat Govt’s Remission Policy
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.