23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 15, 2024
November 12, 2024
November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ വിട്ടയച്ചത് ജയിലിലെ നല്ല പെരുമാറ്റംകൊണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2022 11:45 am

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലില്‍ നല്ല പെരുമാറ്റമായിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത സുഭാഷിണി അലി അടക്കമുള്ളവര്‍ വലിഞ്ഞ് കയറി കേസില്‍ ഇടപെടുന്നവര്‍ ആണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ് നല്‍കിയത്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ അല്ല ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ബലാത്സംഗ‑കൊലപാതക കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ ഉത്തരവ് വിവാദമായതിന് പിന്നാലെ ഇതിനെതിരെ ബില്‍ക്കിസ് ബാനു രംഗത്ത് എത്തിയിരുന്നു. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നല്‍കണമെന്ന് അവര്‍ ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ ജയില്‍ മോചിതരായ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു.

വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. എന്നാല്‍ സാക്ഷികളെ ഉപദ്രവിക്കുന്നുവെന്നും, സിബിഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്, 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.എന്നാല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ തന്റെ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

തുടര്‍ന്ന് കുറ്റവാളികളെല്ലാം ഓഗസ്റ്റ് 15ന് ജയിലില്‍ മോചിതരാവുകയായിരുന്നു.ഗുജറാത്ത് സര്‍ക്കാരിന്റെ ഈ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹരജി എത്തിയത്. ഹരജി പരിഗണിച്ച് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.

പ്രതികളെ വിട്ടയച്ചതില്‍ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Summary:
Bilkis Banu gang rape case; The Gujarat gov­ern­ment said that the accused were released because of their good behav­ior in jail

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.